തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകൻ എസ്‌പി ആദർശിന്റെ മകന്റെ അപകടമരണമറിഞ്ഞ് ആദ്യം ഓടിയെത്തിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണ്.

കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഗൗരിയുമായി ബിനീഷിന് അടുത്ത കുടുംബ ബന്ധമുണ്ടെന്നാണ് സൂചന. മൂന്ന് യുവതികളെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തതും ബിനീഷായിരുന്നു. അപകടസ്ഥലത്തെ ഫോട്ടോ പോലും ബിനീഷ് എത്തിയ ശേഷം പകർത്താൻ ആരേയും പൊലീസും അനുവദിച്ചില്ല. മത്സര ഓട്ടം തന്നെയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അപ്പോഴും ഇതിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് അന്വേഷണം കടക്കുന്നതുമില്ല.

അപകടത്തിൽ പെട്ട് മരിച്ച ആദർശും ഗൗരിയും സഹപാഠികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആർക്കിടെകിലെ വിദ്യാർത്ഥിനിയായിരുന്നു ഗൗരി. ഇരുവരും സെന്റ് തോമസ് സ്‌കൂളിൽ പഠിച്ചിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാർത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഗൗരി. സിനിമാ നിർമ്മാതാവായ സുബ്രമണ്യത്തിന്റെ കൊച്ചു മകൾ. ഈ ബന്ധമാണ് ബിനീഷിനെ അപകടസ്ഥലത്ത് എത്തിച്ചത്.

ന്യൂ തിയേറ്റർ ഉടമയായ മുരുകൻ സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ വിളിച്ചത് ബിനീഷിനെയായിരുന്നു. അങ്ങനെയാണ് ബിനീഷ് ഓടിയെത്തിയത്. അതിന് മുമ്പ് സംഭവത്തിന്റെ ഫോട്ടോകൾ വ്യാപകമായി എടുക്കാൻ പൊലീസ് ഏവരേയും അനുവദിച്ചു. എന്നാൽ ബിനീഷ് എത്തിയ ശേഷം എല്ലാത്തിനും നിയന്ത്രണം വന്നു. അതിവേഗം അപകടത്തിൽപ്പെട്ട കാർ പോലും മാറ്റി.

ബെൻസ് കാറുമായി മത്സരയോട്ടത്തിലായിരുന്നു ആദർശിന്റെ വാഹനമെന്നാണ് പുറത്തുവരുന്ന സൂചന. അമിത വേഗതയിൽ പാഞ്ഞു വന്ന കാർ ഓട്ടോയിൽ തട്ടി നിയന്ത്രണം വിട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. അല്ലായിരുന്നുവെങ്കിൽ തൊട്ടടുത്ത കഫേ കോഫി ഡേ എന്ന കടയിലേക്ക് ഇടിച്ചു കയറുമായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. രാത്രിയിലും കടയ്ക്ക് പുറത്ത് നിരവധി പേർ നിൽക്കുന്നുണ്ടായിരുന്നു.

പോസ്റ്റില്ലായിരുന്നുവെങ്കിൽ അപടകത്തിന്റെ ആഘാതം കൂടുമായിരുന്നു. ഈ കാറിനൊപ്പം മിന്നി പാഞ്ഞ ബെൻസിനെ കുറിച്ച് ആർക്കും വിവരമില്ല. രാജ് ഭവനും മന്ത്രി മന്ത്രിരങ്ങളുമുള്ള രാജവീഥിയിലെ സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. അതുകൊണ്ട് തന്നെ കാറിന്റെ നമ്പർ കണ്ടെത്താനും കഴിയുന്നില്ല.

അപകടമുണ്ടായാലും അതിനെ തരണം ചെയ്യാനുള്ള അത്യാധുനിക സംവിധാനമുള്ള കാറിലായിരുന്നു ആദർശിന്റെ യാത്ര. പുത്തൻ ആഡംബര സ്‌കോഡ ഒക്ടാവിയ കാറാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. സീറ്റ് ബെൽറ്റ് അദർശ് ഇട്ടിരുന്നില്ലെന്നാണ് സൂചന. അതാണ് ആദർശിന്റെ ജീവനെടുക്കാൻ കാരണമെന്നാണ് പ്രാഥമിക വലിയിരുത്തൽ.

കാറിലുണ്ടായിരുന്ന യുവതികളിൽ മുന്നിലുണ്ടായിരുന്ന ആൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് മാത്രം ഗുരുതര പരിക്ക് ഈ കുട്ടിക്കുണ്ടായില്ല. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആദർശ് കാറിനുള്ളിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്.

കാറുമായി മത്സരിച്ചോടിയ ബെൻസ് ഇതിനകം വേഗത്തിൽ ഓടിച്ചുപോയിരുന്നു. ഇത് കണ്ടെത്താൻ പൊലീസ് ഒരു നടപടിയും എടുത്തതുമില്ല. തലസ്ഥാനത്തെ വമ്പൻ ബിസിനസ്സുകാരുടെ ആരെങ്കിലുമാകാം കാർ ഓടിച്ചിരുന്നതെന്നാണ് സൂചന. അതുകൊണ്ടാണ് പൊലീസ് അന്വേഷണം വഴി തെറ്റുന്നതെന്നാണ് സൂചന.

താത്കാലിക രജിസ്ട്രേഷനിലുള്ള കാർ അമിതവേഗതയിലെത്തി ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലുമിടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ട് കാറുകൾ മത്സരിച്ച് ഓടുന്നതിനിടെയാണ് അപകടം എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് കാർ ആദ്യം ഇടിച്ചത്. ഓട്ടോ റിക്ഷ ഡ്രൈവറായ ശശികുമാറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

കാർ പൂർണമായും തകർന്നു. ഈ ഭാഗത്ത് കാറുകളുടെയും ബൈക്കുകളുടെയും മത്സര ഓട്ടം പതിവായിരുന്നു. ഇതിനെതിരെ പരാതി ഉയരുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ മത്സരയോട്ടം കുറച്ച് കാലമായി ഉണ്ടായിരുന്നില്ല. എന്നാൽ വീണ്ടും ഇത് സജീവമായി. ആഡംബരക്കാറുകളിൽ ചീറിപായുന്നത് വലിയ വീട്ടിലെ കുട്ടികളായിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് എല്ലാത്തിനും മൗനാനുവാദം നൽകി.

ഇതിനിടെയാണ് വെള്ളയമ്പലം മുതൽ കവടിയാർ വരെയുള്ള സിസിടിവികൾ പ്രവർത്തന രഹിതമാണെന്ന സൂചനകൾ വരുന്നതും. ഗവർണ്ണറുടെ ഔദ്യോഗികവസതിയിലേക്കുള്ള പ്രധാന റോഡാണിത്. നിരവധി മന്ത്രിമന്ദിരങ്ങളുണ്ട്. ഇവിടെയാണ് അപകടകരമായ രീതിയിൽ കാറുകൾ ചീറിപായുന്നത്.