ബ്രിസ്റ്റോൾ: നഴ്സിങ് ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ റെസിഡന്റിന് മരുന്ന് നൽകുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ സസ്പെൻഷനും എൻഎംസി അന്വേഷണവും നടക്കുന്നതിനിടയിൽ അക്കാര്യം മറച്ച് വച്ച് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായി ജോലിക്ക് കയറിയതിന്റെ പേരിൽ ബ്രിസ്റ്റോളിൽ താമസിക്കുന്ന മലയാളിയായ മെയിൽ നഴ്സിനെ കോടതി ജയിലിൽ അടച്ചു. തൊടുപുഴ സ്വദേശിയായ ഷെൽവി വർക്കിയെയാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിലിൽ അടച്ചത്. ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന ഷെൽവിയെ പത്ത് മാസത്തേക്കാണ് ബ്രിസ്റ്റോൾ മജിസ്ട്രേറ്റ് കോടതി തടവിലേക്ക് അയച്ചത്. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ബ്രിസ്റ്റോളിൽ തന്നെയാണ് താമസം. 

മുമ്പ് ജോലി ചെയ്തിരുന്ന നഴ്സിങ് ഹോമിലെ റെസിഡന്റിന് മരുന്ന് കൊടുക്കാൻ വിട്ട് പോയതുമായി ബന്ധപ്പെട്ടാണ് ഷെൽവിക്കെതിരെ എൻഎംസി നടപടി ആരംഭിച്ചത്. ബ്രിസ്റ്റോളിൽ തന്നെ കീൻഷാം നഴ്സിങ് ഹോമിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു ഇത്. എൻഎംസി കേസ് നടക്കുന്നതിനിടയിൽ ഷെൽവി ആ വിവരം മറച്ച് വച്ച് ബ്രിസ്റ്റോളിലെ പ്രമുഖ എൻഎച്ച്എസ് ആശുപത്രിയായ സൗത്ത് മേഡിൽ നഴ്സായി ജോലിക്ക് കയരി. ഈ ജോലി കിട്ടാനായി രണ്ട് വ്യാജ റഫറൻസ് ലെറ്ററുകളും ഷെൽവി ഹാജരാക്കിയതായി കോടതി കണ്ടെത്തി. ആദ്യ അന്വേഷണത്തിൽ ഷെൽവിക്കെതിരെ നടപടി ഉണ്ടായപ്പോൾ മാത്രമാണ് എൻഎച്ച്എസ് ആശുപത്രി അധികൃതർ എൻഎംസി അന്വേഷണ കാര്യം അറിയുന്നത്. തുടർന്ന് തട്ടിപ്പിന്റെ പേരിൽ പൊലീസ് കേസ് എടുക്കുക ആയിരുന്നു. അതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസം പത്ത് മാസത്തേക്ക് ശിക്ഷിച്ചത്.

തനിക്കെതിരെ നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അന്വേഷണം നടക്കുമ്പോഴായിരുന്നു സൗത്ത് മെഡ് ഹോസ്പിറ്റലിൽ വച്ച് നടന്ന ഒരു ജോബ് ഫെയറിൽ പങ്കെടുത്ത ഷെൽവി നഴ്സിങ് ജോലിക്കായി അപേക്ഷ സമർപ്പിച്ചിരുന്നത്. തനിക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന കാര്യം മറച്ച് വച്ചുവെന്നതിന് പുറമെ തെറ്റായ രേഖകൾ ഹാജരാക്കി ജോലിക്ക് കയറിയെന്ന കുറ്റം കൂടിയാണ് ഇയാൾക്ക് മേൽ ഇപ്പോൾ ചുമത്തപ്പെട്ടിരിക്കുന്നത്. തുടർന്ന് ഒരു വർഷമായി സൗത്ത്മെഡിൽ നഴ്സായി ജോലി ചെയ്ത് വരവെയാണ് ഷെൽവി അകത്തായിരിക്കുന്നത്.

ആ ഒരു വർഷക്കാലത്തിനിടെ അയാളുടെ ജോലിയുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഉയർന്നിട്ടുണ്ടായിരുന്നില്ല. തുടർന്ന് നേരത്തെ അദ്ദേഹത്തിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണത്തിലെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയും കുറ്റക്കാരനാണെന്ന് വിധിക്കുകയുമായിരുന്നു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു 43 കാരനായ ഷെൽവി ആദ്യം തറപ്പിച്ച് പറഞ്ഞിരുന്നത്. എന്നാൽ ബ്രിസ്റ്റോൾ മജിസ്ട്രേറ്റ്സിന് മുന്നിൽ നടന്ന വിചാരണയിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. ജഡ്ജ് മാർക്ക് ഹോർട്ടനാണ് ഷെൽവിയെ ജയിലിൽ അടയ്ക്കാനുള്ള വിധി പുറപ്പെടുവിച്ചത്.

