മയാമി: മലയാളിയുടെ ആവേശമായ ജലമേളയുടെ ഓർമ്മകൾ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിനായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ അമേരിക്കൻ മലയാളികൾക്ക് കാഴ്ചവച്ച 'സൗത്ത് ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം' ആവേശമുണർത്തി. ഹോളിവുഡിലെ വിശാലമായ ടി.വൈ പാർക്കിലെ ജലാശയത്തിൽ ഒമ്പതാമത് തവണ ജലമേള അരങ്ങേറിയത്. ഇരുപത് തുഴച്ചിൽക്കാരും ഒരു അമരക്കാരനും, ഒരു താളക്കാരനും ചേർന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ 400 മീറ്റർ ദൂരം തടാകത്തിലെ ട്രാക്കിലൂടെ തുഴഞ്ഞാണ് ഫിനിഷിങ് പോയിന്റിൽ എത്തുന്നത്.

ജോസ്മാൻ കരേടൻ ക്യാപ്റ്റനായുള്ള ഡ്രം ലവേഴ്‌സ് ഓഫ് ഫ്‌ളോറിഡ ടീം ആണ് ആവേശകരമായ ഫൈനൽ മത്സരത്തിൽ മയാമി ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സൗത്ത് ഫ്‌ളോറിഡ നെഹ്‌റു ട്രോഫി കരസ്ഥമാക്കിയത്. ലൂസേഴ്‌സ് ഫൈനലിൽ മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ ടീമും, പൈംബ്രൂക്ക് ഫാൾസ് ചൂണ്ടൻ ടീമും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പെംബ്രൂക്ക് ഫാൾസ് ചുണ്ടൻ ടീം ആണ് സെക്കൻഡ് റണ്ണർഅപ്പായത്.

വള്ളംകളിയുടെ ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് ചെണ്ട, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കേരള സമാജത്തിന്റെ പവലിയനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വിശാലമായ ടി.വൈ പാർക്കിലൂടെ ആവേശമുണർത്തി കടന്നുപോയപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്ന് പാർക്കിലെത്തിയ സ്പോർട്സ് പ്രേമികൾ ആവേശപൂർവ്വം താളമേളങ്ങളിൽ ആകൃഷ്ടരായി ഘോഷയാത്രയിൽ അണിചേർന്ന് ആർപ്പ് വിളിച്ചപ്പോൾ മലയാളി മാമാങ്കം ആഗോളതലത്തിലേക്കുയരുകയായിരുന്നു. വള്ളംകളി മത്സരത്തിനുശേഷം അത്യധികം വാശിയേറിയ വടംവലി മത്സരവും പാർക്കിൽ അരങ്ങേറി.

തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ കേരള സമാജം പ്രസിഡന്റ് ജോയി ആന്റണി അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ മുഖ്യാതിഥിയായിരുന്നു. ഫോമാ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോൺ ടൈറ്റസ്, ഫാ. കുര്യാക്കോസ് കുമ്പുക്കീൽ തുടങ്ങിയവർ അതിഥികളായിരുന്നു. ഒന്നാം സ്ഥാനക്കാരായ ഡ്രം ലവേഴ്‌സ് ഓഫ് സൗത്ത് ഫ്‌ളോറിഡ ടീം നെഹ്‌റുട്രോഫി എവർ റോളിങ് ട്രോഫിയും, ആയിരം ഡോളർ ക്യാഷ് അവാർഡും ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേലിൽ നിന്ന് ഏറ്റുവാങ്ങി. രണ്ടാം സമ്മാനക്കാരായ മയാമി ചുണ്ടൻ ടീമിന് എവർ റോളിങ് ട്രോഫിയും 700 ഡോളറും കേരള സമാജം പ്രസിഡന്റും ഫോമാ ട്രഷററുമായ ജോയി ആന്റണി സമ്മാനിച്ചപ്പോൾ, സെക്കൻഡ് റണ്ണർഅപ്പിനുള്ള ട്രോഫി കേരളാ ബോട്ട് ക്ലബ് പ്രസിഡന്റ് സേവി മാത്യു നൽകി.

ഒന്നും, രണ്ടും, മൂന്നും സമ്മാനം ലഭിച്ച ടീമിന് പാസിലേഴ്‌സ് ബോട്ട് ക്ലബ് ഏർപ്പെടുത്തിയ മെഡലുകൾ, ജോജോ വാത്യേലിൽ, ബാബു കല്ലിടുക്കിൽ, കുഞ്ഞമ്മ കോശി, ജോയി കുറ്റിയാനി, സുരേഷ് നായർ തുടങ്ങിയവർ ചേർന്ന് അണിയിച്ചു. വടംവലി മത്സരത്തിൽ മയാമി ടീം ഒന്നാം സമ്മാനം നേടിയപ്പോൾ, രണ്ടാം സമ്മാനത്തിന് അർഹരായത് മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ ടീം അംഗങ്ങളും, മുന്നാം സ്ഥാനം ഡ്രംലവേഴ്‌സും പങ്കുവച്ചു. വടംവലി മത്സരത്തിന്റെ ക്യാഷ് അവാർഡുകൾ സ്‌പോൺസർ ചെയ്തത് ജോസഫ് ജെയിംസ്, ബേബി വർക്കി, ജോസ് വെമ്പാല, ചാക്കോ ഏബ്രഹാം, ഡൊമിനിക് ജോസഫ് എന്നിവരായിരുന്നു.

2016-ലെ മയാമി ഫോമാ കൺവൻഷനോടനുബന്ധിച്ച് അന്തർദേശീയ തലത്തിൽ മയാമിയിൽ വച്ച് വള്ളംകളി മത്സരം നടത്തുമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ സമ്മാനദാനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. കേരള സമാജം സെക്രട്ടറി ഷാലെറ്റ് വർഗീസ് കൃതജ്ഞത പറഞ്ഞു. പരിപാടികൾക്ക് മനോജ് ജോർജ്, സദാശിവൻ, ജോർജ് മലയിൽ, ജയിസൺ കാരകുന്നേൽ, ചാക്കോ ഏബ്രഹാം, ഫ്രാൻസീസ് അക്കരപറ്റി തുടങ്ങിയവർ നേതൃത്വം നൽകി. ജോയി കുറ്റിയാനി അറിയിച്ചതാണിത്.