- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടൽമാർഗ്ഗമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കും ലഹരി കടത്തിനും തടയിടാൻ സുരക്ഷാ വിന്യാസം നടത്തും; മത്സ്യ തൊഴിലാളികളെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനം; കേരള തീരത്തെ സുരക്ഷാ നടപടികൾ വിശദീകരിച്ചു ദക്ഷിണ നാവിക സേനാ മേധാവി
കൊച്ചി: കടൽമാർഗ്ഗമുള്ള തീവ്രവാദ പ്രവർത്തനത്തനങ്ങൾക്കും ലഹരി കടത്തിനും തടയിടാൻ സമുദ്ര മേഖലയിൽ ശക്തമായ സുരക്ഷാ വിന്യാസം നടത്തുമെന്ന് ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്‌മിറൽ എം.എ ഹംപി ഹോളി. തീവ്രവാദവും കള്ളക്കടത്തും നടത്തുന്ന ഒരാളെയും വെറുതെ വിടില്ല. അതിനായി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു പ്രവർത്തികളും അപ്പോൾ തന്നെ കണ്ടെത്താനായി പ്രത്യേക സംഘത്തെ ആകാശ മാർഗ്ഗവും കടൽമാർഗ്ഗവും നിരീക്ഷണത്തിനായി നിയോഗിക്കും. മത്സ്യത്തൊഴിലാളികളെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനമുണ്ടാകും. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ഐ.എൻ.എസ് തീർ പടക്കപ്പലിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ നാവിക സേനയുടെ മേധാവിയായി ചുമതയേറ്റ ശേഷമുള്ള ആദ്യ വാർത്താ സമ്മേളനമായിരുന്നു അദ്ദേഹത്തിന്റേത്.
സമുദ്ര മേഖലയിലൂടെ ആയുധ- മയക്കുമരുന്ന് കടത്ത് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ ബോട്ടിൽ നിന്ന് മയക്കുമരുന്നുകളും എകെ47 അടക്കമുള്ള തോക്കുകളും പിടികൂടിയിട്ടുണ്ട്. ഇതിനുശേഷം തീരസംരക്ഷണ നേനയും നാവിക സേനയും വലിയ ജാഗ്രതയിലാണ്. കടൽ മാർഗത്തിലൂടെയുള്ള ശത്രുക്കളുടെ ഒരു കടന്നുകയറ്റവും ഇനി ഉണ്ടാവില്ലെന്നും ഹംപി ഹോളി പറഞ്ഞു.
ഇന്ത്യ 65000 ടൺ ശേഷിയുള്ള വലിയ വിമാന വാഹിനിക്കപ്പൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. ഐ.എൻ.എസ് വിക്രാന്തിന് ശേഷം ഈ വിമാന വാഹിനി കൂടി എത്തിയാൽ ഇന്ത്യൻ നേവി സമുദ്ര മേഖലയിൽ വലിയ ആധിപത്യം സ്ഥാപിക്കും. പുതിയ കപ്പൽ നിർമ്മിക്കാനുള്ള സർക്കാർ അനുമതി മാത്രമാണ് ഇനി വേണ്ടത്. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അന്തർവാഹിനികളുട നിർമ്മാണം ഉടൻ തുടങ്ങുമെന്നും എല്ലാ രീതിയിലും നാവിക സേനയുടെ കാര്യക്ഷമത വർദ്ദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുമായി കൂടുതൽ ഇടപഴുകി അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിലും കോവിഡ് കാലത്തും നാവിക സേന ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനായി സംസ്ഥാന സർക്കാരുമായി കൈകോർത്ത് പ്രവർത്തിച്ചു. അവസാനമായി കോട്ടയം - ഇടുക്കി ജില്ലകളിലായി മികച്ച രീതിയിൽ പ്രവർത്തനം നടത്തി എന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്‌മിറൽ ജോർജ് ഡിഫൻസ് പി.ആർ.ഒ അതുൽ പിള്ള എന്നിവരും വാർത്താ സമ്മെളനത്തിൽ പങ്കെടുത്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.