കടുത്ത കുറ്റമാണ് ഷെൽവി ചെയ്തതെന്നാണ് ജഡ്ജ് വിലയിരുത്തിയത്. കരുതിക്കൂട്ടിയുള്ള കുറ്റമാണിതെന്നും അതിനാൽ തടവിൽ കിടന്നേ മതിയാവൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. ആശുപത്രികളുടെ ഗുണമേന്മയും കെയറും ഉറപ്പ് വരുത്തുന്നതിന് മുൻഗണന നൽകിയേ മതിയാവൂ എന്നും ജഡ്ജ് പ്രഖ്യാപിച്ചിരുന്നു. 100 പൗണ്ട് വിക്ടിം സർ ചാർജ് അടയ്ക്കാനും ഷെൽവിയോട് ഉത്തരവിട്ടിട്ടുണ്ട്. താൻ എൻഎംസി അന്വേഷണത്തിന് വിധേയനായിക്കൊണ്ടിരിക്കുന്ന കാര്യം മറച്ച് വച്ച് കൊണ്ടാണ് ഷെൽവി സൗത്ത്മെഡിൽ ജോലിക്ക് അപേക്ഷിച്ചതെന്നും അതിനായി വ്യാജ റെഫറൻസ് ലെറ്ററുകൾ ഹാജരാക്കിയെന്നും പ്രോസിക്യൂട്ടറായ പോൾ റിക്കെറ്റ്സ് ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

2015 ജൂണിലായിരുന്നു ഷെൽവിയെ നിയമിച്ചിരുന്നത്. എന്നാൽ ഇയാൾ എൻഎംസി അന്വേഷണത്തിന് വിധേയനായിക്കൊണ്ടിരിക്കുന്ന ആളാണെന്ന് ഒരു സബ്സിക്യുന്റ് നഴ്സസ് ആന്വൽ വാലിഡേഷൻ പ്രൊസസിലൂടെ സ്ഥാപിക്കപ്പെടുകയും തുടർന്ന് കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. സൗത്ത് മെഡിൽ ജോലി നേടാനായി ഷെൽവി തന്റെ കൂടെ മുമ്പ് ജോലി ചെയ്തിരുന്ന മഞ്ജു അബ്രഹാമിൽ നിന്നും കുടുംബാംഗം ടീന ജോസിൽ നിന്നും വ്യാജ റഫറൻസുകൾ സംഘടിപ്പിച്ച് നൽകിയെന്നും കണ്ടെത്തിയിരുന്നു. താൻ ഈ റഫറൻസുകൾ കണ്ടില്ലെന്നായിരുന്നു അറസ്റ്റിലായ ഉടൻ ഷെൽവിയുടെ പ്രതികരണം.

ഒരു വർഷം ജോലി ചെയ്ത വകയിൽ ഷെൽവി 21,692 പൗണ്ട് സമ്പാദിച്ചുവെന്ന് തെളിഞ്ഞിട്ടുണ്ട്. അവസാന മൂന്ന് മാസത്തെ ശമ്പളം ഹോസ്പിറ്റൽ നൽകിയിരുന്നില്ല. അന്വേഷണം നേരിടുന്ന കാര്യം തന്റെ കക്ഷി മറച്ച് വച്ചുവെന്ന കാര്യം ഷെൽവിയുടെ അഭിഭാഷകൻ എഡ്വാർഡ് ഹെതെറിങ്ടൺ സമ്മതിച്ചു. എന്നാൽ ജോലി ചെയ്യാൻ വേണ്ട ഡിഗ്രിയും, പരിശ്രമവും കഴിവും തന്റെ കക്ഷിക്കുണ്ടെന്നും എഡ്വാർഡ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. മുമ്പ് ജോലി ചെയ്തിടത്തെ റെസിഡന്റിന് മരുന്ന് നൽകിയില്ലെന്ന പേരിലാണ് ഷെൽവിക്കെതിരെ അന്വേഷണം നടന്നിരുന്നതെങ്കിലും പിന്നീട് ഈ മരുന്ന് ഓപ്പൺ ചെയ്യാത്ത വിധത്തിൽ രോഗിയുടെ ബെഡിൽ നിന്നും കണ്ടെത്തിയിരുന്നുവെന്നും എഡ്വാർഡ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.

സൗത്ത്മെഡിലെ ഷെൽവിയുടെ ജോലിയിൽ പിഴവുകളൊന്നുമുണ്ടായിരുന്നില്ലെന്നും എഡ്വാർഡ് വിചാരണക്കിടെ എടുത്ത് കാട്ടിയിരുന്നു. 2001 മുതൽ ഷെൽവി യുകെയിൽ പ്രാക്ടീസ് ചെയ്ത് വരുന്നുണ്ടെന്നും അപ്പോഴൊന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു. യുകെയിൽ നഴ്സിങ് ചെയ്യുന്നതിൽ നിന്നും ഷെൽവിയെ വിലക്കിയിട്ടില്ലെന്നും എന്നാൽ വീണ്ടും ജോലി ചെയ്യാൻ റീ ക്വാളിഫൈക്കായി ശ്രമിക്കേണ്ടി വരുമെന്നും വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു.