- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
അഡ്വാൻസ് കൊടുത്തു കാത്തിരിക്കാൻ റെഡിയാണോ? എങ്കിൽ ബഹിരാകാശത്തേക്ക് വിനോദയാത്രയ്ക്ക് പോകാം; ആകാശ നക്ഷത്രങ്ങളെ തൊടാൻ കൊതിക്കുന്നവർ വായിച്ചറിയാൻ
മദ്ധ്യവേനലവധിക്കാലം. ഇത് യാത്രകളുടെ കാലം. ഊട്ടി കൊടൈക്കനാൽ.. സ്ഥിരം റൂട്ട് ഒന്നു മാറ്റിപ്പിടിക്കണ്ടേ? ഇത്തവണത്തെ അവധിക്കാല യാത്ര നേരെ ബഹിരാകാശത്തേക്കാക്കിയാലോ... വെറുതെ പറഞ്ഞതല്ല. ആളുകൾ മാനത്തേക്ക് പറക്കാൻ അഡ്വാൻസും കൊടുത്ത് തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന കാലമാണിത്. തെരഞ്ഞെടുക്കാൻ കൊള്ളാവുന്ന രണ്ട് മൂന്ന് ഡെസ്റ്റിനേഷനുകൾ ഇതാ. ഭൂമിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ മുകളിലായി മണിക്കൂറിൽ 27600 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വെച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) കുടുംബസമേതം ഒരു സന്ദർശനം (Space Station package). മൈക്രോ ഗ്രാവിറ്റിയിൽ ഒഴുകി നടന്ന് ഭൂമിയുടെ വശ്യ മനോഹരമായ ആകാശ ദൃശ്യഭംഗി നേരിട്ട് അനുഭവിച്ചറിയാൻ 100 km ഉയരത്തിലേക്ക് പ്രിയപ്പെട്ടവളെയും കൊണ്ട് ഒരു യാത്ര. ഇതിനെക്കാൾ മികച്ച ഒരു റൊമാന്റിക് സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം (Sub Orbital Space Flight package). മാനത്തെ വെള്ളിക്കിണ്ണമായ അമ്പിളിമാമനെ അടുത്തറിയാൻ ചന്ദ്രോപരിതലത്തിന്റെ 100 km വരെ അടുത്തേക്ക് നിങ്ങളുടെ കുട
മദ്ധ്യവേനലവധിക്കാലം. ഇത് യാത്രകളുടെ കാലം. ഊട്ടി കൊടൈക്കനാൽ.. സ്ഥിരം റൂട്ട് ഒന്നു മാറ്റിപ്പിടിക്കണ്ടേ? ഇത്തവണത്തെ അവധിക്കാല യാത്ര നേരെ ബഹിരാകാശത്തേക്കാക്കിയാലോ... വെറുതെ പറഞ്ഞതല്ല. ആളുകൾ മാനത്തേക്ക് പറക്കാൻ അഡ്വാൻസും കൊടുത്ത് തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന കാലമാണിത്. തെരഞ്ഞെടുക്കാൻ കൊള്ളാവുന്ന രണ്ട് മൂന്ന് ഡെസ്റ്റിനേഷനുകൾ ഇതാ.
ഭൂമിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ മുകളിലായി മണിക്കൂറിൽ 27600 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വെച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) കുടുംബസമേതം ഒരു സന്ദർശനം (Space Station package). മൈക്രോ ഗ്രാവിറ്റിയിൽ ഒഴുകി നടന്ന് ഭൂമിയുടെ വശ്യ മനോഹരമായ ആകാശ ദൃശ്യഭംഗി നേരിട്ട് അനുഭവിച്ചറിയാൻ 100 km ഉയരത്തിലേക്ക് പ്രിയപ്പെട്ടവളെയും കൊണ്ട് ഒരു യാത്ര. ഇതിനെക്കാൾ മികച്ച ഒരു റൊമാന്റിക് സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം (Sub Orbital Space Flight package). മാനത്തെ വെള്ളിക്കിണ്ണമായ അമ്പിളിമാമനെ അടുത്തറിയാൻ ചന്ദ്രോപരിതലത്തിന്റെ 100 km വരെ അടുത്തേക്ക് നിങ്ങളുടെ കുട്ടിയെയും കൊണ്ട് ഒരു യാത്ര. (Circum Lunar Mission package). സിംഗിൾ ആണ്; സ്ഥിരമായി ഒറ്റയ്ക്കുള്ള എൻഫീൽഡ് റൈഡ് മടുത്തോ? എങ്കിൽ മികച്ച ഒരു പ്രൊഫഷണലിനൊപ്പം ആസ്വദിച്ചൊരു ബഹിരാകാശ നടത്തം (Space Walk package) . നിങ്ങൾക്ക് മാത്രമായി ഒരു ഓപ്ഷൻ കൂടി ഉണ്ട്. അതിനെപ്പറ്റി അവസാനം പറയാം. അപ്പോൾ എങ്ങോട്ടു പോകണമെന്ന് ആലോചിച്ചു തുടങ്ങിക്കോളൂ.
