മുംബൈ: പത്തുവയസുകാരന് 18-കാരിയോട് തോന്നുന്ന പ്രണയത്തിന്റെ കഥ പറയുന്ന സീരിയൽ വിവാദമാകുന്നു. സോണി ചാനലിൽ ജൂലൈ 17- ന് ആരംഭിച്ച 'പെഹരേദാർ പിയാ കി' എന്ന സീരിയലാണ് പ്രമേയത്തിൽ വൈവിധ്യം കൊണ്ടു വരാൻ നോക്കി പുലിവാല് പിടിച്ചത്.

ടെലിവിഷൻ താരം സുയ്യാഷ് റായി ഉൾപ്പെടെയുള്ള പ്രമുഖർ അഭിനയിക്കുന്ന ഈ സീരിയൽ, ആദ്യ രണ്ട് ഭാഗങ്ങൾ സംപ്രേഷണം ചെയ്തപ്പോഴേയ്ക്കും പ്രേക്ഷകരുടെ എതിർപ്പിന് കാരണമായി.ബാലൻ നായികയോട് അശ്ലീലതമാശകൾ പറയുന്നതും നെറ്റിയിൽ സിന്ദൂരം തൊടുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. സംസ്‌കാരത്തിന് നിരക്കാത്തതെന്ന പ്രതികരണവുമായി, ടെലിവിഷൻ അഭിനേതാവ് കരൺ വാഹി ഉൾപ്പെടെയുള്ള പ്രമുഖരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.

എന്നാൽ സീരിയലിന്റെ ആശയത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് 18-കാരിയുടെ വേഷം ചെയ്യുന്ന തേജസ്വി പ്രകാശ് പ്രതികരിച്ചു. ഇതേ വിമർശകർ സീരിയൽ പൂർണമായും കണ്ട ശേഷം എന്തുപറയുമെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അഫാൻ ഖാനാണ് സീരിയലിൽ രതൻ സിങ് എന്ന ബാലന്റെ വേഷം ചെയ്യുന്നത്.