പോത്തൻകോട്: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി സൂര്യനെല്ലി മോഡൽ പീഡനം. കേസിൽ പത്തുദിവസം ബന്ദിയാക്കി പീഡിപ്പിച്ച കേസിൽ ഒരു സ്ത്രീയടക്കം 11 പേരെ പൊലീസ് പിടികൂടി.

പ്രണയം നടിച്ചു തന്നെ പരവൂർ സ്വദേശി പരവൂരിലുള്ള കൂട്ടുകാരന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണു പെൺകുട്ടി പൊലീസിനോടു വെളിപ്പെടുത്തിയത്. അവിടെ വച്ച് ഇരുവരും ചേർന്നു പീഡിപ്പിച്ചു. തുടർന്ന് ആറ്റിങ്ങലിൽ എത്തിച്ച് ഓട്ടോഡ്രൈവർക്ക് കൈമാറി. അയാൾ ഇടനിലക്കാരനായിരുന്നു. പിന്നീടായിരുന്നു പലർക്കായി കാഴ്ച വച്ചത്. കേസിൽ 16 പ്രതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. 11 ദിവസത്തോളം കന്യാകുമാരിയിലും നാഗർകോവിലിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മാറിമാറി താമസിപ്പിച്ചു പെൺകുട്ടിയെ പലർക്കും കാഴ്ചവയ്ക്കുകയായിരുന്നു. ഓൺലൈൻ സംവിധാനം മുഖേനയാണ് ആവശ്യക്കാർക്കു പെൺകുട്ടികളെ എത്തിച്ചിരുന്നത്.

ആലപ്പുഴ തുമ്പോളി മംഗലത്ത് പടിഞ്ഞാറ് അരയച്ചേരി വീട്ടിൽ പ്രിയ എന്നും ബെറ്റി എന്നും വിളിക്കുന്ന ഫിലോമിന(38), കൊല്ലം ചവറ തെക്കുംഭാഗം കോയിവിള പാവുമ്പ ജാൻസി ഭവനിൽ സുനിൽ എന്നു വിളിക്കുന്ന സുനിൽ ജോൺ(38), കാട്ടായിക്കോണം മരുപ്പൻകോട് വാഴവിള തിരുവാതിരയിൽ പ്രവീൺ(34), പുല്ലമ്പാറ മാണിക്കൽ പാലാംകോണം വടയടിക്കോണം ഈന്തിവിളവീട്ടിൽ കണ്ണപ്പൻ എന്നു വിളിക്കുന്ന അനൂപ് കൃഷ്ണൻ(26), മാണിക്കൽ മുസ്‌ലിം പള്ളിക്കു സമീപം തടത്തരികത്തു വീട്ടിൽ അനീബ് റാഫി(24), പള്ളിപ്പുറം കണിയാപുരം റെയിൽവേ ഗേറ്റിനു സമീപം ചാലിൽലക്ഷംവീട്ടിൽ അബു(34), കാട്ടായിക്കോണം ചന്തവിള അനശ്വര റസിഡൻസി ഷമി മൻസിലിൽ ഷക്കീർ(34), കാട്ടായിക്കോണം ആലുവിള വീട്ടിൽ പ്രമോദ്(47), നേതാജിപുരം പാൽ സൊസൈറ്റിക്കു സമീപം ഷിഫിൻ മൻസിലിൽ ഷെരീഫ്(37), പേട്ട പഴയ എയർപോർട്ടിനു സമീപം ശ്രീചിത്തിര നഗർ എഫ് 188, ടിസി 34/1162 സൗപർണികയിൽ നിന്നു പാങ്ങപ്പാറ പേരൂർ റിവുലറ്റിയിൽ താമസിക്കുന്ന രതീഷ്‌കുമാർ(34), ചേങ്കോട്ടുകോണം തുണ്ടത്തിൽ സ്‌കൂളിനു സമീപം തുണ്ടത്തിൽ വീട്ടിൽ അജു എന്നു വിളിക്കുന്ന അജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഓട്ടോഡ്രൈവറാണു പ്രിയയും സുനിലും താമസിക്കുന്ന വെട്ടുറോഡിലെ വീട്ടിൽ എത്തിക്കുന്നത്. ഇവിടെ വച്ച് ഇടനിലക്കാരനും സുനിലും പെൺകുട്ടിയെ പീഡിപ്പിച്ചു. അതിനുശേഷം കന്യകുമാരിയിൽ കൊണ്ടുപോയി ഒരു മെഡിക്കൽ റപ്രസന്റേറ്റീവിനു കാഴ്ചവച്ചു. തിരികെയെത്തിയ ശേഷം ഒരു ഫ്‌ലാറ്റിൽ 10 മുതൽ 13 വരെ പ്രതികളും വീണ്ടും സുനിലിന്റെ വീട്ടിൽ എത്തിച്ച് ഏഴും ഒൻപതും പ്രതികളും പീഡിപ്പിച്ചു. കാര്യവട്ടത്തുള്ള ഫ്‌ലാറ്റിൽ വച്ചാണു 14-ാം പ്രതിക്കു കൈമാറുന്നത്. പെൺകുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചതു പതിനഞ്ചാം പ്രതിയുടെ വീട്ടിലാണ്. ഇവരിൽ നിന്നു രക്ഷപ്പെട്ടാണു കഴിഞ്ഞദിവസം വീട്ടിലെത്തുന്നത്. പത്തുദിവസത്തോളം പെൺകുട്ടി വാണിഭസംഘത്തിന്റെ തടവിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.