- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായ നികുതി വകുപ്പ് നടത്തിയത് പതിവ് സർവെ; ബാങ്ക് ടിഡിഎസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണം വകുപ്പ് ഉന്നയിച്ചിട്ടില്ല; മതിയായ രേഖകളില്ലാതെയാണ് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന ആക്ഷേപവും വാസ്തവവിരുദ്ധം; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്കും ഇസാഫും
തൃശൂർ: സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ സൗത്ത് ഇന്ത്യൻ ബാങ്കിലും ഇസാഫിലും ആദായ നികുതി വകുപ്പു പരിശോധന നടത്തിയിരുന്നു. ആദായ നികുതി വകുപ്പിലെ ടി.ഡി.എസ് (ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ്) വിഭാഗമാണ് പരിശോധന നടത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയായിരുന്നു പരിശോധന നടത്തിയത്.
രണ്ട് കമ്പനികളുടെയും തൃശ്ശൂരിലുള്ള ആസ്ഥാനത്തായിരുന്നു ആദായനികുതി വിഭാഗം പരിശോധന നടത്തിയത്. നിക്ഷേപകരിൽ നിന്നും പണം സ്വീകരിക്കുന്ന കാര്യങ്ങളിലും പലിശ റിട്ടേണായി നൽകുമ്പോഴും വീഴ്‌ച്ചകൾ വരുത്തിയെന്ന സംശയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ബാങ്കുകളിലെ നിക്ഷേപകർക്ക് പലിശ നൽകുമ്പോൾ ടി.ഡി.എസ് അടക്കേണ്ട വലിയ നിക്ഷേപകരും ഉണ്ടാകും. ഇവരിൽ നിന്നും കൃത്യമായി ടി.ഡി.എസ് ഈടാക്കിയോ എന്നാണ് പരിശോധിച്ചത്.
എന്നാൽ, ആദായ നികുതി വകുപ്പ് നടത്താറുള്ള പതിവ് സർവേയാണ് ബാങ്കിൽ നടന്നതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. ബാങ്ക് ടിഡിഎസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ ഉന്നയിച്ചിട്ടില്ല. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും നടത്തുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണ് ഈ സർവെ എന്നാണ് ആദായ നികുതി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. 'മതിയായ രേഖകളില്ലാതെയാണ് ശാഖകൾ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത്' എന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും ബാങ്ക് അറിയിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രസ്താവന
ആദായ നികുതി വകുപ്പ് നടത്താറുള്ള പതിവ് സർവെയാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നടന്നത്. ബാങ്ക് ടിഡിഎസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ ഉന്നയിച്ചിട്ടില്ല. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും നടത്തുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണ് ഈ സർവെ എന്നാണ് ആദായ നികുതി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. താഴെ പറയുന്ന കാര്യങ്ങൾ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
1. പുതിയ കസ്റ്റമർ ഐഡി തുറക്കുന്നതും പ്രസക്തമായ എല്ലാ രേഖകളും പരിശോധിക്കുന്നതും ഒരു കേന്ദ്രീകൃത നടപടിയാണ്.
2. നിക്ഷേപങ്ങളിന്മേലുള്ള ടിഡിഎസ് കംപ്യൂട്ടർ അധിഷ്ഠിത സംവിധാനത്തിലൂടെയാണ് നടക്കുന്നത്. മാത്രമല്ല ആദായ നികുതി നിയമവും ചട്ടങ്ങളും പ്രകാരമുള്ള ഇളവുകൾ കോർ ബാങ്കിങ് സംവിധാനത്തിൽ രേഖപ്പെടുത്തുന്നത് ഒരു കേന്ദ്രീകൃത നടപടിയിലൂടെയാണ്. ഇതിനായുള്ള പ്രത്യേക ടീം രേഖകൾ പരിശോധിച്ച് ഉറപ്പാക്കാന്നുമുണ്ട്.
