ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി പി.പി. മാധവനെതിരെ ഡൽഹി പൊലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. മലയാളിയായ മാധവൻ സോണിയയുടെ അതിവിശ്വസ്തനാണ്. ഗാന്ധി കുടുംബവുമായി ഏറെ അടുത്തു നിൽക്കുന്ന വ്യക്തിയും. കേസിനോട് കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

26-കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാൽ കടുത്ത അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഉത്തം നഗർ പൊലീസ് സ്റ്റേഷനിൽ ജൂൺ 25-നാണ് പരാതി ലഭിച്ചത്.

ഐപിസി സെക്ഷനുകൾ 376, 506 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണർ എം. ഹർഷവർധൻ അറിയിച്ചു. മാധവന്റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മുതിർന്ന രാഷ്ട്രീയനേതാവിന്റെ പേഴ്‌സണൽ സെക്രട്ടറിയാണെന്നും 71 കാരനാണെന്നുമുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മിഷണർ നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഡൽഹിയിൽ താമസിച്ചു വരുന്ന യുവതിയുടെ ഭർത്താവ് കോൺഗ്രസ് പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു എന്നാണ് വിവരം. 2020 ൽ അദ്ദേഹം മരിച്ചു. ആ ബന്ധമാവാം യുവതിയെ മാധവനുമായി പരിചയപ്പെടാൻ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഡൽഹി പൊലീസ്. അതുകൊണ്ട് തന്നെ ഈ കേസിനോട് കോൺഗ്രസ് എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. തേസമയം, വ്യാജപരാതിയിലാണ് തനിക്കെതിരെ കേസെടുത്തതെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പിപി മാധവൻ പറഞ്ഞു.

സോണിയാ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി അന്വേഷണങ്ങൾ നടക്കുകയാണ്. അതിനിടെയാണ് രണ്ടു പേരുടേയും വിശ്വസ്തനായ മാധവനെതിരായ നീക്കം. പരാതി നൽകിയ ദളിത് യുവതിയുടെ ഭർത്താവ് കോൺഗ്രസ് ഓഫീസിൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. 2020 ൽ യുവതിയുടെ ഭർത്താവ് മരണപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷയുടെ പേഴ്സണൽ സെക്രട്ടറി പിപി മാധവൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തത് എന്നാണ് കേസ്.

പരാതിയെ തുടർന്ന് ഇന്നലെ ജൂൺ 26 നാണ് ഡൽഹിയിലെ ഉത്തം നഗർ പൊലീസ് സ്റ്റേഷനിൽ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഡൽഹി ഡിഡിയു ആശുപത്രിയിൽ യുവതിയെ എത്തിച്ച് പൊലീസ് വൈദ്യസഹായം നൽകി. യുവതിയുടെ പരാതിയനുസരിച്ച് 2022 ഫെബ്രുവരിയിലാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. കേസിൽ മാധവനെ പൊലീസ് അറസ്റ്റു ചെയ്‌തേയ്ക്കും. മുൻകൂർ ജാമ്യം തേടാനാണ് മാധവന്റെ തീരുമാനം.