- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''എന്റെ സ്വപ്നം സത്യമാകുന്നു ...'' ലാവൻഡർ നിറത്തിൽ മിന്നിത്തിളങ്ങുന്ന ടോപ്പിൽ മാലാഖക്കുഞ്ഞിനെ പോലെ സൗപർണിക; ഇന്നലെ രാത്രി ഐടിവിക്കു മുന്നിൽ യുകെയിലെ മലയാളികൾ എത്തിയത് ആവേശത്തോടെ; ബ്രിട്ടൺ ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയിൽ പത്തുവയസുകാരി ഫൈനലിൽ എത്താൻ സാധ്യതയേറി; മലയാളി മിടുക്കിയുടെ വിജയം ഉറപ്പിക്കാൻ കൂട്ടത്തോടെ വോട്ടു ചെയ്ത് ബ്രിട്ടണിലെ മലയാളികൾ; ഫലം അറിയാൻ അടുത്ത മാസം വരെ കാത്തിരിക്കണം; മാധ്യമങ്ങൾ ആഘോഷമാക്കി സൗവിന്റെ പ്രകടനം
ലണ്ടൻ : '' മൈ ഡ്രീം കം ട്രൂ ......'' , ഇതായിരുന്നു ഇന്നലെ സൗപര്ണികക്കു പ്രധാനമായും പറയാൻ ഉണ്ടായിരുന്നത് . അത് വെറുതെ പറഞ്ഞതല്ല . കുട്ടികളായിരിക്കുമ്പോൾ ഇളം പ്രായത്തിൽ പെപ്പ പിഗും ഫെയറി ടെയ്ൽ ഷോകളും ഒക്കെ കണ്ടു രസിക്കുന്ന കുഞ്ഞുങ്ങൾക്കിടയിൽ നിന്നും വത്യസ്തമായി ബ്രിട്ടൻ ഗോട്ട് ടാലന്റിന്റെ ആരാധിക ആയിരുന്നു സുപർണിക. പാട്ടു മാത്രമല്ലാതെ എല്ലാത്തരം പ്രകടനങ്ങളും എത്തുന്ന ഈ റിയാലിറ്റി ഷോയിൽ താൻ പങ്കെടുക്കുക , അതും സെമി ഫൈനൽ റൗണ്ട് വരെ എത്തുക എന്നതൊക്കെ ഇന്നലെ വരെ സൗവിനു വെറും സ്വപ്നമായിരുന്നു . എന്നാൽ ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷം ആ സ്വപ്നം ബാക്കിയില്ല . ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു . ഒരു പത്തു വയസുകാരിക്ക് നേടാവുന്നതിന്റെ ഏറ്റവും ഉയരെയാണ് സൗ ഇപ്പോൾ . ഒരിക്കലും നടക്കില്ലെന്നു സ്വപ്നത്തിൽ പോലും കരുതാത്ത കാര്യമാണ് ഇപ്പോൾ കൈപ്പിടിയിൽ ഒതുക്കിപിടിച്ചിരിക്കുന്നത് .
ഇന്നലെ സ്റ്റേജിൽ സൗപർണിക നില്കുന്നത് കണ്ടവരൊക്കെ വാ പൊളിച്ചിരിക്കണം . നിറയെ പൂക്കൾക്കിടയിൽ മറ്റൊരു വലിയ പൂവ് പോലെയാണ് ആ പെൺകുട്ടി നിറഞ്ഞു നിന്നതു . അതും ഒരു ഫോട്ടോ ഫ്രെയിമിന്റെ പശ്ചാത്തലത്തിൽ . ഒരു മാജിക് പെർഫോമൻസ് നടത്താൻ പറ്റിയ മുഴുവൻ അണിയറ കൂട്ടുകളും സാങ്കേതിക വിദഗ്ദ്ധർ സൗവിനു വേണ്ടി തയ്യാറാക്കിയിരുന്നു . ഒരു കുട്ടി പാടുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ കൂടുതൽ ലഭിക്കാത്ത വിധമാണ് സ്റ്റേജ് അണിയിച്ചു ഒരുക്കിയത് . ഇക്കാര്യം ടിവിയിൽ കാണുന്നതിന് മുൻപ് തന്നെ അതിശയിപ്പിച്ചിരുന്നെന്നും ടിവിയിൽ കാണുമ്പോൾ എങ്ങനെ ഉണ്ടാകും എന്ന ആകാംഷ മാത്രമാണ് ബാക്കിയായുണ്ടായിരുന്നത് എന്നും സൗപർണിക പറയുന്നു .
