ലക്‌നോ: ആശുപത്രി ജീവനക്കാരനെ മർദ്ദിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ പൊലീസ് സ്റ്റേഷനിൽ വച്ച് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റായിലാണ് നിയമസഭാ കൗൺസിൽ ചെയർമാനും സമാജ് വാദി പാർട്ടി നേതാവുമായ രമേശ് യാദവിന്റെ അനന്തരവൻ മോഹിത് യാദവ് പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തത്.

മറ്റൊരാൾക്കൊപ്പം രാവിലെ ഗവർൺമെന്റ് ആശുപത്രിയിൽ എക്സറെ എടുക്കാനെത്തിയ മോഹിത് താൻ രമേശ് യാദവിന്റെ അനന്തരവനാണെന്നും തനിക്ക് വിഐപി പരിഗണന വേണമെന്നാവശ്യപ്പെട്ട് ബഹളം വയ്ക്കുകയും എക്സ്റേ ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തു.

പിന്നീട് ഡോക്ടർമാരുടെ നേർക്കും ഇയാൾ തട്ടിക്കയറാൻ തുടങ്ങിയതോടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇവിടെ വച്ചും അമ്മാവന്റെ പേര് പറഞ്ഞ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച ഇയാൾ എസ്ഐയെ മർദ്ദിക്കുകയും മറ്റൊരു ഉദ്യോഗസ്ഥന്റെ കോളറിൽ കയറി പിടിക്കുകയുമായിരുന്നു.

സംഭവം വിവാദമായതോടെ അനന്തരവനെ തള്ളി രമേശ് യാദവ് രംഗത്തെത്തി. അഞ്ച് വർഷം അധികാരത്തിലിരുന്ന സമാജ് വാദി പാർട്ടിയെ തൂത്തെറിഞ്ഞ് ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വന്നെങ്കിലും സംസ്ഥാനത്ത് പലയിടത്തും ഇപ്പോഴും ഗുണ്ടാരാജാണ് നിലനിൽക്കുന്നതെന്ന ആരോപണം ശക്തമാണ്.

പൊലീസിനെ സ്വതന്ത്രമാക്കി സംസ്ഥാനത്ത് നിയമവാഴ്‌ച്ച ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നുണ്ടെങ്കിലും യുപി പൊലീസ് ഇപ്പോഴും രാഷ്ട്രീയക്കാരുടെ 'തടവിലാ'ണെന്നതിന് തെളിവാണ് ഇറ്റാ സംഭവം എന്ന വിമർശനം ഇതിനോടകം ഉയർന്ന് കഴിഞ്ഞു.

നേരത്തേയും വിഐപി പരിഗണന ആവശ്യപ്പെട്ട് യുപിയിലെ എസ്‌പി നേതാക്കൾ പലതരം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ടോൾ ബൂത്തിൽ ടോൾ നൽകാൻ വിസമ്മതിച്ചും ട്രാഫിക് സിഗ്‌നലുകൾ വക വയ്ക്കാതെയും എസ്‌പിനേതാക്കൾ മുൻപ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.