സിഡ്‌നി: തെക്കൻ സിഡ്‌നിയിൽ മോശം കാലാവസ്ഥ സൃഷ്ടിച്ച കെടുതിയിൽ ഉലഞ്ഞിരിക്കുകയാണ് നിവാസികൾ. കർനെൽ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ക്രിക്കറ്റ് ബോളിന്റെ വലുപ്പത്തിലുള്ള ആലിപ്പഴങ്ങളാണ് പെയ്തത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഏറെ അപകടകാരിയായിരുന്ന കൊടുങ്കാറ്റിൽ ജീവഹാനി ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ചെറിയ തോതിൽ ആരംഭിച്ച മഴ പിന്നീട് ശക്തിപ്രാപിക്കുകയും പിന്നീടത് രൗദ്രഭാവത്തിലുള്ള കൊടുങ്കാറ്റായി രൂപപ്പെടുകയുമായിരുന്നു. സിഡ്‌നി മേഖലയിൽ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും ശക്തിയേറിയതും അപകടകാരിയുമായ കൊടുങ്കാറ്റാണ് ഉണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

നിരവധി കെട്ടിടങ്ങളാണ് നിമിഷ നേരം കൊണ്ട് തകർന്നുവീണത്. ഇവിടെയുള്ള ഡീസാലൈനേഷൻ പ്ലാന്റും തകർന്നു. ബോണ്ടി ജംഗ്ഷനിലുള്ള വെസ്റ്റ് ഫീൽഡ്‌സ് ഷോപ്പിങ് സെന്ററിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. ഇതിലുണ്ടായിരുന്ന ആൾക്കാരെ പെട്ടെന്നു തന്നെ പുറത്താക്കിയതിനാൽ കൂടുതൽ അപകടമൊന്നും ഉണ്ടായില്ല. ക്രിസ്മസ് ഷോപ്പിംഗിന് എത്തിയവരായിരുന്നു കൂടുതലും പേരും. മേൽക്കൂരയിൽ നിന്നും വശങ്ങളിലുള്ള ഭിത്തിയിൽ നിന്നും മറ്റും ഗ്ലാസ് പൊട്ടി വീഴാൻ തുടങ്ങിയപ്പോൾ തന്നെ പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും സഹായം തേടുകയായിരുന്നു. കാറ്റിന്റെ ശക്തിയിൽ ഇതിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറാൻ തുടങ്ങി.

മോശം കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. മിക്ക സർവീസുകളും താമസിച്ചാണ് ഓടുന്നത്. കനത്ത മഴയിൽ ഷോൽഹെവൻ മേഖല വെള്ളത്തിനിടിയിലായി. സെന്റ് ജോർജ് ബേസിനിൽ 146 മില്ലിമീറ്റർ മഴയാണ് പെയ്തത്. ന്യൂസൗത്ത് വെയിൽസിൽ കമ്പനിയുടെ മേൽക്കൂര നിലംപൊത്തിയതിനെ തുടർന്ന് 39 പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.