കഴിഞ ഏതാനും ആഴ്ചയായി നടുവേദനയുടെ ചികിത്സയ്ക്ക് വിശ്രമത്തിലായ സൈമൺ കോവൽ ഇന്നലത്തെ മത്സരത്തിന് ജഡ്ജ് ആയി എത്തിയിരുന്നില്ല . എന്നാൽ മുതിർന്ന ജഡ്ജ് ആയ ഡേവിഡ് വാല്യം, അമാൻഡ ഹോൾഡൻ , അലീഷാ ഡിക്സൺ എന്നിവർക്കൊപ്പം ആഷ്ലിയാണ് പുതുമുഖ ജഡ്ജ് ആയി രംഗപ്രവേശം നടത്തിയത് . സൗവിന്റെ പാട്ടിനെ നാലുപേരും എന്നായി പ്രശംസിക്കുകയും ചെയ്തു . കൂട്ടത്തിൽ ആഷ്ലിയാണ് കൂടുതൽ ആഹ്ലാദം പ്രകടിപ്പിച്ചത് . മുൻ പ്രകടനത്തെക്കാൾ നന്നായി ആത്മ വിശ്വാസത്തോടെ സൗ പാടിയപ്പോൾ ആകാര്യം അമാൻഡ ഹോൾഡൻ എടുത്തുപറയുകയും ചെയ്തു . വോക്കൽ കോഡും ഹൈ പിച്ചിൽ പാട്ടിനെ നിയന്ത്രിച്ചതും ഒക്കെ ആഷ്ലിയുടെ വാക്കുകളായി എത്തിയപ്പോൾ സൗവിനെ കുറിച്ച് ഇനി കൂടുതൽ എന്ത് പറയാൻ എന്ന ഭാവമായിരുന്നു അവതാരകനായ ആന്റിനും ഡെക്കിനും .
നിവർലാണ്ടിൽ സെൻഡ്യാ പാടിയ പാട്ടാണ് സൗ സെമിക്കായി തിരഞ്ഞെടുത്തത് . ഒറ്റയ്ക്കാകുന്നതിനെ ഭയക്കുന്ന ഞാൻ ആകാശത്തെ കാണുന്ന സ്വന്തമെന്നു കരുതുന്ന നക്ഷത്രത്തിൽ കയറി പായുമ്പോൾ നിങ്ങളെയും വേണമെങ്കിൽ കൊണ്ടുപോകാം എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമാണ് സൗ ആസ്വദിച്ചു പാടിയതു . പാട്ടു മുഴുവൻ സമയവും തന്റെ നിയന്ത്രണത്തിൽ നിർത്തുന്നതിൽ സൗ നന്നായി വിജയിച്ചു . ഇക്കാര്യം ജഡ്ജസ് തന്നെ വിധിയെഴുതുകയും ചെയ്യുക ആയിരുന്നു . സൗ പാടിയ പാട്ടു അതിലും നന്നായി പാടുക ആസാധ്യമാണെന്നാണ് ചീഫ് ജഡ്ജിൽ ഒരാളായ ഡേവിഡ് വല്യംസ് പറഞ്ഞത് . ഷോയിൽ ജേതാവായി മാറുന്നവരെ കാത്തിരിക്കുന്നത് രണ്ടര ലക്ഷം പൗണ്ട് സമ്മാനത്തുക കൂടിയാണ് .
