ന്യൂഡൽഹി: ബിജെപിയെ തോൽപിക്കുന്നതിന് ഒത്തൊരുമിക്കാൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സമാനചിന്താഗതിയുള്ള രാഷ്ട്രീയ കക്ഷികളോട് ആഹ്വാനം ചെയ്തു. അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരം പാർട്ടികളുമായുള്ള ആശയവിനിമയത്തിന്, കോൺഗ്രസ് അധ്യക്ഷനും സഹപ്രവർത്തകർക്കുമൊപ്പം താനും മുൻകയ്യെടുക്കും. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സഹിഷ്ണുതയുടെയും വഴിയിലേക്കു രാജ്യത്തെ തിരികെയെത്തിക്കേണ്ടതുണ്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അവർ പറഞ്ഞു.

യുപിഎ സഖ്യ രൂപീകരണത്തിനു മുൻപ്, 2003ലെ ഷിംല സമ്മേളനത്തിൽ മതനിരപേക്ഷ കക്ഷികളോട് സോണിയ ഇതേ ആഹ്വാനം നടത്തിയിരുന്നു. ദ്രാവിഡ കക്ഷിയായ ഡിഎംകെയാണ് അന്ന് ആദ്യം പിന്തുണയുമായെത്തിയത്. സോണിയയുടെ ആഹ്വാനത്തിനു പിന്നാലെ, ലോക്‌സഭയിൽ കോൺഗ്രസും ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും കൈകോർത്തതും ശ്രദ്ധേയമായി. 'മാക്‌സിമം പബ്ലിസിറ്റി, മിനിമം സർക്കാർ' എന്നതാണ് എൻഡിഎയുടെ സവിശേഷതയെന്നു സോണിയ പറഞ്ഞു.

'മാക്‌സിമം വിപണനവും മിനിമം നിർവഹണ'വുമാണ് അവരുടേത്. യുപിഎ സർക്കാരിന്റെ പദ്ധതികൾ ആകർഷകമായ പേരുകൾക്കു കീഴിൽ മായാജാലക്കാരനെപ്പോലെ അവതരിപ്പിക്കുന്ന സർക്കാരാണിത്. ബജറ്റ് വകയിരുത്തലില്ലാത്ത ആരോഗ്യ പദ്ധതി കൊണ്ടുവന്നിരിക്കുന്നതു കണ്ണിൽപൊടിയിടാനാണ്. ദലിതരും ന്യൂനപക്ഷങ്ങളും ഭീഷണി നേരിടുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. ബഹുസ്വരത ഇല്ലാതാവുന്നു.

ജനാധിപത്യം ഭീഷണി നേരിടുന്നു. ഗ്രാമീണ സമ്പദ്വ്യവസ്ഥയും ഇടത്തരം വ്യവസായങ്ങളും അപകടത്തിലാണ്. യാഥാർഥ്യത്തിൽ നിന്നകന്നു വ്യാജപ്രചാരണങ്ങളുടെ തണലിൽ കഴിയുകയാണു സർക്കാർ. അടുത്ത കാലത്തു നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പുകളും മാറ്റത്തിന്റെ കാറ്റിനെക്കുറിച്ചാണു പറയുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലവും കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യം വഹിക്കും സോണിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പുതിയ കോൺഗ്രസ് അധ്യക്ഷൻ എന്റെയും മേലധികാരി. എന്നോടൊപ്പം പ്രവർത്തിച്ചപ്പോൾ കാട്ടിയ അർപ്പണബോധത്തോടെയും വിശ്വസ്തതയോടെയും ഉത്സാഹത്തോടെയും അദ്ദേഹത്തോടൊപ്പവും പ്രവർത്തിക്കുക എന്നും സോണിയ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു.