- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നായക സ്ഥാനത്തിൽ കോലിയുടെ പ്രതികരണം; പ്രതിച്ഛായ മങ്ങിയത് ഗാംഗുലിയുടേത്; കോലിയായാലും ഗാംഗുലിയായാലും ചെയ്യുന്നത് ശരിയല്ലെന്ന് കപിൽ ദേവ്; ബിസിസിഐയെ വലിച്ചിഴയ്ക്കേണ്ടെന്ന് ഗാവസ്‌കറും; വിവാദങ്ങൾ ഒഴിയാതെ ഇന്ത്യൻ ക്രിക്കറ്റ്
മുംബൈ:ഏകദിന ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാന കൈമാറ്റത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽപ്പെട്ട് ഉലയുകയാണ് ഇന്ത്യൻ ക്രിക്കറ്റ്. ഏകദിന നായക സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്ന വിരാട് കോലിയുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിൽ മുഖം നഷ്ടമായതാകട്ടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും. ബിസിസിഐ അധ്യക്ഷ പദവിയിൽ ഓരോ ദിവസം കഴിയും തോറും ഗാംഗുലി കൂടുതൽ വിവാദക്കുരുക്കിലേക്ക് കടന്നുപോകുന്നു.
ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയരുതെന്ന് താൻ വിരാട് കോലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ പ്രസ്താവന, വാർത്താ സമ്മേളനത്തിൽ കോലി നിഷേധിച്ചിരുന്നു. ട്വന്റി20 ടീമിന്റെ നായക സ്ഥാനം ഒഴിയാനുള്ള തീരുമാനം ബിസിസിഐയും സിലക്ടർമാരും സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും കോലി വിശദീകരിച്ചു. ഇതോടെയാണ് ഗാംഗുലി കള്ളം പറഞ്ഞെന്ന തരത്തിൽ വിവാദം രൂപപ്പെട്ടത്.
വിരാട് കോലി ട്വന്റി20 ടീമിന്റെ നായകസ്ഥാനം രാജിവച്ചത് സംബന്ധിച്ച് പരാമർശിക്കവെയാണ് കോലിയോട് സ്ഥാനമൊഴിയരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി സൗരവ് ഗാംഗുലി അവകാശപ്പെട്ടത്. കോലിയോട് ഇക്കാര്യത്തെക്കുറിച്ച് വ്യക്തിപരമായി സംസാരിച്ചിരുന്നതായും ഗാംഗുലി അറിയിച്ചിരുന്നു.
എന്നാൽ, ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതിൽനിന്ന് തന്നെ ആരും തടഞ്ഞില്ലെന്നാണ് കഴിഞ്ഞ ദിവസം വിരാട് കോലി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നായകസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം ബിസിസിഐയും സിലക്ടർമാരും യാതൊരു എതിർപ്പും കൂടാതെ സ്വീകരിച്ചതായും കോലി വെളിപ്പെടുത്തി.
വിവാദങ്ങൾ മുറുകവെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകന്മാരായ കപിൽ ദേവും സുനിൽ ഗാവസ്‌കറും. വിരാട് കോലിയായാലും സൗരവ് ഗാംഗുലിയായാലും, പരസ്യമായി മറ്റൊരാളേക്കുറിച്ച് മോശം പറയുന്നതും വിമർശനം ഉന്നയിക്കുന്നതും നല്ല കാര്യമല്ലെന്നാണ് കപിൽ ദേവ് തുറന്നടിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു തലേന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, കോലി ഗാംഗുലിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് കപിലിന്റെ പരാമർശം.
എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണെന്നാണ് സുനിൽ ഗാവസ്‌കർ പറയുന്നത്.തന്റെ പ്രസ്താവനയിൽ ഗാംഗുലി വ്യക്തത വരുത്തണമെന്ന ഗാവസ്‌കറിന്റെ നിലപാട്.
'ഈ പ്രശ്‌നത്തിലേക്ക് ബിസിസിഐയെ വലിച്ചിഴയ്‌ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയ വ്യക്തിയാണ് ആശയക്കുഴപ്പം നീക്കേണ്ടത്. രാജി വയ്ക്കരുതെന്ന് കോലിയോട് പറഞ്ഞിരുന്നതായി അറിയിച്ചത് അദ്ദേഹമാണല്ലോ' ഗാവസ്‌കർ പറഞ്ഞു.
'സൗരവ് ഗാംഗുലി ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് കൂടിയാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു ആശയക്കുഴപ്പമെന്ന് അദ്ദേഹത്തോടു നേരിട്ടു ചോദിക്കാവുന്നതേയുള്ളൂ. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഏറ്റവും അനുയോജ്യനായ വ്യക്തിയും ഗാംഗുലിയാണല്ലോ' ഗാവസ്‌കർ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടും മുൻപ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത് ശരിയായില്ലെന്നാണ് കപിലിന്റെ നിലപാട്. മാത്രമല്ല, ഇത്തരം വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തുന്നതും മറ്റൊരാൾക്കുനേരെ വിരൽ ചൂണ്ടുന്നതും നല്ല പ്രവണതയല്ലെന്നും കപിൽ തുറന്നടിച്ചു.
'ഈ സമയത്ത് മറ്റൊരാൾക്കെതിരെ വിമർശനം ഉന്നയിക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കൻ പര്യടനമാണ് വരാൻ പോകുന്നത്. എല്ലാവരുടെയും സമ്പൂർണ ശ്രദ്ധ അതിലായിരിക്കണം' കപിൽ പറഞ്ഞു.
'ബിസിസിഐ പ്രസിഡന്റ് എന്നു പറഞ്ഞാൽ വളരെ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ആളാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനെന്ന പദവിയും പ്രധാനപ്പെട്ടതുതന്നെ. പക്ഷേ, പരസ്യമായി ഇരുവരും പരസ്പരം മോശം കാര്യങ്ങൾ പറയുന്നത് ശരിയായ പ്രവണതയല്ല. അത് സൗരവ് ഗാംഗുലിയായാലും വിരാട് കോലിയായാലും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം' കപിൽ പറഞ്ഞു.
ബിസിസിഐ തലപ്പത്ത് സൗരവ്ഗാംഗുലി എത്തിയപ്പോൾ, കളിക്കാർക്കും ആരാധകർക്കും മുൻതൂക്കം നൽകിയുള്ള തീരുമാനങ്ങളുണ്ടാകുമെന്നായി പ്രതീക്ഷ. തുടക്കം നന്നായെങ്കിലും ബിസിസിഐയിൽ ഗാംഗുലിയുടെ നിയന്ത്രണം വളരെ വേഗം നഷ്ടമാകുന്നതാണ് പിന്നീട് കണ്ടത്. ജെയ് ഷാ തീരുമാനിക്കുന്നു, ഗാംഗുലി തലകുലുക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ഐസിസിയിലെ ഇന്ത്യൻ പ്രതിനിധിയായി ജെയ് ഷാ കരുത്ത് കൂട്ടുമ്പോൾ ബിസിസിഐ സെക്രട്ടറിയെ പ്രകീർത്തിച്ച് ട്വീറ്റുകൾ ചെയ്യുന്ന രണ്ടാമന്റെ റോളിലാണ് ഗാംഗുലി ഇന്ന്. കോവിഡ് ഭീതി കാരണം ഉപേക്ഷിച്ച ഇംഗ്ലണ്ടിലെ അവസാന ടെസ്റ്റിനെ കുറിച്ച് ഒരു മണിക്കൂറിൽ രണ്ട് വ്യത്യസ്ത അഭിപ്രായം പറഞ്ഞത്, ഗാംഗുലിയല്ല അധികാരകേന്ദ്രമെന്ന് വ്യക്തമാക്കുന്നതായി. ബിസിസിഐ പ്രസിഡന്റ് നുണയനെന്ന് ഇന്ത്യൻ നായകൻ തന്നെ തുറന്നടിക്കുമ്പോൾ കൃത്യമായ വിശദീകരണം പോലും ഗാംഗുലിക്കില്ലാത്ത അവസ്ഥ.
പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അധികാര കൈമാറ്റം ഇത്തരം വിവാദങ്ങളിൽ കലാശിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നായകസ്ഥാനം ഒഴിഞ്ഞത് സംബന്ധിച്ച വിവാദങ്ങൾ ഏറെ കാലം ചൂടേറിയ വാർത്തായായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ രണ്ടാം വരവും പിന്നീട് വാതുവയ്പ് വിവാദത്തിൽ പടിയിറക്കവും ഇന്ത്യൻ ക്രിക്കറ്റിനെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം പലപ്പോഴും മുൾക്കിരീടമായി മാറിയിട്ടുണ്ട്. അതിന്റെ മൂർച്ഛ ഏറ്റവും അറിഞ്ഞത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്നെയായിരുന്നു. തന്നെ തേടിയെത്തിയ നായക സ്ഥാനം നന്നായി മുന്നോട്ട് കൊണ്ടുപോകാൻ സച്ചിൻ ശ്രമിച്ചെങ്കിലും അന്ന് ലഭിച്ച ടീമിലെ സഹതാരങ്ങൾ അത്രത്തോളം പോന്നവരല്ലാത്തതിനാൽ പലപ്പോഴും തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നു. തോൽവി ഭാരം ഉയർന്നതോടെ നായകസ്ഥാനം വിട്ടൊഴിയേണ്ടിയും വന്നു.
