ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര നടിയായ ആരതി അഗർവാൾ അന്തരിച്ചു. കൊഴുപ്പ് കുറയ്ക്കാനുള്ള (ലിപ്പോസക്ഷൻ സർജറി) സ്ത്രക്രിയക്കിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആസ്മ ക്രമാതീതമായി വർധിച്ചതിനെ തുടർന്നുണ്ടായ ഹൃദായാഘാതത്തെ തുടർന്നായിരുന്നു മരണമെന്നും റിപ്പോർട്ടുണ്ട്.

അമിത വണ്ണം കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കായാണ് ആരതി അമേരിക്കയിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ചികിത്സ ഫലിക്കാതെ വന്നതാണ് ആരോഗ്യനില മോശമാക്കിയതെന്നാണ് സൂചന. തെലുങ്ക് നടനുമായുള്ള പ്രണയത്തിലൂടെയും അതിനുശേഷം ആത്മഹത്യക്ക് ശ്രമിച്ചതിലൂടെയും വാർത്തകളിൽ ഇടം നേടിയ നടിയാണ് ആരതി.

ടോളിവുഡിന്റെ പ്രിയതാരമായിരുന്ന ആരതി അഗർവാൾ. 1985 മാർച്ച് അഞ്ചിന് അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് ആരതി ജനിച്ചത്. സുനിൽഷെട്ടിയുടെ ശുപാർശയോടെ തന്റെ പതിനാറാമത്തെ വയസിൽ ഒരു ഹിന്ദി ചിത്രത്തിലായിരുന്നു ആരതിയുടെ അരങ്ങേറ്റം. പക്ഷേ തെലുങ്ക് സിനിമയിലെ തുടക്കം നൂവ് നാക്കു നചാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. 14ാം വയസ്സിൽ ബോളീവുഡ് നടൻ സുനിൽഷെട്ടി ആരതിയുടെ നൃത്തം കാണുകയും സിനിമയിലേക്ക് വഴിയൊരുക്കുകയും ചെയ്യുകയായിരുന്നു.

മെഗാ സ്റ്റാർ ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു, രവി തേജ എന്നീ സൂപ്പർ താരനിരയോടൊപ്പം അഭിനയിച്ചു. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത രണം 2 ആണ് അവസാനചിത്രം. അമേരിക്കയിലെ ന്യൂജഴ്‌സിയിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വൽ കുമാറാണ് ഭർത്താവ്. സഹോദരി അദിതി അഗർവാളും സിനിമാതാരമാണ്.