- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുണക്കുട്ടികൾക്ക് സൈന്യത്തിൽ അഗ്നിവീർ ആകാം; ജോലി 4 വർഷം വരെ; പ്രതിവർഷം 46,000 യുവാക്കൾക്ക് അവസരം; 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് പ്രക്രിയ; അടിമുടി മാറ്റത്തിലേക്ക് ഇന്ത്യൻ സേന എന്ന് ദക്ഷിണ നാവിക സേനാ മേധാവി
കൊച്ചി: ഇന്ത്യൻ സേനയിലേക്ക് ഇനി 'അഗ്നിപഥ് റിക്രൂട്ട്മെന്റ് മാത്രം'. മറ്റു റിക്രൂട്ട്മെന്റുകളെല്ലാം നിർത്തിയതായി ദക്ഷിണ നാവിക സേനാ മേധാവി എം.എ ഹംപി ഹോളി കൊച്ചിയിൽ അറിയിച്ചു. ഇന്ത്യൻ സായുധ സേനയുടെ പ്രതിച്ഛായയെ മാറ്റി മറിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റിന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. 17.5 വയസ്സുമുതൽ 21 വയസ്സുവരെയുള്ളവർക്കാണ് അവസരം. ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് പദ്ധതിപ്രകാരം നിയമിക്കും. 3,000 പേരെയാണ് നേവിയിലേക്ക് നിയമിക്കുക. നാല് വർഷമായിരിക്കും സേവനകാലാവധി. 'അഗ്നിപഥ് റിക്രൂട്ട്മെന്റ് വഴി നിയമിതരാവുന്ന സേനാംഗങ്ങൾ 'അഗ്നിവീർ'('അഗ്നിവീരന്മാർ') എന്നറിയപ്പെടും. സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കും. യൂണിഫോം സേനകളിൽ താത്പര്യമുള്ള, എന്നാൽ അധിക കാലം ജോലി ചെയ്യാൻ താത്പര്യമില്ലാത്ത യുവാക്കൾക്ക് അഗ്നിപഥ് ഗുണം ചെയ്യുമെന്ന് ഹംപി ഹോളി കൊച്ചിയിൽ പറഞ്ഞു.
സായുധ സേനകളെ കൂടുതൽ യുവത്വമുള്ളതാക്കാനാണ് അഗ്നിപഥ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമകാലിക സാങ്കേതിക പ്രവണതകളുമായി കൂടുതൽ ഇണങ്ങിച്ചേരുന്ന, യൂണിഫോം ധരിക്കാൻ താൽപ്പര്യമുള്ള യുവ പ്രതിഭകൾക്ക് സായുധ സേനകളിൽ നാലു വർഷം സേവനമനുഷ്ഠിക്കാൻ സാധിക്കും. നാലു വർഷങ്ങൾക്ക് ശേഷം തിരികെ പൊതു സമൂഹത്തിലേക്കെത്തുന്ന ഇവർക്ക് അച്ചടക്കവും നൈപുണ്യ ഗുണങ്ങളുമുണ്ടായിരിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യൻ സായുധ സേനയുടെ ശരാശരി പ്രായം ഏകദേശം 4-5 വർഷം കുറയുമെന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. മതിയായ അച്ചടക്കവും, വൈദഗ്ധ്യവും മറ്റ് മേഖലകളിൽ സംഭാവന നൽകാൻ കഴിവുള്ളവരുമായ യുവാക്കളെ തിരികെ നൽകുന്നതിലൂടെ രാജ്യത്തിന് വളരെയധികം പ്രയോജനം ലഭിക്കും. ബാഹ്യ ഭീഷണികൾ, ആഭ്യന്തര ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ നേരിടാൻ ദേശസ്നേഹം, ടീം വർക്ക്, ശാരീരിക ക്ഷമത, രാജ്യത്തോടുള്ള വിശ്വസ്തത എന്നീ ഗുണങ്ങളുള്ള ഒരു യുവതയെ വാർത്തെടുക്കാൻ ഇതിലൂടെ സാധിക്കും. മൂന്നു സേനകളിലേക്കുമുള്ള റിക്രൂട്ട്മെന്റ് ഉടനടി പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നയപ്രകാരമായിരിക്കും.
അഗ്നി വീരന്മാരാകാൻ പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായവർക്ക് അപേക്ഷിക്കാം. വൈദ്യ പരിശോധന, ശാരീരിക ക്ഷമത നിർദിഷ്ട യോഗ്യത ഉണ്ടായിരിക്കണം. സേനകളിലേക്ക് നിലവിൽ സ്വീകരിക്കുന്ന യോഗ്യതാമാനദണ്ഡങ്ങളായിരിക്കും അഗ്നിപഥിനും ഉണ്ടായിരിക്കുക. സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യൻ സായുധ സേനയ്ക്ക് നൽകുന്ന അതേ പരിശീലനം അഗ്നിവീരന്മാർക്കും നൽകും. പരിശീലന മാനദണ്ഡങ്ങൾ സായുധ സേനയിലെ ഉദ്യോഗസ്ഥർ വ്യക്തമായി നിരീക്ഷിക്കും. പത്ത് ആഴ്ച മുതൽ ആറ് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ശേഷം നിലവിലുള്ള റാങ്കുകളിൽ നിന്ന് വ്യത്യസ്ത റാങ്കുകളിലായി നിയമനം നൽകും.
അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളായ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് എന്നിവയിൽ നിന്നുള്ള പ്രത്യേക റാലികളും ക്യാമ്പസ് ഇന്റർവ്യൂകളുമുള്ള മൂന്ന് സേനകൾക്കുമായുള്ള കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെയാണ് എന്റോൾമെന്റ് നടത്തുന്നത്. എന്റോൾമെന്റ് 'ഓൾ ഇന്ത്യ ഓൾ ക്ലാസ്' അടിസ്ഥാനത്തിലായിരിക്കും. യോഗ്യത പ്രായം 17.5 മുതൽ 21 വയസ്സ് വരെയാണ്. സായുധ സേനയിൽ എന്റോൾ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള മെഡിക്കൽ യോഗ്യതാ വ്യവസ്ഥകൾ അതത് വിഭാഗങ്ങൾക്ക് ബാധകമാണ്. അഗ്നിവീരന്മാരുടെ വിദ്യാഭ്യാസ യോഗ്യത വിവിധ വിഭാഗങ്ങളിൽ ചേരുന്നതിന് നിലവിലുള്ളതുപോലെ തന്നെ തുടരും. ഉദാഹരണത്തിന്: ജനറൽ ഡ്യൂട്ടി (ജിഡി) സൈനികരിലേക്കുള്ള പ്രവേശനത്തിന്, വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് ആണ്.
ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളിൽ നിയമിതരാവുന്ന ഇവരിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. ബാക്കി 75% പേർക്ക് 11.71 ലക്ഷം രൂപ എക്സിറ്റ് പാക്കേജ് നൽകും. ഇവർക്ക് പിരിഞ്ഞുപോയി സാധാരണജോലികളിൽ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. പരിശീലനം ലഭിച്ച ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇതിനകംതന്നെ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അഗ്നിവീരന്മാർക്ക് തുടർ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നൽകും. അതേ സമയം 25 ശതമാനം എന്നത് ഉയരുമെന്നും അധികൃതർ പറയുന്നുണ്ട്. കാരണം, പുതിയ ഷിപ്പ് വരുമ്പോഴോ, ഓഫീസർമാർ വിരമിക്കുമ്പോഴോ സ്ഥിര നിയമനം ഉണ്ടാവും.
തുടക്കത്തിൽ വാർഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോൾ 6.92 ലക്ഷമായി ഉയരും. 30000- 40000 രൂപയായിരിക്കും മാസശമ്പളം. ഒപ്പം അലവൻസുകളും നോൺ-കോൺട്രിബ്യൂട്ടറി ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെൻഷൻ ഉണ്ടായിരിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. നാല് വർഷത്തിന് ശേഷം പിരിയുമ്പോൾ പി.എഫിന് സമാനമായ സാമൂഹിക സുരക്ഷാ പദ്ധതി 'സേവാനിധി' പാക്കേജ്' എന്ന പേരിൽ 11.7 ലക്ഷം രൂപ നൽകും. ഇതിന് ആദായനികുതി അടയ്ക്കേണ്ടതില്ല.
സേവനത്തിനിടെ സൈനികൻ മരിച്ചാൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് സഹായം കുടുംബാംഗങ്ങൾക്ക് ലഭിക്കും. പ്രീമിയം ഈടാക്കാതെയാണ് ഈ പരിരക്ഷ. സർവീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപകൂടി കുടുംബത്തിന് ലഭിക്കും. സേവാനിധിയിലെ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപ കുടുംബാംഗങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം സേവനം നടത്താൻ കഴിയാതെപോയ കാലയളവിലെ മുഴുവൻ ശമ്പളവും നൽകും. സേവനത്തിനിടയിൽ അത്യാഹിതമുണ്ടായി ശാരീരിക പ്രശ്നങ്ങളുണ്ടായാൽ മെഡിക്കൽ അധികൃതരുടെ ശുപാർശ പ്രകാരം ശാരീരിക പ്രശ്നങ്ങളുടെ തോതനുസരിച്ച് നഷ്ടപരിഹാരം നൽകും. 50 ശതമാനം ശാരീരിക പ്രശ്നങ്ങൾക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരിക പ്രശ്നങ്ങൾക്ക് 44 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം.
ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് യുവാക്കൾക്ക് രാജ്യത്തെ സേവിക്കാനും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകാനുമുള്ള ഒരു അതുല്യമായ അവസരം, ആകർഷകമായ സാമ്പത്തിക പാക്കേജ്, മികച്ച സ്ഥാപനങ്ങളിൽ പരിശീലനം ലഭിക്കാനും അവരുടെ കഴിവുകളും യോഗ്യതകളും വർദ്ധിപ്പിക്കാനുമുള്ള അവസരം, സമൂഹത്തിൽ സൈനിക ധാർമ്മികതയുള്ള നല്ല അച്ചടക്കവും വൈദഗ്ധ്യവുമുള്ള യുവാക്കളുടെ ലഭ്യത, സമൂഹത്തിലേക്ക് മടങ്ങി വരുന്നവർക്ക് മതിയായ പുനർ തൊഴിലവസരങ്ങൾ എന്നിവയാണ് എന്നും ദക്ഷിണ നാവിക സേനാ മേധാവി അറിയിച്ചു. ദക്ഷിണ നാവിക സേനാ മേധാവിക്കൊപ്പം ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജ്ജ്, ചീഫ് സ്റ്റാഫ് ഓഫീസർ റിയർ അഡ്മിറൽ ടി.വി.എൻ പ്രസന്ന, ഡിഫൻസ് പി.ആർ.ഓ കമാണ്ടർ അതുൽ പിള്ളൈ എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയിച്ചത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.