ക്ഷിണാഫ്രിക്കയെപ്പറ്റി പറയുമ്പോൾ ഇവിടെ കറുത്തവർഗ്ഗാർ അഭിമുഖീകരിച്ച വർണവിവേചനത്തിന്റെ പൊള്ളുന്ന ചിത്രങ്ങളാണ് മിക്കവരുടെയും മനസിലേക്ക് ഓടിയെത്തുക. എന്നാൽ വർണവിവേചനത്തിന് അറുതിയായി 20 വർഷം തികയുമ്പോഴും ഇവിടുത്തെ വെളുത്ത വർഗക്കാരുടെ സ്ഥിതി പരിതാപകരമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഇവിടെയെത്തിയ വെള്ളക്കാർ കറുത്തവരുടെ നാട് പിടിച്ചെടുത്ത് അടക്കിവാണുവെങ്കിലും അവരുടെ പിന്മുറക്കാരായി ഇവിടെ ജനിച്ച വെളുത്തവർക്ക് ഇന്ന് പട്ടിണിയും പരിവട്ടവും മാത്രമാണെന്നാണ് വ്യക്തമായിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാരുടെ ഇപ്പോഴത്തെ ജീവിതം നരകതുല്യമാണെന്ന് സാരം.

കടുത്ത വർണവിവേചനം ഇവിടെ നിലനിന്ന കാലത്ത് അതായത് ഏതാണ്ട് ഒരു 25 വർഷങ്ങൾക്ക് മുമ്പ് വരെ ഇവിടുത്തെ കറുത്ത വർഗക്കാരിൽ ഭൂരിഭാഗവും മാലിന്യം നിറഞ്ഞ പരിതാപകരമായ ചുറ്റുപാടിലായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ അന്ന് ഇവിടുത്തെ വെളുത്ത വർഗക്കാർ നല്ല ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇന്ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുകയാണെന്ന് ചുരുക്കം.

1990ൽ നെൽസൺ മണ്ടേല ജയിൽ മോചിതനാവുകയും നാല് വർഷങ്ങൾക്ക് ശേഷം എഫ്ഡബ്ല്യൂ ഡി ക്ലെർക്കിൽ നിന്നും പ്രസിഡന്റ് പദവി ഏറ്റെടുക്കുകയുമായിരുന്നു. ഇതോടെയാണ് ഇവിടുത്തെ വർണവിവേചനത്തിന് അറുതിയായത്. വെളുത്ത വർഗക്കാർക്ക് സർക്കാർ എല്ലാവിധ ആനൂകൂല്യങ്ങളും അധികാരങ്ങളും അവകാശങ്ങളും അനുവദിച്ച് കൊടുക്കുമ്പോൾ കറുത്ത വർഗക്കാർക്ക് മൗലികാവകാശങ്ങൾ പോലും നിഷേധിച്ച് കൊണ്ട് അടിച്ചമർത്തുന്ന ക്രൂരമായ ഭരണസംവിധാനമാണ് വർണവിവേചനത്തിലൂടെ നടപ്പിലാക്കിയിരുന്നത്.ദക്ഷിണാഫ്രിക്കയിൽ കറുത്ത വർഗക്കാർ വർഷങ്ങളോളം ഈ ദുരിതം അനുഭവിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ന് അതിന്റെ നേർവിപരീതമായ അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്. അതിന്റെ ഭാഗമായി കറുത്ത വർഗക്കാരായ ദക്ഷിണാഫ്രിക്കക്കാർ മധ്യവർഗമായി വളർന്ന് വന്നിരിക്കുകയാണ്. ഇവരിൽ മിക്കവരും വലിയ വീടുകളിൽ താമസിക്കുകയും ബിഎംഡബ്ല്യൂ പോലുള്ള വാഹനങ്ങളിൽ സഞ്ചരിക്കുകയും ചെയ്യുന്നു. എന്നാൽ വെളുത്ത വർഗക്കാരാകട്ടെ വൃത്തിഹീനമായ ക്യാമ്പുകളിൽ കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇവിടുത്തെ പാവപ്പെട്ട നിരവധി വെളുത്ത വർഗക്കാരുടെ സമൂഹങ്ങളിൽ കയറിപ്പോയി അവരുടെ ജീവിതത്തിന്റെ നേർ ചിത്രങ്ങൾ ഫോട്ടോഗ്രാഫറായ ജാക്യൂസ് നെല്ലെസ് പകർത്തിയിട്ടുണ്ട്. ജോഹന്നാസ്ബർഗിന് പടിഞ്ഞാറുള്ള മുൻസിവില്ലെ ടൗൺഷിപ്പ് അക്കൂട്ടത്തിൽ പെട്ട ഒരിടമാണ്. ദക്ഷിണാഫ്രിക്കയിലുള്ള 4.5 മില്യൺ വെളുത്തവർഗക്കാരിൽ 42,000 പേർ കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതായ് ഇവരിൽ 0.9 ശതമാനം പേർ ദരിദ്രരാണ്.

