- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു ഓഗസ്റ്റ് 14 ന് ഇനി ദിവസങ്ങൾ മാത്രം; വെറ്റിലപ്പാറ സ്വദേശി സൗഹാൻ എന്ന പതിനഞ്ചുകാരന്റെ തിരോധാനത്തിന് ഒരു വയസ്സ് പൂർത്തിയാകുന്നു; പതിവ് പോലെ വീടിന് മുറ്റത്തേക്കിറങ്ങിയ കുട്ടിയെ പിന്നീട് ആരും കണ്ടില്ല; 3000 പേരുടെ തിരച്ചിലിനും പിടികൊടുക്കാതെ സൗഹാൻ എവിടെ?; തുടരന്വേഷണം ഉണ്ടായില്ലെന്നും ആക്ഷേപം
അരീക്കോട്: തിരോധാനത്തിന് ഒരു വയസ്സ് പൂർത്തിയാകുമ്പോഴും വെറ്റിലപ്പാറ സ്വദേശി സൗഹൻ എന്ന പതിനഞ്ചുകാരൻ ഇപ്പോഴും കാണാമറയത്ത് തന്നെ.മറ്റൊരു ഓഗസ്റ്റ് പതിനാലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആ കുടുംബത്തിന്റെ കണ്ണീർ ഇപ്പോഴും തോർന്നിട്ടില്ല.ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷനായ മകനെക്കുറിച്ചുള്ള എന്തെങ്കിലും വിവരത്തിനായി ഇപ്പോഴും കാതോർക്കുകയാണ് കുടുംബം.
ചെക്കുന്നു മലയുടെ താഴ്‌വാരത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തലേന്ന് രാവിലെ 6 മണിക്ക് പുറത്തേക്കിറങ്ങിയതാണ് സൗഹാൻ.കാണാതായതിന് പിന്നാലെ നാട് ഒന്നാകെയിറങ്ങി തിരഞ്ഞിട്ടും കണ്ടെത്താനായില്ല.വെറ്റിലപ്പാറ ചൈരങ്ങാട് ഹസൻകുട്ടിയുടെയും ഖദീജയുടെയും ഇളയ മകനായ സൗഹാൻ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടിയാണ്.മൂന്നാം ക്ലാസ് വരെ സ്‌കൂളിൽ പോയിട്ടുണ്ട്.ഒരു വശത്തേക്ക് കാൽ വലിച്ചാണ് നടത്തം. സംസാരിക്കാനും പ്രയാസം.വളർച്ചക്കുറവും അനാരോഗ്യവുമുണ്ടായിരുന്നു.
സാധാരണ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാലും 150 മീറ്റർ അകലെ റോഡിനു സമീപം വരെയേ പോകാറുള്ളൂവെന്ന് ബന്ധുക്കൾ പറയുന്നു. പെട്ടെന്ന് തിരിച്ചെത്താറുമുണ്ട്.എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 14ന് പുറത്തിറങ്ങി വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നപ്പോൾ ആദ്യം വീട്ടുകാർ അന്വേഷിച്ചിറങ്ങി. പിന്നാലെ ബന്ധുക്കളും നാട്ടുകാരുമെത്തി. പൊലീസിലും പരാതി നൽകി.
പിന്നീടാണ് 3000 പേർ പങ്കെടുത്ത വൻ തിരച്ചിൽ നടന്നത്.പൊലീസ്, വനം വകുപ്പ്, അഗ്‌നിരക്ഷാ സേന, ഡോഗ് സ്‌ക്വാഡ്, താലൂക്ക് ദുരന്ത നിവാരണ സേന, ട്രോമ കെയർ വൊളന്റിയർമാർ, നാട്ടുകാർ, ബന്ധുക്കൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിവരെല്ലാം ഒറ്റ ദിവസം സൗഹാനെ അന്വേഷിച്ചിറങ്ങി.എന്നിട്ടും ഫലമൊന്നുമുണ്ടായില്ല.ആരോ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് ബന്ധുക്കളുടെയും പ്രദേശവാസികളുടെയും സംശയം. എന്തെങ്കിലും തുമ്പ് കണ്ടെത്താൻ കേസ് അന്വേഷിക്കുന്ന അരീക്കോട് പൊലീസിനുമായില്ല.
വഴിയറിയാതെ സമീപത്തെ കാട്ടിൽ അകപ്പെട്ടോ എന്നായിരുന്നു ആദ്യ സംശയം. സൗഹാനെ കാണാതാകുന്ന അന്ന് ടാപ്പിങ് തൊഴിലാളികൾ മലയിൽ ഒരു കുട്ടിയെ കണ്ടതായി പറഞ്ഞു. കുരങ്ങിനെ നോക്കി നിൽക്കുകയാണെന്ന സംശയവും പറഞ്ഞു. കാടരിച്ചു പെറുക്കി തിരച്ചിൽ നടത്തി.തിരച്ചിലിന്റെ ഭാഗമായി എത്തിച്ച പൊലീസ് നായയും ഓടിയത് മലയിലേക്കായിരുന്നു. എന്നാൽ തിരിച്ചിറങ്ങിയത് മറ്റൊരു വഴിയിലൂടെ റോഡിലേക്കും.
ഇതോടെയാണ് ആരോ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയത്തിലേക്ക് നാട്ടുകാർ എത്തിയത്. കുട്ടിയുടെ വീടിനു സമീപത്തൊന്നും സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. പിന്നെയുള്ളത് 2 കിലോമീറ്റർ അകലെ വെറ്റിലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിനു സമീപത്തും മറുവശത്ത് ചാത്തല്ലൂരിലും ആണ്. അവ രണ്ടും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
പ്രദേശവാസികൾ ചേർന്നു സൗഹാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ചോലയിൽ അബൂബക്കർ കൺവീനറും വാർഡ് മെംബർമാർ കമ്മിറ്റി അംഗങ്ങളുമാണ്. അന്നത്തെ തിരച്ചിലിനു ശേഷം തുടരന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