- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് പി ഒപ്പിടുന്നത് ഡിസ്ട്രിക്ട് പൊലീസ് ചീഫ് എന്ന് രേഖപ്പെടുത്തി; അപേക്ഷയ്ക്കൊപ്പം ഉണ്ടായിരുന്നത് സൂപ്രണ്ട് ഓഫ് പൊലീസ് എന്ന ഒപ്പുള്ള പഴയ സർട്ടിഫിക്കറ്റും; ജോലി നേടുന്നതിനായി കണ്ണൂർ എസ്‌പിയുടെ വ്യാജ ക്ളിയറൻസ് സർട്ടിഫിക്കറ്റ്; യുവാവിനെതിരെ കേസ്

കണ്ണൂർ: സ്വകാര്യ സ്ഥാപനത്തിൽ ജോലി നേടുന്നതിനായി കണ്ണൂർ ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പും പതിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. പാടിയോട്ടുചാൽ സ്വദേശി അമൽ ബാലനെതിരെയാണ് ചെറുപുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിൽ ഇയാൾ മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കായി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയായിരുന്നു.
പുതിയ കമ്പനിയിലേക്ക് ഈയിടെ മാറിയപ്പോഴും ഇതേ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. പുതിയ സർട്ടിഫിക്കറ്റിനായി ഇയാളുടെ പിതാവ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിൽ അപേക്ഷിച്ചു. പൊലീസ് അമലിനെ ബന്ധപ്പെട്ടപ്പോൾ പഴയ കമ്പനിയിലേക്ക് ഉപയോഗിച്ച സർട്ടിഫിക്കറ്റ് തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞു. ഈ വ്യാജ സർട്ടിഫിക്കറ്റിൽ സൂപ്രണ്ട് ഓഫ് പൊലീസ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ പുതിയ ഓർഡർ പ്രകാരം ജില്ലാ പൊലീസ് മേധാവി നൽകുന്ന സർട്ടിഫിക്കറ്റിൽ ഡിസ്ട്രിക്ട് പൊലീസ് ചീഫ് എന്നാണ് രേഖപ്പെടുത്തുക. വ്യാജ സർട്ടിഫിക്കറ്റിന്റെ പകർപ്പ് പരിശോധിച്ച പൊലീസ് ഉടൻ തന്നെ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് കണ്ണൂർ എസ്‌പിയുടെ നിർദേശ പ്രകാരം ചെറുപുഴ പൊലീസ് കേസെടുക്കുകയായിരുന്നു.ഇയാൾക്ക് ഈ സർട്ടിഫിക്കറ്റ് എവിടെ നിന്നാണ് ലഭിച്ചതെന്ന് അന്വേഷിച്ചു വരുന്നതായി പൊലിസ് അറിയിച്ചു കണ്ണുർ റൂറൽ എസ്‌പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.


