ചണ്ഡീഗഢ്: ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ചണ്ഡീഗഢിൽനിന്ന് 170 കിലോമീറ്റർ അകലെയുള്ള മോഗയിൽനിന്നാണ് മാളവിക ജനവിധി തേടുകയെന്നാണ് വിവരം.

സോനു സൂദ് തന്നെയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ, ഏത് പാർട്ടി സ്ഥാനാർത്ഥിയായാണ് മാളവിക മത്സരിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

അടുത്ത കൊല്ലം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ഏത് പാർട്ടി സ്ഥാനാർത്ഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഈയടുത്ത്് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. വാക്‌സിനേഷൻ അംബാസിഡറായി പ്രഖ്യാപിക്കാൻ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങും സോനുവിനെ ചണ്ഡീഗഢിലേക്ക് വിളിപ്പിച്ചിരുന്നു.

ഈ സമയത്ത് സഹോദരി മാളവികയെ അമരീന്ദറിന് പരിചയപ്പെടുത്തി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മാളവിക രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങളും പരന്നത്.

നേരത്തേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച പദ്ധതിയിൽ ബ്രാൻഡ് അംബാസിഡറായി സോനുവിനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായായിരുന്നു ഇത്.

ഇതിനു ശേഷം സോനു എ.എ.പിയിൽ ചേരുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വാർത്തകൾ വന്നു. എന്നാൽ, ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളുണ്ടായിരുന്നില്ലെന്നായിരുന്നു സോനുവിന്റെ പ്രതികരണം.