എന്നാൽ ഇവിടെയുള്ള 43 മില്യൺ കറുത്ത വർഗക്കാരിൽ 63.2 ശതമാനവും ദാരിദ്ര്യത്തിലാണ് കഴിയുന്നത്.മുൻസിവില്ലെ ടൗൺഷിപ്പിലെ വെളുത്ത വർഗക്കാരുടെ ക്യാമ്പ് ഇത്തരത്തിൽ രാജ്യത്തിലുള്ള 80 എണ്ണത്തിൽ ഒന്നാണ്. ഒരു പഴയ മാലിന്യനിക്ഷേപ കേന്ദ്രത്തിലാണിത് പണിതുയർത്തിയിരിക്കുന്നത്. ഇവിടെയുള്ള 300 അന്തേവാസികളിൽ കാൽഭാഗവും കുട്ടികളാണ്. മാസത്തിൽ വെറും 700 റാൻഡ് അഥവാ 40 പൗണ്ട് വരുമാനത്തിലാണിവർ കഴിഞ്ഞ് കൂടുന്നത്. മുൻകാലത്ത് ഇവിടെയെത്തിയ ഡച്ചുകാരുടെ പിൻഗാമികളാണിവർ. 17ാം നൂറ്റാണ്ടിൽ കേപ്പ് ഓഫ് ഗുഡ് ഹോപ്പിൽ കാലു കുത്തിയവരുടെ പിന്മുറക്കാരാണിവർ. ഈ ക്യാമ്പിലുള്ളവരുടെ മുൻഗാമികൾ ബോയർമാർ എന്നാണറിയപ്പെട്ടിരുന്നത്. ഇവർ ബ്രിട്ടീഷ് സാമ്രാജ്യവുമായി കടുത്ത പോരാട്ടം നടത്തിയവരായിരുന്നു. ബോയർ എന്ന വാക്കിന് ഡച്ച് ഭാഷയിൽ കർഷകൻ എന്നാണർത്ഥം. ഉൾപ്രദേശങ്ങളിലെ തങ്ങളുടെ കാർഷിക ഭൂമികൾ നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇവർ ഈ ക്യാമ്പിലെത്തിപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും ജോഹന്നാസ്ബർഗ്, പ്രിട്ടോറിയ തുടങ്ങിയ ഇടങ്ങളിൽ നിന്നാണിവിടെ എത്തിയത്. വർണവിവേചന കാലത്ത് കുറഞ്ഞ വിദ്യാഭ്യാസമുള്ള വെള്ളക്കാർക്ക് പോലും നല്ല ജോലി ലഭിച്ചിരുന്നു. എന്നാൽ ഇന്നതിന് സാധ്യമല്ലാത്തതിനാൽ ഇത്തരക്കാരുടെ സ്ഥിതി അനുദിനം വഷളായി വരുകയാണ്.