- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം അയ്യായിരം, പിന്നെ പത്തുലക്ഷം; സീനിയർ കെയർ വിസയുടെ പേരിൽ വിലസുന്ന നൂറു കണക്കിന് ഏജന്റുമാരിൽ ഒരാൾക്ക് കൂടി ലോക്ക് വീഴുന്നു; പരാതി ഉയർന്നിരിക്കുന്നത് കൂത്താട്ടുകുളത്തെ ഏജൻസിക്കെതിരെ; ദിവസവും അപേക്ഷയുമായി എത്തുന്നത് നൂറിലധികം പേർ
ലണ്ടൻ: ''സാറേ എന്റെ ബെൻസ് കാർ പൊലീസ് സ്റ്റേഷന്റെ ഇടുങ്ങിയ വഴിയിലൂടെ കയറുമോ? കാർ ഇടാൻ അവിടെ സ്ഥലം കാണുമോ? '', കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്രൈം നമ്പർ 128806/ 2021 എന്ന കേസിൽ യുകെയിലെ ഡെർബിക്കാരനായ മാറാടി സ്വദേശി സോയി ജോസഫിന്റെ പ്രധാന സംശയം ഇങ്ങനെയാണ്.
തീർച്ചയായും അനേക ലക്ഷം രൂപ വിലയുള്ള കാർ സുരക്ഷിതമായി പാർക്ക് ചെയ്യുക എന്നത് വാഹന ഉടമയുടെ അവകാശം ആണെങ്കിലും ആ കാർ അടക്കം സോയി ഇട്ടിരിക്കുന്ന അടി വസ്ത്രം പോലും സാധാരണക്കാരായ മലയാളി ഉദ്യോഗാർത്ഥികളുടെ അധ്വാനത്തിന്റെ വിയർപ്പിന്റെ ഫലം ആണെന്നാണ് പരാതിക്കാരനായ മുൻ യുകെ മലയാളി കൂടിയായ പാലാ സ്വദേശി സുമിത് ജോർജ് മുണ്ടത്താനത്ത് വെളിപ്പെടുത്തിയത്.
തന്റെ ഭാര്യയ്ക്ക് യുകെയിൽ സീനിയർ കെയറർ ആയി വരുന്നതിനു കേരളത്തിലെ ഒന്നാം നമ്പർ മാധ്യമങ്ങളിൽ കണ്ട പരസ്യത്തെ തുടർന്ന് കൂത്താട്ടുകുളത്തെ ഒറ്റമുറി ഓഫിസിന്റെ ക്രമീകരണത്തിൽ സംശയം തോന്നി ഏജൻസിയുടെ വിശദാംശങ്ങൾ തിരക്കിയതോടെയാണ് തട്ടിപ്പിന്റെ മഞ്ഞുമല പുറത്തായിരിക്കുന്നത്. ശനിയാഴ്ച കൂത്താട്ടുകുളം പൊലീസിൽ സുമിത് നൽകിയ കേസിൽ ഹാജരാകാൻ സോയി ജോസഫിനോട് കൂത്താട്ടുകുളം സിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏജൻസിക്കാരന് ബെൻസ് കാറിന്റെ സുരക്ഷയെ കുറിച്ച് സംശയം ഉണ്ടായത്.
സോയിക്കാവശ്യം ആയിരം പേരെ, ബ്രിട്ടന് ആകെ ആവശ്യം ഉള്ളതിന്റെ നാലിൽ ഒന്നും സോയിക്ക്
കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിൽ തന്നെ പരസ്യം നൽകിയതോടെ കൂത്താട്ടുകുളത്തെ ഒറ്റമുറി ഓഫിസിൽ ദിവസവും യുകെയിലേക്കു വരാനുള്ളവരുടെ തിക്കും തിരക്കുമാണ്. ദിവസവും അൻപതിനും നൂറിനും ഇടയിൽ ഉള്ളവർക്കാണ് ഫോൺ വഴി ബുക്കിങ് ലഭിക്കുക. ഓരോ അപേക്ഷകനും ഐഇഎൽടിഎസ് അടക്കമുള്ള രേഖകൾ നൽകി അയ്യായിരം രൂപ രജിസ്ട്രേഷൻ ആയി നൽകണം. സോയിയുടെ ഓഫിസിനു പേരോ ബോർഡോ ഒന്നും ഇല്ലെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തുന്നവർക്ക് ''റിക്രൂട്മെന്റ് കട'' കണ്ടുപിടിക്കാൻ കൃത്യമായ വിവരണം നൽകും.