1983ൽ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റിനെ കൈപിടിച്ച് ഉയർത്തിയ സാക്ഷാൽ കപിൽ ദേവിന് പോലും ടീമിനുള്ളിലെ പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളും പലപ്പോഴും തലവേദന ആയിട്ടുണ്ട്. സഹതാരങ്ങൾ കലഹിക്കുമ്പോൾ നായകൻ 'ദുർബലനാകുന്ന' അതേ അനുഭവം വ്യക്തിഗത മികവിൽ മുൻനിരയിലുണ്ടായിരുന്ന കപിലിനും സച്ചിനുമൊക്കെ നേരിടേണ്ടി വന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ എഴുതപ്പെടാത്ത ചരിത്രം.
വാതുവയ്പ് വിവാദം ഇന്ത്യൻ ക്രിക്കറ്റിനെ കരിനിഴലിൽ നിർത്തുമ്പോഴായിരുന്നു സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ തുടങ്ങി ജയിക്കാൻ ശീലിച്ച, ജയത്തിലൂടെ മുന്നേറാൻ ശീലിച്ച ഒരു ടീമിനെ പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് കണ്ടു. ഗാംഗുലിയേക്കാൾ സീനിയർ ആയിരുന്ന സച്ചിനും ശ്രീനാഥും കുംബ്ലെയും ഒക്കെ ഗാംഗുലി എന്ന നായകന് അറിഞ്ഞ് പിന്തുണ നൽകി. നേട്ടങ്ങളിൽ പങ്കാളികളായി ഒപ്പം നിന്നു. എന്നും മുൾക്കിരീടമായിരുന്ന നായകസ്ഥാനം മനക്കരുത്തുകൊണ്ടും മുന്നിൽ നിന്നു നയിക്കാനുള്ള പാഠവം കൊണ്ടും അലങ്കാരമാക്കി മാറ്റാൻ ഗാംഗുലിക്ക് കഴിഞ്ഞു.
ഗാംഗുലിയും ദ്രാവിഡും ഒക്കെ നയിച്ച പ്രതിഭാധനരുടെ, ആരെയും വെല്ലുവിളിക്കാൻ പോന്ന കരുത്തുറ്റ ഇന്ത്യൻ ടീമിനെ കൈകളിലേക്ക് ഏറ്റുവാങ്ങിയ എം എസ് ധോണിയും അതേ മികവിൽ ടീമിനെ നയിച്ചു. മൂന്ന് ഐസിസി കിരീടങ്ങളും ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കും അടക്കം എണ്ണിപ്പറയാൻ ഒട്ടേറെ നേട്ടങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായാണ് എം എസ് ധോണി ഒടുവിൽ പടിയിറങ്ങിയത്. ഒരു വിരമിക്കൽ മത്സരത്തിന് പോലും കാത്തുനിൽക്കാതെ.
എം എസ് ധോണിയിൽ നിന്നും നായകസ്ഥാനം ഏറ്റെടുത്ത വിരാട് കോലിക്ക് നേട്ടങ്ങളുടെ പാതയിൽ മുന്നോട്ട് നയിക്കാനായെങ്കിലും ഒരു ഐസിസി കിരീടം എന്ന നേട്ടം എപ്പോഴും അകന്നുനിന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മികവോടെ മുന്നേറിയിട്ടും നോക്കൗട്ടിൽ പരാജയപ്പെട്ട് പുറത്താകുന്ന കാഴ്ചയാണ് 2015, 2019 ഏകദിന ലോകകപ്പിൽ അടക്കം കണ്ടത്. ഏകദിന - ട്വന്റി 20 ക്രിക്കറ്റിൽ വിരാട് കോലി യുഗത്തിന് വിരാമമിട്ട് രോഹിത് ശർമ്മ പടനായകൻ ആകുമ്പോഴും വിവാദങ്ങൾക്ക് അറുതിയില്ല. സുഖകരമായ അധികാര കൈമാറ്റം എന്നത് അസാധ്യമായി ഇപ്പോഴും തുടരുന്നു.
സ്പോർട്സ് ഡെസ്ക്