റിയാദ്: സൗദി ഇപ്പോൾ പുകയുകയാണ്. പല പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദി നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിൽ മറ്റൊരു വാർത്തായാണ് സൗദിയെ ഞെട്ടിച്ചത്. സൗദിയിലെ അസിർ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണറും 2015ൽ സൗദി കിരീടാവകാശിയുമായിരുന്ന മുർഖിൻ ബിൻ അബ്ദുൽ അസിസീന്റെ മകനുമായ മൻസൗർ ബിൻ മുർഖിൻ ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതാണ് സൗദിയെ ഞെട്ടിച്ചത്.

ഹൂതി വിമതരുമായി സംഘർഷം നിലനിൽക്കുന്ന സൗദി-യെമൻ ദക്ഷിണ അതിർത്തി പ്രദേശത്ത് കൂടി സഞ്ചരിക്കുന്‌പോഴായിരുന്നു അപകടം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടമുണ്ടായത്. ഉദ്യോഗസ്ഥർക്കൊപ്പം സംഘർഷ പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സൗദി ഔദ്യോഗിക വാർത്താ ചാനലായ അൽ-ഇഖ്ബാരിയ്യയാണ് ഇക്കാര്യംറിപ്പോർട്ട് ചെയ്തത്.

രാജകുമാരനൊപ്പം ഉണ്ടായിരുന്നവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിണ്ടെന്നാണ് റിപ്പോർട്ടുകൾ വരുനത്. ഹൂതി വിമതരുമായുള്ള സംഘർഷം പ്രദേശത്ത് രൂക്ഷമായി നിലനിൽക്കുകയാണ് ഇതിനിടെയാണ് അപകടമുണ്ടായത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം രണ്ടു വർഷത്തിലധികമായി ഹൂതി വിമതരുമായി യെമനിൽ യുദ്ധത്തിൽ ഏർപെട്ടുവരികയാണ്.

കഴിഞ്ഞ ദിവസം യമനിലെ ഹൂതി വിമതർ സൗദിയിലെ വിമാനത്താവളം ലക്ഷ്യമാക്കി അയച്ച മിസൈൽ സൗദി തകർത്തിരുന്നു. ഇതിന് തൊട്ട് പിന്നാലെ സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിയുടെ (സുപ്രീംകമ്മിറ്റി) ഉത്തരവിനെ തുടർന്ന് 11 രാജകുമാരന്മാരും 38 മുൻ മന്ത്രിമാരും ഉൾപ്പെടെ 50ലധികം പ്രമുഖരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് സൗദി രാജകുമാരന്റെ മരണം നടന്നത്. അതിനാൽ തന്നെ അപകടത്തെ കുറിച്ച് ദുരൂഹത ഏറുന്നുണ്ട്. കോപ്ടർ വിമതർ വെടിവച്ചിട്ടതാണോയെന്നും അന്വേഷിക്കുകയാണ് സൗദി.