- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്കാറിനായി മാറ്റുരയ്ക്കാൻ സൂര്യയുടെ സൂരറൈ പോട്ര്; ഇടംനേടിയത് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുത്ത 366 ചിത്രങ്ങളിലൊന്നായി
ചെന്നൈ: സുധ കൊങ്കര സംവിധാനം ചെയ്‌ത സൂര്യ ചിത്രം സൂരറൈ പോട്ര് ഓസ്‌കാർ പുരസ്‌കാരത്തിന് യോഗ്യത നേടി. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സുരറൈ പോട്രും ഇടംപിടിച്ചിരിക്കുന്നത്. ജനറൽ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാവായ രാജശേഖർ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്.
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറിൽ മത്സരിക്കുന്ന വിവരം അണിയറ പ്രവർത്തകർ നേരത്തേ പുറത്ത് വിട്ടിരുന്നു. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്‌കോർ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്.
കോവിഡ് പ്രതിസന്ധി ഉള്ളതിനാൽ മത്സര ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങൾക്കായി ലോസ് ഏഞ്ജലീസിൽ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ എല്ലാം വിർച്വൽ ആണ്. ഓൺലൈനായാണ് ജൂറി അംഗങ്ങൾ സിനിമ കണ്ടത്. അടുത്ത ഘട്ടത്തിൽ ഈ മാസം 28 മുതൽ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കണം. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15-ന് ഈ വർഷത്തെ നോമിനേഷനുകൾ പ്രഖ്യാപിക്കും.
ആമസോൺ പ്രൈമിലൂടെയാണ് 'സൂരറൈ പോട്ര്' റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. എയർ ഡെക്കാൻ വിമാന കമ്പനി സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു 'സൂരറൈ പോട്ര്'.ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന വിമാന സർവീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അപർണ ബാലമുരളി, ഉർവ്വശി, പരേഷ് റാവൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