ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റിന് പിന്നാലെ ഏകദിന ക്രിക്കറ്റ് ടീമിന്റെയും നായക സ്ഥാനം വിരാട് കോലിക്ക് പകരം രോഹിത് ശർമയെ ഏൽപ്പിക്കാനുള്ളതിന്റെ കാരണം തുറന്നു പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വിരാട് കോലി ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച സ്ഥിതിക്ക് വൈറ്റ് ബോൾ ക്രിക്കറ്റിൽ രണ്ട് നായകന്മാർ എന്നത് ഉചിതമല്ലാത്തതിനാലാണ് കോലിക്ക് പകരം ഏകദിനങ്ങളിലും രോഹിതതിനെ നായകനായി തിരഞ്ഞെടുത്തതെന്ന് ഗാംഗുലി വാർത്താ ഏജൻസിയായ ഏഎൻഐയോട് വ്യക്തമാക്കി.

ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജിവെക്കരുതെന്ന് നേരത്തെ ബിസിസിഐ കോലിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കോലി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഈ സാഹചര്യത്തിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ രണ്ട് ക്യാപ്റ്റന്മാർ എന്നത് ശരിയായ രീതിയല്ല. അതുകൊണ്ട് കോലിയെ ടെസ്റ്റിൽ നായകനായി നിലനിർത്തി ഏകദിനങ്ങളിൽ കൂടി രോഹിത്തിനെ നായകനായി തെരഞ്ഞെടുത്തത്. സെലക്ഷൻ കമ്മിറ്റിയും ബിസിസിഐയും ചേർന്ന് ആലോചിച്ചാണ് ഈ താരുമാനമെടുത്തത്.

ഇക്കാര്യം കോലിയോട് സംസാരിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റെന്ന നിലയിൽ താൻ വ്യക്തിപരമായി കോലിയോട് സംസാരിച്ചിരുന്നുവെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാനും കോലിയോട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും ഗാംഗുലി പറഞ്ഞു. ഏകദിനങ്ങളിലും ട്വന്റി 20യിലും ക്യാപ്റ്റനെന്ന നിലയിൽ നൽകിയ സംഭാവനകൾക്ക് ഗാംഗുലി കോലിയോട് നന്ദി പറഞ്ഞു.

രോഹിത്തിന്റെ നായകമികവിൽ ബിസിസിഐക്ക് പൂർണ വിശ്വാസമുണ്ടെന്നും കോലി ടെസ്റ്റിൽ നായകനായി തുടരുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ശരിയായ കൈകളിലാണെന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ, വൈറ്റ് ബൗൾ ക്രിക്കറ്റിൽ നൽകിയ സംഭാവനകളിൽ കോലിയോട് നന്ദിയുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

ട്വന്റി ലോകകപ്പിന് മുമ്പ് തന്നെ ലോകകപ്പിനുശേഷം ടി20 നായകസ്ഥാനം കൈവിടുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു,. ഇതിനു പിന്നാലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും കോലി രാജിവെച്ചു. ട്വന്റി 20 ലോകകപ്പിനുശേഷം നടന്ന ന്യൂസിലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ കോലിക്ക് പകരം രോഹിത് ശർമയെ നായകനായി തിരഞ്ഞെടുത്തിരുന്നു.

ന്യൂസിലൻഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാണ് രോഹിത് തുടങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച സെലക്ടർമാർ അപ്രതീക്ഷിതമായി രോഹിത്തിനെ ഏകദിന നായകനായും തിരഞ്ഞെടുക്കുകയായിരുന്നു.

33 കാരനായ വിരാട് കോലിയോടു നായക സ്ഥാനം രാജിവയ്ക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നതായി ദേശീയ വാർത്താ ഏജൻസിയായ പിടിഐ അടക്കം റിപ്പോർട്ടു ചെയ്തിരുന്നു. നിലവിൽ ടെസ്റ്റ് ഫോർമാറ്റിൽ മാത്രമാണു കോലി ക്യാപ്റ്റനായുള്ളത്.

ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പര്യടനത്തിൽ ഇന്ത്യ 3 ടെസ്റ്റുകൾ കളിക്കുന്നുണ്ട്. ഏകദിന ടീമിലെ നായക സ്ഥാനത്തിനു പിന്നാല ടെസ്റ്റിലെ വൈസ് ക്യാപ്റ്റൻ സ്ഥാനവും ബിസിസിഐ രോഹിത്തിനാണു നൽകിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ രോഹിത് ശർമ നായകനായി പോരാട്ടത്തിന് ഇറങ്ങും.