ജിദ്ദ: സൗദി അറേബ്യയും മലബാറും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഉള്ളത്. മലബാറിൽ നിന്നുള്ള ലക്ഷ കണക്കിന് പേർ ഇവിടെ ജോലി ചെയ്യുന്നു. എന്നാൽ, ഇവിടുത്തെ പ്രവാസികളുടെ പ്രധാന പ്രശ്‌നം യാത്രാക്ലേശം തന്നെയാണ്. നാട്ടിലെത്താൻ സൗദി നഗരങ്ങളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് നേരിട്ട് ഫ്‌ളൈറ്റുകൾ കുറവായിരുന്നു എന്നതായിരുന്നു പ്രധാനം. ഇത് കാരണം ദുബായിലും ദോഹയിലും എത്തി നാട്ടിലേക്ക് പോന്നിരുന്ന പ്രവാസികളായിരുന്നു നിരവധി. എന്നാൽ, ഇനി മുതൽ പ്രവാസികൾക്ക് പ്രതീക്ഷളാണ്. ഇനി നാട്ടിലേക്ക് ഞൊടിയിടയിൽ എത്താനുള്ള്ള അവസരമാണ് ഒരുങ്ങുന്നത്. സൗദിയിലെ മൂന്ന് നഗരങ്ങളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നും എന്നതാണ് പ്രവാസികൾക്ക് സഹായകമാകുന്നത്.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്നും കരിപ്പൂരിലേക്ക് സർവ്വീസ് തുടങ്ങാനാണ് സൗദി എയർലൈൻസ് ശ്രമം ആരംഭിച്ചിരിക്കുന്നത്. 190 പേർക്ക് യാത്രാസൗകര്യമുള്ള എ 320 വിമാനം ഉപയോഗിച്ചുള്ള സർവ്വീസിനാണ് ശ്രമം ആരംഭിച്ചതെന്നാണ് വിവരം. റിയാദ് കരിപ്പൂർ,ദമാം കരിപ്പൂർ സർവ്വീസുകൾക്കാണ് ചെറിയ വിമാനങ്ങൾ ഉപയോഗിക്കുക. വിമാന നിരക്കിലും കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

കരിപ്പൂർ വിമാനത്താവളത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സൗദി എയർലൈൻസിന്റ 772 കാറ്റഗറിയിലുള്ള വലിയ വിമാനം കോഴിക്കോട് സെക്ടറിലേക്ക് നിർത്തി വച്ചിരിക്കുകയാണ്. 286 യാത്രക്കാർക്ക് സൗകര്യമുള്ള ഇടത്തരം വിമാനം കരിപ്പൂരിലേക്ക് സർവ്വീസ് നടത്താൻ നേരത്തെ ശ്രമം നടത്തിയിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇരുനൂറിൽ താഴെ സീറ്റുകളുള്ള ചെറിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ കൂടുതൽ യാത്രക്കാരുള്ള കരിപ്പൂരിലേക്ക് ലാഭകരമായി ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്താൻ കഴിയും. അതുകൊണ്ടാണ് 190 യാത്രക്കാരുമായി പറന്നുയരാവുന്ന വിമാനം ഉപയോഗിക്കുന്നത്.

എയർ ഇന്ത്യയുടെ സൗദി,മുംബൈ സെക്ടറുകളിലെ യാത്രക്കാർക്ക് അടുത്ത മാസം ഒന്നുമുതൽ മുംബൈയിൽ നന്ന് കരിപ്പൂരിലേക്ക് കണക്ഷൻ ഫ്‌ളൈറ്റ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സൗദി എയർലൈൻസിന്റെ പുതിയ നീക്കം.

ഇതിനിടെ കരിപ്പൂരിലേക്ക് നേരിട്ട് സർവ്വീസ് നടത്താനുള്ള സൗദി എയർലെൻസിന്റെ ശ്രമം അറിഞ്ഞതോടെ എയർ ഇന്ത്യ ജിദ്ദ, റിയാദ്,ദമാം എന്നിവിടങ്ങളിൽ നിന്ന് മുംബൈയിലേക്ക് സർവ്വീസ് നടത്തിയിരുന്ന വിമാനങ്ങൾക്ക് നവംബർ ഒന്ന് മുതൽ കരിപ്പുരിലേക്ക് കണക്ഷൻ ഫ്‌ളൈറ്റ് ഏർപ്പെടുത്തി മത്സരവുമായി രംഗത്തെത്തിയിട്ടുണ്ട്.

കരിപ്പൂരിലെ അറ്റകുറ്റപ്പണം ആരംഭിച്ചതോടെ പ്രവാസികൾക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവ്വീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എയർ ഇന്ത്യയുടെ കോഴിക്കോട് -ജിദ്ദ, കോഴിക്കോട് -റിയാദ്, സൗദി എയർ ലൈൻസിന്റെ കോഴിക്കോട്‌റിയാദ-്ജിദ്ദ, എമിറേറ്റ്‌സിന്റെ കോഴിക്കോട് - ദുബൈ സെക്ടറുകളിലേക്കുള്ള സർവ്വീസുകളാണ് നിർത്തിയിരുന്നത്. ഇതിന് പകരമായാണ് താരതമ്യേന ചെറിയ വിമാനങ്ങളുമായി വിമാനക്കമ്പനികൾ രംഗത്തെത്തിയത്.

അരലക്ഷത്തിലധികം യാത്രക്കാരാണ് പ്രതിമാസം കരിപ്പൂരിൽ നിന്നും സൗദിയിലേക്ക് പോകുന്നത്. ആഴ്‌ച്ചയിൽ 52 സർവ്വീസുകളാണ് ഈ വിമാനങ്ങൾ നടത്തിയിരുന്നത്. ഈ വിമാനങ്ങൾ നിർത്തിയതോടെ പ്രവാസികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തെയായിരുന്നു ആശ്രയിച്ചിരുന്നത്.