തിരുവനന്തപുരം: മാധ്യമപ്രവർത്തകനായിരുന്ന പിതാവിന്റെ സ്തുപം തകർത്തതിൽ പ്രതികരണവുമായി മകന്റെ കുറിപ്പ്.കെ പി സി സി സെക്രട്ടറി സുരജ് രവിയുടെ പിതാവും മാധ്യമപ്രവർത്തകനുമായിരുന്ന തോപ്പിൽ രവിയുടെ സ്തുപമാണ് തകർക്കപ്പെട്ടത്.എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നും ഇവരെ നിലക്കുനിർത്താൻ സിപിഎം തയ്യാറാകണമെന്നും സുരജ് രവി പ്രതികരിച്ചു. ഫേസ്‌കുറിപ്പിലുടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.

എസ്എഫ്‌ഐ സമ്മേളനത്തിന്റെ ബാക്കിപത്രമാണ് സ്തൂപം തകർത്തതും ബൈജുവിന്റെ വീടിന് നേരെയുള്ള അക്രമണവും എന്ന കാര്യത്തിൽ സംശയമില്ല.ജില്ലയിലുടനീളം ആക്രമണം അഴിച്ചുവിടുന്ന എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ ഗുണ്ടകളെ നിലയ്ക്കുനിർത്താൻ സിപിഎം നേതൃത്വം തയ്യാറായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നുള്ള കാര്യം ഓർമിപ്പിക്കുന്നുവെന്നം അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണ്ണരൂപം

അച്ഛന്റെ ചരമവാർഷികദിനം ആയിരുന്ന ഈ കഴിഞ്ഞ എട്ടാം തീയതി കൊല്ലം അഞ്ചാലുംമൂട് കുപ്പണയിലുള്ള അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ തൃക്കടവൂർ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷമുള്ള ചിത്രമാണിത്. ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ഇതിന്റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന തൃക്കടവൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ബൈജു മോഹൻ ഈ സ്മാരക സ്തൂപം രണ്ട് ബൈക്കുകളിലെത്തിയ അക്രമിസംഘം പൂർണ്ണമായും തകർത്ത വിവരം എന്നെ അറിയിക്കുകയുണ്ടായി. ആ ഫോൺ കാൾ സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ബൈജുവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി.

ജനൽ ചില്ലുകൾ മുഴുവൻ എറിഞ്ഞു തകർത്തു. ഏതാനും മാസങ്ങൾക്കു മുമ്പാണ് സമാനരീതിയിൽ നടന്ന ആക്രമണത്തിൽ ഭാഗികമായി തകർന്ന ഈ സ്മാരക സ്തൂപം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കി പണിഞ്ഞത്. ഇന്നലെ പരിസരത്ത് നടന്ന എസ്എഫ്‌ഐ സമ്മേളനത്തിന്റെ ബാക്കിപത്രമാണ് സ്തൂപം തകർത്തതും ബൈജുവിന്റെ വീടിന് നേരെയുള്ള അക്രമണവും എന്ന കാര്യത്തിൽ സംശയമില്ല.ജില്ലയിലുടനീളം ആക്രമണം അഴിച്ചുവിടുന്ന എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ ഗുണ്ടകളെ നിലയ്ക്കുനിർത്താൻ സിപിഎം നേതൃത്വം തയ്യാറായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നുള്ള കാര്യം ഓർമിപ്പിക്കുന്നു.