തിരുവനന്തപുരം: തൊഴിൽനിയമമായ നിതാഖാത് കർശനമായി നടപ്പാക്കിയതിലൂടെ മുൻ വർഷങ്ങളിൽ ആയിരങ്ങൾക്ക് സൗദിയിൽ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ നഴ്‌സിങ് രംഗത്തും നിതാഖാത് വരുന്നു. സ്വദേശിവത്കരണം നഴ്‌സിങ് രംഗത്തും നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് നഴ്‌സുമാർക്ക് നിതാഖാത് വരുന്നതോടെ തൊഴിൽ നഷ്ടമാകുമെന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. ഇതിനുള്ള നടപടികൾ സൗദി ആരോഗ്യമന്ത്രാലയം തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായി സൗദിയിലെ സർക്കാർ ആശുപത്രികളിൽ സ്വദേശി നഴ്‌സുമാരുടെ നിയമനങ്ങൾ കൂട്ടിയിട്ടുണ്ട്. നിതാഖാതിനൊപ്പം റിക്രൂട്ട്‌മെന്റ് രംഗത്ത് കർശന നിയന്ത്രണങ്ങൾ വന്നതും മലയാളി നഴ്‌സുമാർക്ക് തിരിച്ചടിയാവുന്നുണ്ട്. മത നിബന്ധനകൾ കർശനമായ സൗദിയിൽ നഴ്‌സിങ് രംഗത്ത് സ്വദേശി വനിതകൾ കടന്നുവന്നിരുന്നില്ല. എന്നാൽ ഇതിൽ ഇളവു ലഭിക്കുന്നതോടെ പരിശീലനം നേടി കൂടുതൽ സ്വദേശികൾ ഈ രംഗത്തേക്ക് വരുന്നുണ്ടെന്നാണ് കണക്കുകൾ. സൗദിയിലെ പല ആശുപത്രികളിലും സ്വദേശി നഴ്‌സുമാരുടെ നിയമനം സജീവമാണ്.

പ്രവാസി മലയാളികൾ തൊഴിൽമേഖലയിൽ മുമ്പെങ്ങും നേരിടാത്ത വെല്ലുവിളിയാണ് കഴിഞ്ഞ അഞ്ചുവർഷം നേരിട്ടത്. സൗദി അറേബ്യയിൽ നടപ്പാക്കിയ നിതാഖാത് നിയമം മലയാളി സമൂഹത്തിലും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കൂട്ടത്തോടെ പ്രവാസികൾക്ക് മടങ്ങേണ്ടിവന്നു. നഴ്‌സിങ് മേഖലയ്ക്കുപുറമെ ഈ വർഷം അവസാനത്തോടെ മൗസൂൻ നിതാഖാത്' എന്ന് പേരിട്ടിരിക്കുന്ന സ്വദേശിവത്കരണ പദ്ധതിയും നിലവിൽ വരും. സന്തുലിത സ്വദേശിവത്കരണം എന്നാണ് മൗസൂൻ നിതാഖാതിന്റെ അർത്ഥം. ഇതോടെ മറ്റു മേഖലകളിലും മലയാളികൾ അടക്കമുള്ള വിദേശികൾക്ക് തൊഴിലവസരം നഷ്ടപ്പെടാനും പുതിയ അവസരങ്ങൾ ഇല്ലാതാകാനും കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളിൽ വിദേശി നഴ്‌സുമാരുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് ഇപ്പോൾ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. യോഗ്യതയുള്ള കൂടുതൽ സ്വദേശികളെ ലഭിക്കുന്നതോടെ സ്വകാര്യ മേഖലയിലും ഇവരുടെ നിയമനാനുപാതം കൂട്ടണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്്.

വിവിധ രാജ്യങ്ങളിൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു. തട്ടിപ്പ് തടയാൻ പുതിയ നിയന്ത്രണങ്ങൾ സഹായകരമായിട്ടുണ്ടെങ്കിലും ആവശ്യത്തിന് നഴ്‌സുമാരെ ലഭിക്കാത്ത സാഹചര്യം ഫിലിപ്പൈൻസ് ഉൾപ്പെടെയുള്ള രാജ്യക്കാർ മുതലെടുക്കുന്നുണ്ട്. യോഗ്യതയുള്ള മലയാളി നഴ്‌സുമാരെ നിയമിക്കുന്നതിൽ താത്പര്യം കാണിച്ചിരുന്ന പല ആശുപത്രിക്കാരും ഇപ്പോൾ മറ്റ് രാജ്യങ്ങളിലെ നഴ്‌സുമാർക്ക് അവസരം കൊടുക്കുന്നുണ്ട്.

വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾക്കായി തുടങ്ങിയ 'മുസാനിദ്' സംവിധാനത്തിന്റെ മാതൃകയിലുള്ള പദ്ധതികൾ നഴ്‌സിങ് മേഖലയിൽ നടപ്പാക്കാനും മന്ത്രാലയം ആലോചിക്കുന്നു്. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ എംബസികളിലും കോൺസുലേറ്റുകളിലും നിലവിലുള്ള മെഡിക്കൽ അറ്റാച്ചെ ഓഫീസുകളെ ഇതിനായി ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് സൂചനകൾ. മെഡിക്കൽ അറ്റാച്ചെ ഓഫീസുകൾ വഴിയാണ് വിവിധ ആശുപത്രികളിലേക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നത്.