റിയാദ്: ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തിയ ജമാൽ ഖഷോഗിയെന്ന പത്രപ്രവർത്തകൻ പിന്നീട് തിരിച്ചുവരാതിരുന്നതിന്റെ കാരണമെന്താണ്. ഖഷോഗി ചർച്ചയ്ക്കുശേഷം മടങ്ങിയെന്ന് സൗദി ആവർത്തിക്കുമ്പോഴും, രാജകുടുംബത്തിന്റെ ആജ്ഞയനുസരിച്ചെത്തിയ കൊലയാളിസംഘം ഖഷോഗിയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയെന്ന് ലോകം വിശ്വസിക്കുന്നു. ഒരുഘട്ടത്തിൽ രാജകുടുംബത്തിന്റെ ഇഷ്ടക്കാരനായിരുന്ന ഖഷോഗി എങ്ങനെ കൊല്ലപ്പെടേണ്ടവരുടെ പട്ടികയിലെത്തിയെന്ന് വിശദീകരിക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ജോൺ ആർ ബ്രാഡ്‌ലി.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ രഹസ്യം അറിയാമായിരുന്ന ചുരുക്കം ചിലരിലൊരാളായിരുന്നു ഖഷോഗിയെന്ന് ബ്രാഡ്‌ലി പറയുന്നു. ഉമാസ ബിൻ ലാദന്റ അൽ ഖ്വയ്ദയുമായി സൗദി ഭരണകൂടത്തിനുള്ള ബന്ധം അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. രാജകുടുംബത്തിന്റെ, പ്രത്യേകിച്ച് ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നയങ്ങളിൽ പലതിനോടും അദ്ദേഹത്തിന് വിയോജിപ്പുകളുണ്ടായിരുന്നു. മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായതിന് പിന്നാലെ ഖഷോഗി അമേരിക്കയിലേക്ക് കടക്കാനുള്ള കാരണവും അതുതന്നെയായിരുന്നു.

നാട്ടിൽ തിരിച്ചെത്തിയാൽ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം ഖഷോഗിക്കുണ്ടായിരുന്നുവെന്ന് ബ്രാഡ്‌ലി പറയുന്നു. 2017 മുതൽ അമേരിക്കയിൽ രാഷ്ട്രീയാഭയം തേടാനുള്ള കാരണവും അതുതന്നെയെന്ന് സൗദി ദിനപ്പത്രമായ അറബ് ന്യൂസിൽ ഖഷോഗിക്കൊപ്പം ജോലി ചെയ്ത ്ബ്രാഡ്‌ലി വിശദമാക്കുന്നു. സൗദി രാജകുടുംബത്തിന്റെ രഹസ്യങ്ങളറിയുന്നയാളിൽനിന്ന് അനഭിമതനായി മറ്റൊരു രാജ്യത്ത് രാഷ്ട്രീയാഭയം തേടുന്ന നിലയിലേക്ക് ഖഷോഗി മാറിയതെന്തുകൊണ്ടെന്നും ബ്രാഡ്‌ലി വ്യക്തമാക്കുന്നു.

1980-കളിലും 90-കളിലും അഫ്ഗാനിസ്ഥാനിലും സുഡാനിലുംവെച്ച് ഉസാമ ബിൻ ലാദന്റെ ഉറ്റസുഹൃതത്തായിരുന്നു ഖഷോഗിയെന്ന് ബ്രാഡ്‌ലി പറയുന്നു. ബിൻ ലാദനെ സൗദി രാജകുടുംബവുമായി അടുപ്പിക്കാൻ സൗദിയുടെ രഹസ്യാന്വേഷണ ഏജൻസി നിയോഗിച്ചിരുന്നത് ഖഷോഗിയെയായിരുന്നു. രാജകുടുംബത്തിനും ബിൻ ലാദനുമായുള്ള ബന്ധം അറിയാമായിരുന്ന കൊട്ടാരത്തിന് പുറത്തുള്ള ഏകവ്യക്തിയായിരുന്നു ഖഷോഗി. മുഹമ്മദ് ബിൻ സൽമാൻ കൊട്ടാരത്തിൽ ശക്തിപ്രാപിച്ചതോടെ ഖഷോഗിക്ക് അവിടെയുണ്ടായിരുന്ന സ്ഥാനം പതുക്കെ ഇല്ലാതായി. വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളിലെഴുതിയിരുന്ന ഖഷോഗി അമേരിക്കയിലേക്ക് കടക്കുമെന്നും രാജകൊട്ടാരം ഭയന്നിരുന്നുവെന്ന് ബ്രാഡ്‌ലി പറയുന്നു.

കഴിഞ്ഞവർഷം അമേരിക്കയിലെത്തിയ ഖഷോഗി ഇക്കൊല്ലമാദ്യം ഡമോക്രസി ഫോർ ദ് അറബ് വേൾഡ് എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടിക്കും രൂപം നൽകിയിരുന്നു. അടുത്തിടെ ദേശീയ ഉപദേഷ്ടാവ് പദവി നൽകാമെന്ന വാഗ്ദാനം മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ടുവെച്ചെങ്കിലും അത് ഖഷോഗി നിരസിച്ചു. ഇതും സൗദിയുടെ ശത്രുതവർധിക്കാൻ കാരണമായെന്ന് ബ്രാഡ്‌ലി പറയുന്നു.