മെൽബൺ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും വർധന രേഖപ്പെടുത്തുന്നതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. കഴിഞ്ഞ മാർച്ചിൽ 6.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 6.2 ശതമായി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനൊന്നു മാസത്തിനിടെ തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനം കടക്കുന്നത് എങ്ങും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.

ഏപ്രിലിൽ 2900 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായി ഉയർന്നത്. അതേസമയം തൊഴിലില്ലായ്മ നിരക്ക് വർധിച്ചിട്ടും ഓസ്‌ട്രേലിയൻ ഡോളറിന്റെ നിരക്കിൽ വർധന ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി തൊഴിലില്ലായ്മ നിരക്ക് വർധിച്ചത് തിരിച്ചടിയായിട്ടുണ്ട്. അബോട്ട് സർക്കാരിന്റെ രണ്ടാം ബജറ്റ് അടുത്താഴ്ച അവതരിപ്പിക്കും.

ഓസ്‌ട്രേലിയയിൽ തന്നെ സൗത്ത് ഓസ്‌ട്രേലിയയിലാണ് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിട്ടുള്ളതെന്നാണ് റിപ്പോർട്ട്. 0.7 ശതമാനം വർധിച്ച് 7.1 ശതമാനം എന്ന നിലയിൽ എത്തി നിൽക്കുകയാണ് ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക്. മാർച്ചിൽ 6.4 ശതമാനം ആയിരുന്നതാണ് ഇപ്പോൾ 7.1 ശതമാനമത്തിലെത്തിയത്. ടാസ്മാനിയയിൽ തന്നെ 7.3 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തുന്നത്. അടുത്താഴ്ച നടക്കുന്ന ഫെഡറൽ ബജറ്റ് നിലവിലുള്ള തൊഴിലില്ലായ്മ സാഹചര്യം വിലയിരുത്തിക്കൊണ്ടായിരിക്കും അവതരിപ്പിക്കുകയെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

സൗത്ത് ഓസ്‌ട്രേലിയയിൽ പുരുഷന്മാർക്കിടയിൽ തന്നെ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനത്തിൽ നിന്നാണ് 7.3 ശതമാനമായി വർധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 60,000 പുരുഷന്മാർ തൊഴിൽ രഹിതരാണെന്ന് വെളിപ്പെടുത്തുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാലാണ് ഇവിടെ തൊഴിലില്ലായ്മ വർധിച്ചതെന്നാണ് വിലയിരുത്തുന്നത്. നിർമ്മാണ മേഖലയിലെ മാന്ദ്യവും മൈനിങ് മേഖലയിൽ തൊഴിൽ കുറഞ്ഞതും. രണ്ടാഴ്ച മുമ്പാണ് എലിസബത്തിലുള്ള ഹോൾഡൻ ഫാക്ടറിയിൽ നിന്ന് 270 പേരെ പിരിച്ചുവിട്ടതെന്ന റിപ്പോർട്ട് വന്നത്.