- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെഞ്ചൂറിയനിൽ സ്വപ്ന സെഞ്ചുറിയുമായി കെ എൽ രാഹുൽ; മായങ്കിനൊപ്പം 117 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടും; എൻഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടും പ്രോട്ടീസിനെതിരെ ആദ്യ ദിനം കയ്യടക്കി ഇന്ത്യ; 272-3 എന്ന നിലയിൽ
സെഞ്ചൂറിയൻ: ഓപ്പണർ കെ എൽ രാഹുലിന്റെ മിന്നും സെഞ്ചുറിയുടെ കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. സെഞ്ചൂറിയനിൽ ആദ്യദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് 272 റൺസ് എന്ന നിലയിലാണ് ഇന്ത്യ . കരിയറിലെ ഏഴാം ടെസ്റ്റ് ശതകം പൂർത്തിയാക്കി, 122 റൺസെടുത്ത രാഹുലിനൊപ്പം 40 റൺസുമായി അജിങ്ക്യ രഹാനെയാണ് ക്രീസിൽ. പേസർ ലുങ്കി എൻഗിഡിയാണ് ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.
ക്ഷമയോടെ പിടിച്ചുനിന്ന് ഓപ്പണിങ് വിക്കറ്റിൽ 117 റൺസ് കൂട്ടിച്ചേർത്ത കെ.എൽ രാഹുൽ - മായങ്ക് അഗർവാൾ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 123 പന്തിൽ 9 ബൗണ്ടറിയടക്കം 60 റൺസെടുത്ത മായങ്കിനെ മടക്കി ലുങ്കി എൻഗിടിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തുകളെ ശ്രദ്ധയോടെ കളിച്ചും ഒഴിവാക്കേണ്ടവയെ ഒഴിവാക്കിയുമായിരുന്നു ഓപ്പണർമാരുടെ മുന്നേറ്റം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ വിരാട് കോലിയുടെ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് മായങ്ക് അഗർവാളും കെ എൽ രാഹുലും ഇന്ത്യക്ക് സമ്മാനിച്ചത്. കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസാക്രമണത്തെ അനായാസം നേരിട്ട മായങ്കും രാഹുലും ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 100 കടത്തി. എന്നാൽ 41-ാം ഓവറിൽ ഇരട്ട പ്രഹരവുമായി ലുങ്കി എൻഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തിൽ മായങ്ക്(123 പന്തിൽ 60) എൽബിയിൽ കുടുങ്ങിയപ്പോൾ തൊട്ടടുത്ത ബോളിൽ മൂന്നാമൻ ചേതേശ്വർ പൂജാര(1 പന്തിൽ 0) ഗോൾഡൺ ഡക്കായി കീഗന്റെ കൈകളിലെത്തി. ഓപ്പണിങ് വിക്കറ്റിൽ മായങ്ക്-രാഹുൽ സഖ്യം 117 റൺസ് ചേർത്തിരുന്നു.
മൂന്നാം വിക്കറ്റിൽ രാഹുലിനൊപ്പം ചേർന്ന വിരാട് കോലി ഇന്ത്യ കരകയറ്റാൻ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്കോർ 200 തികയുന്നതിന് ഒരു റൺ മുമ്പ് എൻഗിഡി മൂന്നാം പ്രഹരമേൽപിച്ചു. 94 പന്തിൽ 35 റൺസുമായി കോലി ഔട്ട്സൈഡ് എഡ്ജായി ഫസ്റ്റ് സ്ലിപ്പിൽ മൾഡറുടെ കൈകളിലെത്തി. മൂന്നാം വിക്കറ്റിലെ 82 റൺസ് കൂട്ടുകെട്ടിന്റെ കോലി-രാഹുൽ രക്ഷാപ്രവർത്തനത്തിന് ഇതോടെ വിരാമമായി. രാജ്യാന്ത്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറിക്കായുള്ള കോലിയുടെ കാത്തിരിപ്പ് രണ്ടു വർഷം പിന്നിട്ടുകഴിഞ്ഞു.
മൂന്ന് വിക്കറ്റ് വീണപ്പോഴും ഒരറ്റത്ത് ആത്മവിശ്വാസത്തോടെ മുന്നേറിയ രാഹുൽ 218 പന്തിൽ ഏഴാം ടെസ്റ്റ് ശതകത്തിലെത്തി. രാഹുലിനൊപ്പം നാലാം വിക്കറ്റിൽ മികച്ച ബാറ്റിംഗാണ് അജിങ്ക്യ രഹാനെ പുറത്തെടുക്കുന്നത്. ഇരുവരും ഇതിനകം 73 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.
സെഞ്ചൂറിയനിൽ അഞ്ച് ബൗളർമാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതിൽ നാല് പേരും പേസർമാരാണ്. ഓൾറൗണ്ട് മികവ് കണക്കിലെടുത്ത് ഷർദ്ദുൽ ഠാക്കൂർ ടീമിലെത്തി. അതേസമയം സീനിയർ പേസർ ഇശാന്ത് ശർമ്മയ്ക്ക് അവസരം നഷ്ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസർമാർ. ആർ അശ്വിൻ ഏക സ്പിന്നറായി ടീമിലെത്തി.
ബാറ്റിംഗിൽ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയർ ബാറ്റർ ചേതേശ്വർ പൂജാരയും ടീമിൽ സ്ഥാനം നിലനിർത്തിയെങ്കിലും ക്യാപ്റ്റന്റെ വിശ്വാസം കാക്കാൻ ആദ്യ ഇന്നിങ്സിലായില്ല. പൂജാര ഗോൾഡൺ ഡക്കായി. ദക്ഷിണാഫ്രിക്കയിൽ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
സ്പോർട്സ് ഡെസ്ക്