ഒരു റിയാലിറ്റി ഷോ എന്ന നിലയിൽ തികച്ചും റിലാക്സയാണ് ബ്രിട്ടൻ ഗോട്ട് ആരാധകർ ശനിയാഴ്ചകളിൽ വൈകിട്ട് എട്ടു മണിക്കു ഐ ടി വിക്കു മുന്നിൽ എത്തുക . എന്നാൽ 2007 ജൂൺ ഒൻപതിന് ആദ്യ ഷോ ആരംഭിച്ച ശേഷം ഇതാദ്യമായി ബി ജി ടിയുടെ ആദ്യ റൗണ്ടുകൾ പിന്നിട്ടു സെമി ഘട്ടം വരെയെത്തി ഒരു മലയാളി മത്സരിക്കുന്നു എന്ന ആശങ്കയുമായാണ് യുകെയിലെ മലയാളി സമൂഹം ഇന്നലെ ടിവി കാണാൻ ഇരുന്നത് . ബ്രിട്ടീഷ് മലയാളി ഉൾപ്പെടെ പ്രധാന മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഗായിക സൗപര്ണികക്കു പിന്തുണയുമായി എത്തിയതോടെ പതിവിൽ കവിഞ്ഞു ആയിരക്കണക്കിന് മലയാളികൾ ഈ ഷോ കാണാൻ എത്തിയതായി സാമൂഹ്യ മാധ്യമങ്ങളിൽ എത്തുന്ന കമന്റുകൾ തന്നെ സൂചിപ്പിക്കുന്നു . ഷോയിൽ സൗവിന്റെ പ്രകടനം കഴിഞ്ഞ ഉടൻ തന്നെ കുടുംബ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒക്കെ വിളി തുടങ്ങിയതോടെ അച്ഛൻ ഡോ ബിനു നായരെ ഫോണിൽ ലഭിക്കാതെയും ആയി . എങ്കിലും പരമാവധി ആളുകളുടെ കോളുകളും അറ്റൻഡ് ചെയ്തതായി ബിനു പിന്നീട വെളിപ്പെടുത്തി . ഈ സ്നേഹം ബി ജി ടിയുടെ മൊബൈൽ ആപ് വഴി നൽകുന്ന വോട്ടുകൾ ആയാൽ ഫൈനലിനെ കുറിച്ച് വലിയ പ്രതീക്ഷയാണ് ബാക്കി വയ്ക്കുന്നതെന്നും ബിനു സൂചിപ്പിച്ചു .
ഈ ഘട്ടം വരെ സൗ മുന്നേറ്റം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നത് അല്ലെന്നും ബിനു സൂചിപ്പിച്ചു . സൗവിന്റെ സെമി ഫൈനൽ പ്രകടനം കഴിഞ്ഞതോടെ കേരളത്തിൽ നിന്നും പോലും മാധ്യമങ്ങൾ പിന്നാലെ കൂടിയിരിക്കുകയാണ് . എന്നാൽ ബി ജി ടി കമ്പനിയുമായുള്ള കരാർ അനുസരിച്ചു ലൈവ് അഭിമുഖവും പെർഫോമൻസും ഒക്കെ അവരുടെ അനുവാദത്തോടെ മാത്രമേ നടത്താനാകൂ . അതിനാൽ തല്ക്കാലം ആഘോഷം വീട്ടിലേക്കും യുകെ മലയാളികൾക്ക് ഇടയിലേക്കുമായി ഒതുക്കുകയാണ് ബിനുവും കുടുംബവും .ഇന്നലെ രാത്രി ഷോ കഴിഞ്ഞ ഉടനെ ബിനുവിന്റെയും ഭാര്യ രഞ്ജിതയുടെയും ഫോണുകളിൽ അഭിന്ദനന സന്ദേശ പ്രവാഹം ആയിരുന്നു . കേരളത്തിലും വിദേശ രാജ്യങ്ങളിലും ഒക്കെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഉറക്കമൊഴിഞ്ഞിരുന്നാണ് സൗവിന്റെ പ്രകടനം ടിവിയിൽ കണ്ടത് .