ദിവസം അഞ്ചു ലക്ഷം രൂപ വരുമാനം ഉള്ള ബിസിനസ് നിയത്രിക്കുന്നത് രണ്ടു യുവതികളായ ജീവനക്കാർ മാത്രമാണ്. പരസ്യം പ്രകാരം അന്വേഷിക്കുന്നവരോട് യുകെയിലേക്ക് ഉടനെ ആയിരം പേരെ ആവശ്യമുണ്ട് എന്നാണ് സോയി നൽകിയിരിക്കുന്ന നമ്പറുകളിൽ നിന്നും ലഭിക്കുന്ന മറുപടി. ഇതോടെ നഷ്ടപ്പെട്ടാലും അയ്യായിരം രൂപയല്ലേ എന്ന് കരുതിയാണ് നല്ല ശതമാനം ആളുകളും പണം നൽകുന്നത്. ഇത് തന്നെയാണ് സോയിയുടെ പിടിവള്ളിയും. പണം നഷ്ടമായവർ ഇതൊന്നും തിരക്കി പിന്നാലെ വരില്ലെന്ന് സോയിക്ക് അറിയാം. എന്നാൽ യുകെയിലേക്കു പ്രതിവർഷം ഏതാനും ആയിരം പേർക്ക് മാത്രമേ ഇത്തരം വിസകൾ അനുവദിക്കാൻ ഇടയുള്ളൂ എന്ന വിവരം ഏതു കൊച്ചു കുഞ്ഞിനും അറിയാവുന്ന സാഹചര്യത്തിലാണ് റിക്രൂട്മെന്റിന്റെ മുഴുവൻ ക്വട്ടേഷനും സോയി ഒറ്റയ്ക്ക് ഏറ്റെടുക്കാൻ തയ്യാറാവുന്നത്.
ആദ്യം അയ്യായിരം, കാര്യം നടന്നാൽ പത്തു ലക്ഷം
അപേക്ഷ സ്വീകരിക്കുമ്പോൾ അയ്യായിരം രൂപ വാങ്ങുന്ന സോയി പ്രോസസിങ് നടക്കുന്ന മുറയ്ക്ക് പത്തു ലക്ഷം വരെയും അതിനു മുകളിലും വേണ്ടി വന്നേക്കാം എന്നാണ് അപേക്ഷകരോട് പറയുന്നത്. സ്വന്തം പിതാവിനെ കരുവാക്കി തുടങ്ങിയ ഏജൻസിയിൽ ബ്രിട്ടനിലെ സായിപ്പിന് നിക്ഷേപ പങ്കാളിത്തം ഉണ്ടെന്നാണ് അവകാശവാദം. ഇതിനു തെളിവായി സംശയം ഉള്ളവർക്ക് യുകെയിലെ സായിപ്പുമായി സംസാരിക്കാനും അവസരം നൽകും. സോയിയുടെ ബിനാമിയായ സായിപ്പു മറ്റൊരു യുകെ മലയാളി തന്നെയാണ് എന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ ഏതാനും മാസമായി നാട്ടിൽ കഴിയുന്ന സോയിക്ക് ഇപ്പോൾ വിസ കൊയ്ത്തിന് ഇറങ്ങാൻ പറ്റിയ സമയം ആണെന്ന് ബോധ്യമായതോടെയാണ് വ്യപകമായി പരസ്യം നൽകി ആളെ പിടിക്കാൻ ഇറങ്ങിയത്. എന്നാൽ പേരിന് പോലും ബോർഡ് വയ്ക്കാതെ വാടക മുറിയിൽ തുടങ്ങിയ ബിസിനസാണ് അപേക്ഷകനായ സുമിത്തിൽ സംശയം ജനിപ്പിച്ചത്. ഏജൻസിയുടെ രജിസ്ട്രേഷൻ അടക്കം ഉള്ള കാര്യങ്ങൾ തിരക്കിയതോടെ പേടിപ്പിക്കാൻ തയ്യാറായ സോയിക്ക് ഇന്ന് കൂത്താട്ടുകുളം പൊലീസിൽ രേഖകളുമായി ഹാജരാകേണ്ട സ്ഥിതിയാണ്.
കെയറർ ആയി ജോലി ചെയ്യുന്ന സോയി ഇപ്പോൾ വക്കീൽ കുപ്പായത്തിൽ, നഴ്സായ ഭാര്യയെയും വെറുതെ വിടുന്നില്ല
ഡെർബിയിൽ മെന്റൽ കെയറർ ആയി ജോലി ചെയുന്ന സോയി കുറച്ചു കാലമായി അഡ്വക്കേറ്റ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ അറിയപ്പെടുന്നത്. ഡെർബിയിൽ കേരളത്തിലെ വക്കീൽ ആണെന്നും കേരളത്തിൽ പറയുന്നത് യുകെയിലെ തിരക്കുള്ള സോളിസിറ്റർ ആണെന്നുമാണ്. ഒരു വക്കീലിനെ റിക്രൂട്മെന്റ് കാര്യത്തിൽ വിശ്വസിക്കാതിരിക്കണ്ട കാര്യമില്ല എന്നതു കൊണ്ടും പരാതിയുള്ളവർ പോലും ഒരു വക്കീലിനെതിരെ ചാടിയിറങ്ങി കേസുമായി പോകില്ലെന്നുമുള്ള സോയിയുടെ ആത്മവിശ്വാസം തന്നെയാണ് ഇപ്പോൾ കുരുക്കായി കൂടിയിരിക്കുന്നത്.
അതേസമയം ഡെർബി ഹോസ്പിറ്റലിൽ കാർഡിയാക് വിഭാഗത്തിൽ നഴ്സ് ആയ ഭാര്യയെയും തന്റെ ബിസിനസ്സിൽ പങ്കാളിയാക്കും വിധത്തിൽ ഡെർബി ഹോസ്പിറ്റലിക്കും റിക്രൂട്മെന്റ് ഉണ്ടെന്നാണ് സോയിയുടെ റിക്രൂട്മെന്റ് കടയിലെ ജീവനക്കാർ പറയുന്നത്. ഏജന്റിന്റെ ഭാര്യ ജോലി ചെയുന്ന ഹോസ്പിറ്റലിലെ ഒഴിവിലും അപേക്ഷ നൽകാൻ ഒരാളും മടിക്കില്ലെന്നും സോയിക്കറിയാം. ഇത്തരത്തിൽ ഓരോ അപേക്ഷകരുടെയും വിശ്വാസം അടിസ്ഥാനമാക്കിയാണ് സോയി വിസ കച്ചവടത്തിൽ ലക്ഷങ്ങൾ കൊയ്തുകൂട്ടുന്നത് എന്നാണ് പരാതിക്കാരന്റെ ആക്ഷേപം.
പരാതി മുൻപും, തല്ലുകിട്ടിയപ്പോൾ സ്ഥലം വിറ്റു തടി രക്ഷിച്ചെന്നു ഡെർബി മലയാളികൾ
സോയി ഇതാദ്യമല്ല കുടുക്കിൽ ചാടുന്നത്. ആറേഴു വർഷം മുൻപും പലരെയും സ്റ്റുഡന്റ് വിസയിൽ എത്തിച്ചു പണം പിടുങ്ങിയതായുള്ള ആക്ഷേപമാണ് ഇപ്പോൾ ഡെർബി മലയാളികൾ ഓർത്തെടുക്കുന്നത്. ഡെർബി മലയാളി അസോസിയേഷൻ നടത്തിയ അന്നത്തെ ക്രിസ്മസ് പാർട്ടിയിൽ സോയിക്ക് പണം നൽകി വഞ്ചിതനായ യുവാവ് ആളെക്കൂട്ടി എത്തി കൈയേറ്റം നടത്തിയെങ്കിലും സോയി പൊലീസിൽ പരാതി നൽകിയില്ല.
യുവാവിന്റെ ആവശ്യം ന്യായമാണ് എന്ന് മനസിലാക്കിയ ഡെർബി മലയാളികളും സോയിക്ക് എതിരായി. ഇതോടെ പിന്നീട അസോസിയേഷൻ നടത്തുന്ന പരിപാടികളിൽ സോയിയോ ഭാര്യയോ പങ്കെടുത്തിരുന്നില്ല. സോയി നടത്തുന്ന എല്ലാ തിരിമറികൾക്കും ഭാര്യയുടെ പിന്തുണയും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നതും. എന്തായാലും തല്ലു കിട്ടിയതോടെ മര്യാദ പഠിച്ച സോയി ഒടുവിൽ നാട്ടിൽ സ്ഥാലം വിറ്റാണ് കൂടുതൽ ശരീരത്തിൽ കൂടുതൽ കയ്യേറ്റം ഒഴിവാക്കിയതെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു.
തുടർന്ന് ഡെർബിയിൽ ഒരു മലയാളിക്കും വിസ നൽകില്ലെന്ന് വീമ്പ് ഇളക്കിയിരുന്ന സോയി സീനിയർ കെയർ വിസ നൽകാൻ അഡ്വാൻസ് ആയി ഡെർബി മലയാളികളിൽ നിന്നും 500 പൗണ്ട് വീതം അഡ്വാൻസ് വാങ്ങിയതായി സൂചനയുണ്ട്. എന്നാൽ ഈ പണം പലരും പിന്നീട് മടക്കി വാങ്ങുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ എൻ സി പി നേതാവ് എന്നൊക്കെ പറഞ്ഞു ഖദർ വേഷമിട്ടു നടക്കുന്ന യുകെ മലയാളി നടത്തിയ വിസ ബിസിനസിന്റെ കൂടുതൽ വിശദംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് സൂചന.
പരസ്യം ലഭിച്ച മുൻ നിര മാധ്യമങ്ങൾ സോയിക്കെതിരായ വാർത്ത മുക്കിയെങ്കിലും കോട്ടയം കേന്ദ്രീകരിച്ചുള്ള ഓൺ ലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഇന്ന് മുതൽ കൂടുതൽ പരാതികൾ സോയിക്കെതിരെ പൊലീസിൽ എത്തും എന്നാണ് സൂചന. ഇയാൾ യുകെയിലേക്കു മുങ്ങാതിരിക്കാനുള്ള മുൻകരുതൽ പൊലീസും സ്വീകരിച്ചിട്ടുണ്ട്.