വാഷിങ്ടൻ: ഭൂമിയ്‌ക്കൊപ്പം മറ്റു ഗ്രഹങ്ങളുമുണ്ടെങ്കിലും ഭൗമോപരിതലത്തിൽ നിന്നല്ലാത്ത ഒരു ശബ്ദം മനുഷ്യൻ ഇതുവരെ കേട്ടിരുന്നില്ല. എന്നാൽ ഇക്കാര്യത്തിലും ചരിത്രം തിരുത്തി കുറിച്ച് മനുഷ്യനും ശാസ്ത്ര ലോകവും മുന്നേറുകയാണ്. നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ഇൻസൈറ്റ് ലാൻഡറാണ് 'ചുവന്ന ഗ്രഹ'ത്തിലെ കാറ്റിന്റെ ശബ്ദം റിക്കോർഡ് ചെയ്ത് മനുഷ്യ കുലത്തിന് സമ്മാനിച്ചത്.

ഇതോടെ ആദ്യമായി മറ്റൊരു ഗ്രഹത്തിലെ ശബ്ദം മനുഷ്യൻ കേട്ടു. ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ഇത് പുത്തൻ നാഴിക കല്ലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇൻസൈറ്റ് വാഹനത്തിന്റെ സോളാർ പാലിലൂടെ കടന്നു പോയ കാറ്റിന്റെ ശബ്ദമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്. സെക്കൻഡിൽ അഞ്ച് മുതൽ ഏഴ് മീറ്റർ വേഗത്തിലാണ് കാറ്റ് വീശിയതെന്നാണ് ഗവേഷകർ സൂചന നൽകുന്നത്.

നവംബർ 26നാണ് വാഹനം ചൊവ്വയിൽ ഇറങ്ങിയത്. 'ചെറിയ കൊടി കാറ്റിലിളകുന്ന ശബ്ദം പോലെ' എന്നാണു പഠനസംഘത്തിലെ ഗവേഷകൻ തോമസ് പൈക് പറഞ്ഞത്. വരും ദിവസങ്ങളിൽ ഇൻസൈറ്റിലൂടെ കൂടുതൽ 'ചൊവ്വാ വിശേഷങ്ങൾ' ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. 1976ൽ ഇറങ്ങിയ നാസയുടെ വൈക്കിങ് ഒന്ന്, രണ്ട് വാഹനങ്ങൾ കാറ്റിന്റെ ശബ്ദം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും മനുഷ്യർക്കു കേൾക്കാനാവുന്ന ഉച്ചത്തിലായിരുന്നില്ല. ചൊവ്വയിലെ കാറ്റിന്റെ ശബ്ദം കേൾക്കണമെന്ന് ആഗ്രഹമുള്ളവർ ഈ ലിങ്കിൽ കയറുക: www.nasa.gov/insightmarswind