ഇതിലുപരിയായി, ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി കംപ്യൂട്ടർ അധിഷ്ഠിത സ്വയം പരിശോധനാ സംവിധാനങ്ങളും നിലവിലുണ്ട്.മേൽപ്പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 'മതിയായ രേഖകളില്ലാതെയാണ് ശാഖകൾ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത്' എന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണ്.
ഇസാഫ് ബാങ്കിൽ ആദായ നികുതി വകുപ്പ് നടത്തിയ സർവെ സംബന്ധിച്ച പ്രസ്താവന
ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും നടത്താറുള്ള പതിവ് സർവെയാണ് ഇസാഫ് ബാങ്ക് ആസ്ഥാനത്തും നടന്നത്. നികുതിദായകരുടെ ശൃംഖല വിപുലപ്പെടുത്തുന്നതിനാണ് ആദായ നികുതി ഉദ്യോഗസ്ഥർ ഈ സർവെ നടത്തി വരുന്നത്. സർവെയുമായി ഇസാഫ് ബാങ്ക് പൂർണമായും സഹകരിച്ചിട്ടുണ്ട്. പ്രവർത്തം ആരംഭിച്ചതു മുതൽ ആദായ നികുതി നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ചുപോരുന്നതിൽ അതീവ ശ്രദ്ധപുലർത്തുന്ന സ്ഥാപനമാണ് ഇസാഫ് ബാങ്ക്. സർവെയുടെ ഭാഗമായി മുൻവർഷങ്ങളിലെ അധിക വിവരങ്ങൾ നൽകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് രേഖകൾ ശേഖരിച്ചില്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമുള്ള തരത്തിൽ ഇതുമായി ബന്ധപ്പെട്ടു വന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണ്.
ബാങ്കിങ് രംഗത്ത് കടുത്ത മത്സരം നിലനിൽക്കുമ്പോൾ ഉപഭോക്താക്കളെ ആകർഷകരമാക്കാൻ ചില ബാങ്കുകൾ ഇത്തരം നടപടി ക്രമങ്ങൾ ഒഴിവാക്കുന്നതായാണ് ഉയർന്ന ആക്ഷേപം. കൃത്യമായ വിവര ശേഖരണം നടത്താതെ കോടികൾ നിക്ഷേപം സ്വീകരിച്ചുവെന്ന സംശയം ഉയർന്നിരുന്നു.
പുതിയ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുമ്പോൾ പാൻ നമ്പർ അടക്കമുള്ള വിവരങ്ങൾ കൈമാറേണ്ടതുണ്ട്. ഇക്കാര്യത്തിലും ബാങ്കുകൾ വീഴ്ച വരുത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. ഇത് കൂടാതെ പലിശ ഇനത്തിൽ എത്രത്തോളം പണം കൈമാറിയെന്ന് ആദായനികുതി വകുപ്പിന് ബോധ്യപ്പെട്ടിട്ടില്ല. ഇതിൽ അടക്കം വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്ന് ആദായ നികുതി വിഭാഗം വ്യക്തമാക്കി.
അടുത്തിടെ ടി.ഡി.എസ് ഇനത്തിൽ സർക്കാറിലേക്ക് ലഭിക്കേണ്ട തുകയിൽ കുറവ് അനുഭവപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ അടക്കം വിശദമായ പരിശോധനകൾ നടത്താനാണ് ടി.ഡി.എസ് വിഭാഗം ഒരുങ്ങുന്നത്. കേരളത്തിലെ സ്വകാര്യ ബാങ്കിങ് രംഗത്തെ പ്രമുഖരായ രണ്ട് സ്ഥാപനങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കും ഇസാഫും. മികച്ച അറ്റാദായമാണ് ഈ രണ്ട് കമ്പനികളും സാമ്പത്തിക വർഷത്തിൽ നേടിയത്.
മറുനാടന് മലയാളി ബ്യൂറോ