- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറിൽ 160 കിലോമീറ്റർ വേഗവുമായി ദക്ഷിണ റെയിൽവെയുടെ മൂന്നാം ലൈൻ; ആദ്യഘട്ടം എറണാകുളം-ഷൊർണൂർ റൂട്ടിൽ നിർമ്മിക്കാൻ കേന്ദ്രാനുമതി; കെ റെയിലിന്റെ പരമാവധി വേഗം 200 കി.മീ എങ്കിലും ഓപ്പറേറ്റിങ് സ്പീഡ് 135 കി.മീ മാത്രം; കെ റെയിലിന് കേന്ദ്രത്തിന്റെ പാരയോ?
തിരുവനന്തപുരം: കെ റെയിലിന്റെ ഹോം പേജിൽ കയറിയാൽ മിത്തും യാഥാർത്ഥ്യവും എന്ന കുറിപ്പ് കാണാം. പദ്ധതിയെ എതിർക്കുന്നവർക്കുള്ള മറുപടികളാണിത്. അതിൽ ഒന്ന് നിലവിലുള്ള ട്രെയിനുകളുടെ സ്പീഡ് ഇന്ത്യൻ റെയിൽവെ കൂട്ടിയാൽ കെ-റെയിൽ അപ്രസക്തം ആകില്ലേ എന്ന ചോദ്യമാണ്. ഇതിന് കെ-റെയിൽ എം.ഡി.അജിത് കുമാർ വിയുടെ മറുപടി ഇങ്ങനെയാണ്.
'160 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയിൽ ബ്രോഡ്ഗേജ് പാതയിൽ ഓടുന്നില്ല. നിലവിൽ ഡൽഹി-ആഗ്ര സെക്ഷനിൽ 188 കിലോമീറ്റർ ദൂരംമാത്രമാണ് 160 കിലോമീറ്റർ വേഗത്തിൽ ഓടുന്നത്. മറ്റൊരു വസ്തുത, ഡൽഹി-മുംബൈ, ഡൽഹി-ഹൗറ എന്നീ രണ്ട് പാതകൾ മാത്രമാണ് 160 കിലോമീറ്റർ വേഗത്തിലേക്ക് ഉയർത്താൻ പദ്ധതിയുള്ളത്. മറ്റുള്ള ഗോൾഡൻ ക്വാഡ്രിലേറ്ററുകളിലെല്ലാം 130 കിലോമീറ്റർ വേഗത്തിലേക്കുമാത്രം ഉയർത്താനാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ട്രാക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല.'
എന്നാൽ, കെ റെയിൽ എംഡിക്ക് തെറ്റി എന്നതാണ് പുതിയ വാർത്ത. കെ റെയിൽ പാതയേക്കാൾ സഞ്ചാരവേഗമുള്ള മൂന്നാം പാതയുമായി ദക്ഷിണ റെയിൽവേ രംഗത്തെത്തി. ആദ്യഘട്ടം എറണാകുളം-ഷൊർണൂർ റൂട്ടിൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. മണിക്കൂറിൽ 160 കി.മീ. വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പാതയായിരിക്കും മൂന്നാം ലൈൻ.
പദ്ധതി 2024ൽ പൂർത്തിയാക്കാനാണ് തീരുമാനം. പദ്ധതിക്കായി 1500 കോടി രൂപ അനുവദിച്ചു. മൂന്നാം ലൈൻ സംസ്ഥാനമാകെ നടപ്പാക്കാനാണ് ലക്ഷ്യം. മൂന്നാം ലൈൻ കേരളാ സർക്കാർ കൊണ്ടുവരുന്ന കെ റെയിലിനേക്കാൾ വേഗത കൂടിയതായിരിക്കുമെന്നാണ് വാദം. ഇതോടെ കെ റെയിലിന് പ്രസക്തിയുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്. കെ റെയിലിന്റെ പരമാവധി വേഗം മണിക്കൂറിൽ 200 കി.മീ. ആണെങ്കിലും ഓപ്പറേറ്റിങ് സ്പീഡ് 135 കി.മീ. മാത്രമാണെന്ന് പറയുന്നു. മൂന്നാം ലൈനിന്റെ ശരാശരി വേഗം ആകട്ടെ 160 കി.മീ.ആണ്.
ഒരു വർഷം മുമ്പ് മൂന്നാം ലൈൻ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസവും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് പദ്ധതി മരവിപ്പിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ചരക്കുനീക്കവും മുന്നിൽ കണ്ടാണ് മൂന്നാം ലൈൻ പദ്ധതി കൊണ്ടുവരുന്നത്.
പദ്ധതിയുടെ ഭാഗമായി ഷൊർണൂർ യാർഡ് റീ മോഡലിങ്, പാലക്കാട് ഭാഗത്തേക്ക് പുതിയ ലൈനുകൾ, ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം, ഷൊർണൂരിൽ നിന്ന് പാലക്കാട്-കോയമ്പത്തൂരിലേക്ക് ആരംഭിക്കുന്ന ലൈനിന് പകരം വള്ളത്തോൾ നഗറിൽ നിന്ന് പുതിയ ലൈൻ എന്നിവ തുടങ്ങും.ഷൊർണൂർ യാർഡ് രണ്ടു ഗ്രിഡായി ഭാഗിച്ച് 1,2,3 ഭാഗങ്ങൾ പാലക്കാട്-കോഴിക്കോട് ട്രെയിനുകൾക്കും 4,5,6,7 ഗ്രിഡ് കോഴിക്കോട്-തൃശൂർ റൂട്ടിലെ ട്രെയിനുകൾക്കുമായി ഉപയോഗിക്കും. സിഗ്‌നൽ സംവിധാനത്തിന്റെ നവീകരണവും ഉണ്ടാകും.
ഭാവിയിൽ മൂന്നാം ലൈൻ കാസർഗോഡ് മുതൽ ഷൊർണൂർ വരെ നീട്ടാനും എറണാകുളത്തുനിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് നീട്ടാനും തീരുമാനമുണ്ട്. പദ്ധതി കൊണ്ടുവരുന്നതിലൂടെ ആരേയും കുടിയൊഴിപ്പിക്കില്ല എന്ന സവിശേഷതയുമുണ്ട്.
കെറെയിലിൽ ആകട്ടെ പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കേണ്ടി വരും.63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ച് വർഷം കൊണ്ടാണ് ചെലവാക്കുന്നത്. തുക അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ സ്വീകരിക്കും. കേന്ദ്ര - സംസ്ഥാന വിഹിതങ്ങൾ ഇതിനകത്തുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