ബാംഗ്ലൂർ: കർണാടകത്തിൽ ബിജെപിയെ തടഞ്ഞു നിർത്തിയ കൂട്ടുകെട്ട് നാളെ അധികാരത്തിലേറുമ്പോൾ അത് പ്രതിക്ഷ ഐക്യനിരയുടെ വേദി കൂടിയാകും. ഈ നിരയോട് വലിയ താൽപ്പര്യം പ്രകടിപ്പിക്കാത്ത സിപിഎം നേതാക്കകൾ പോലും നാളെ സത്യപ്രതിജ്ഞക്കായി ബാംഗ്ലൂരിലെത്തും. കർണാടകയിൽ ജെഡിഎസിനു കോൺഗ്രസ് പിന്തുണ നൽകുന്നതു 2019ൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടാണെന്നു വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ച വ്യക്തമാക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിൽ സത്യപ്രതിജ്ഞയ്ക്കു മുൻപേ പ്രശ്‌നങ്ങൾ പുകയുന്നതിനിടെ, ജെഡിഎസ് നേതാവും കർണാടകയുടെ നിയുക്ത മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. കർണാടകയുടെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

ഗാന്ധി കുടുംബത്തോടുള്ള ആദരവ് അറിയിക്കാനാണ് താൻ എത്തിയതെന്ന് കുമാരസ്വാമി പിന്നീട് മാധ്യമങ്ങളോട് അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇരുവരെയും ക്ഷണിച്ചിട്ടുണ്ട്. അവർ പങ്കെടുക്കുമെന്നും അറിയിച്ചു. എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നു അഭിപ്രായപ്പെട്ട രാഹുൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി കെ.സി. വേണുഗോപാലിനെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. സോണിയയും രാഹുലും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നു കോൺഗ്രസ് പിന്നീടു സ്ഥിരീകരിച്ചു. മന്ത്രിമാരുടെ കാര്യത്തിൽ അടക്കം തീരുമാനം കൈക്കൊള്ളാൻ വേണ്ടിയാണ് കുമാരസ്വാമി സോണിയയെയും രാഹുലിനെയും കണ്ടത്.

ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനുമെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം ഉയർത്തിക്കാട്ടുകയും കൂടിയാണു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ വഴി പ്രതിപക്ഷ നേതാക്കൾ ലക്ഷ്യമിടുന്നത്. സോണിയയും രാഹുൽ എത്തുന്നതിനൊപ്പം സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ബിഎസ്‌പിയുടെ മായാവതിയും തൃണമൂൽ കോൺഗ്രസിന്റെ മമത ബാനർജിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ചന്ദ്രബാബു നായിഡുവും ഡിഎംകെ അധ്യക്ഷൻ സ്റ്റാലിനും ചടങ്ങിനെത്തും.

കർണാടകയിലേതു സ്ഥിരതയുള്ള സർക്കാരായിരിക്കുമെന്നു കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി കുമാരസ്വാമി പറഞ്ഞിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാവിലെ ബിഎസ്‌പി നേതാവ് മായാവതിയുമായുള്ള കൂടിക്കാഴ്ചയിൽ ബിഎസ്‌പിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്തു.

അതേസമയം ജെ.ഡി.എസിനൊപ്പം കൈകോർത്ത് കർണാടകയിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നത് വ്യക്തിപരമായി കയ്‌പേറിയ അനുഭവമാണെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. താൻ പലതവണ ജെ.ഡി.എസുമായി തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയിട്ടുണ്ട്. എച്ച്.ഡി ദേവഗൗഡക്കെതിരെ മത്‌സരിച്ചപ്പോൾ താൻ പരാജയപ്പെട്ടു, എന്നാൽ മകൻ കുമാരസ്വാമിക്കും മരുമകൾക്കുമെതിരെ വിജയിച്ചു. നിരവധി രാഷ്്ട്രീയക്കളികൾ ഇവർക്കെതിരെ നടത്തി. നിരവധി കേസുകളും അഭിമുഖീകരിക്കേണ്ടി വന്നു. എന്നാലും പാർട്ടിയുടെ താത്പര്യത്തിന് വേണ്ടി ജെ.ഡി.എസിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുകയാണ്. ഇത് രാഹുൽ ഗാന്ധിയുടെ തീരുമാനമാണ്. അതുകൊണ്ടാണ് തങ്ങളും ഈ നിലപാട് സ്വീകരിച്ചത്. അതിനാൽ എല്ലാ കയ്പും താൻ വിഴുങ്ങുകയാണ്. അത് തന്റെ കടമയാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

കേവല ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബി.എസ്.യെദിയൂരപ്പ രാജിവെച്ചതോടെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ കുമാരസ്വാമിയെ വിളിച്ചത്. 38 സീറ്റുകൾ നേടിയ കുമാരസ്വാമിയുടെ ജെ.ഡി.എസ് 78 സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിക്കുന്നത്. ബുധനാഴ്ച മുഖ്യമന്ത്രിയായ കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രമായ ഡി.കെ ശിവകുമാർ മനസു തുറന്നത്.

സഖ്യം അഞ്ചുവർഷം പൂർത്തിയാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് കാലം മറുപടി പറയുമെന്നാണ് ശിവകുമാർ പ്രതികരിച്ചത്. ഈ ചോദ്യത്തിന് താനിപ്പോൾ ഉത്തരം നൽകുന്നില്ല. കാലം മറുപടി നൽകും. തങ്ങൾക്ക് മറ്റു പല വിഷയങ്ങളും വഴികളുമുണ്ട്. ഇപ്പോൾ അതിനെ കുറിച്ച് പറയുന്നില്ലെന്നും ഡി.കെ പറഞ്ഞു.