ഷോയിൽ എല്ലാ ജഡ്ജസും ഒന്നുപോലെ സൗവിനെ അഭിനന്ദനം കൊണ്ട് മൂടിയപ്പോൾ ഈസ്റ്റ് ആംഗ്ലിയയിലെ മാധ്യമങ്ങൾ സ്വന്തം വീട്ടിലെ കുട്ടി വിജയം കൊയ്‌തെടുത്ത ആഘോഷത്തോടെയാണ് പ്രതികരിച്ചത് .മത്സരം തീർന്ന ഉടനെ തന്നെ രാത്രി ഒൻപതരയോടെ സാഫൊക് ടുഡേ സൗവന്റെ സ്റ്റേജ് പെർഫോം ചിത്രങ്ങൾ സഹിതമാണ് ലേറ്റ് എഡിഷൻ പുറത്തു വിട്ടത് ഈ ആവേശം കാണുമ്പോൾ വീട്ടുകാരേക്കാൾ ആകാംക്ഷയോടെയാണ് നാട്ടുകാരും മാധ്യമ ലോകവും സൗവിനെ ടിവിയിൽ കാണാൻ കാത്തിരുന്നത് എന്ന് വക്തമാകും . അനേകം മലയാളികളും സൗവിന്റെ പ്രകടനം കണ്ടു അഭിനധങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് . ഇതുകൂടാതെ ഞാനും വോട്ടു ചെയ്തു എന്ന ഹാഷ് ടാഗോടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും സൗപര്ണികക്കു വേണ്ടി പ്രചാരണവും ആരഭിച്ചിരിക്കുകയാണ് യുകെ മലയാളി സമൂഹം . ഇതാദ്യമായാണ് ഒരു മത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് വേണ്ടി യുകെ മലയാളി സമൂഹം ഒറ്റകെട്ടായി ഇത്തരത്തിൽ പ്രതികരിക്കാൻ തയ്യാറാകുന്നത് .
പ്രദേശത്തെ മിക്ക പത്രങ്ങൾക്കും ഇന്ന് പ്രധാന വാർത്തയിൽ ഒന്നാണ് സൗവിന്റെ പ്രകടനം . ഇന്നലെ തന്നെ സൗ സെമിയിൽ മത്സരിക്കുന്ന വിവരം ഈസ്റ്റ് ആംഗ്ലിയൻ മാധ്യമങ്ങൾ നന്നായി ആഘോഷിച്ചിരുന്നു . കൂട്ടത്തിൽ കുട്ടി എന്ന നിലയിലും പ്രേക്ഷക ശ്രദ്ധ സൗവിനു കിട്ടും എന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങളും . ഇന്നലത്തെ പ്രകടനത്തിൽ ഇന്നും ഫൈനലിലേക്ക് കപ്പിൾ ഡാൻസ് ടീമിനെ നേരിട്ടെടുത്ത ജഡ്ജസ് തങ്ങളുടെ ഇഷ്ട്ട ടീമായി തിരഞ്ഞെടുത്ത മൂന്ന് പേരിൽ ഒരാളാണ് സൗപർണിക . ഇവരടക്കം ഏഴുപേരാണ് ഇനി വോട്ടിങ് റൗണ്ടിൽ അവശേഷിക്കുന്നത് . മലയാളികൾ ബ്രിട്ടനിൽ വളരെ ചെറിയ സമൂഹം ആണെങ്കിലും എല്ലാവരും ഒത്തുപിടിച്ചാൽ ഏഷ്യൻ സമൂഹത്തിന്റെ കരുത്തു കാട്ടാൻ ഉള്ള അവസരം കൂടിയാണിത് . നാളെ രാവിലെ പത്തുമണികൊണ്ടു വോട്ടിങ് അവസാനിക്കും .
ഫൈനൽ നടക്കുന്ന ഒക്ടോബർ രണ്ടാം വാരത്തിനു മുൻപ് മാത്രമായിരിക്കും ഫൈനൽ ജേതാക്കളെ പ്രഖ്യാപിക്കുക . അതുവരെ നെഞ്ചിൽ തീയുമായി സൗവും കുടുംബവും മാത്രമല്ല , ഓരോ യുകെ മലയാളിയും കാത്തിരിക്കേണ്ടിവരും .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.