കാര്യം വിനോദയാത്ര ആണെങ്കിലും ശാസ്ത്രീയമായ തയ്യാറെടുപ്പുകൾക്ക് ശേഷം മാത്രമാണ് യാത്ര. പ്രൊഷണൽ ബഹിരാകാശ ദൗത്യങ്ങളിൽ കേവലം ഏഴു ദിവസം മാത്രം ദൈർഘ്യം ഉള്ള ഒരു ബഹിരാകാശ ദൗത്യത്തിനായ് ഒരു വർഷമോ അതിൽ കൂടുതലോ ദൈർഘ്യം വരുന്ന തയ്യാറെടുപ്പുകൾ അനിവാര്യമാകാം. യാത്രികർക്ക് ബഹിരാകാശ ദൗത്യത്തെയും ആശ്രയിക്കുന്ന പേടകത്തെയും സംബന്ധിക്കുന്ന പൂർണ്ണ അറിവും അത്യന്താപേക്ഷിതമാണ്. എന്നാൽ ഒരു സ്‌പേസ് ടൂറിസ്റ്റിനെ സംബന്ധിച്ച് ഇത്രത്തോളം ആഴത്തിലുള്ള അറിവ് നിഷ്‌കർഷിക്കപ്പെടുന്നില്ല.
അത്യന്തം ആവേശകരമെങ്കിലും ബഹിരാകാശയാത്രയുടെ അപകട സാധ്യതകളെപ്പറ്റി നല്ല രീതിയിൽ ബോദ്ധ്യം ഉണ്ടായിരിക്കണം. പണി പാളിയാൽ തൂത്തുവാരിയെടുക്കാൻ പൊടി പോലും ബാക്കി കിട്ടില്ല. Motion sickness, രക്തസമ്മർദ്ദം, ഇടുങ്ങിയ സ്ഥലങ്ങളിൽ ചെന്നു പെടുമ്പോൾ ഉണ്ടാകുന്ന ഭീതി, (Claustrophobia) തീപ്പിടുത്തം, ചെറിയ ഉൽക്കകളോ ബഹിരാകാശ അവശിഷ്ടങ്ങളോ വാഹനത്തിൽ വന്ന് ഇടിക്കാനുള്ള സാദ്ധ്യത, ആപൽഘട്ടങ്ങളിലെ എമർജൻസി വാട്ടർ ലാൻഡിങ് എന്നിങ്ങനെ പ്രതിസന്ധികൾ നിരവധി. ഇവയെ ഒക്കെ തരണം ചെയ്യാൻ തക്ക ശാരീരിക മാനസിക കരുത്ത് ഉണ്ടോ? ഇല്ല എങ്കിൽ യാത്ര ഊട്ടിയിലേക്കോ കൊടൈകനാലിലേക്കോ പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്.
മേൽപ്പറഞ്ഞ കാര്യങ്ങളുടെ താത്വികമായ ഒരു അവലോകനം നടത്തിക്കഴിയുമ്പോൾ 'ഇതൊക്കെ എന്ത്.. ' എന്ന് ആത്മാർത്ഥമായി മനസ്സ് മന്ത്രിക്കുന്നു എങ്കിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞോളൂ 'യെസ് '. ഈ ഒരൊറ്റ യെസ് മതി നിങ്ങളുടെ ഇനിയങ്ങോട്ടുള്ള ജീവിതം മാറ്റിമറിക്കാൻ. അപ്പോൾ യാത്ര എങ്ങോട്ടെന്നു പറഞ്ഞില്ല. തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുന്നു എങ്കിൽ ലേഖകന്റെ അഭിപ്രായത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയ സന്ദർശനം (ISS) തന്നെ ആകട്ടെ ഇത്തവണത്തെ അവധിക്കാല യാത്ര. യാത്രച്ചെലവിനെ ഓർത്തു ആശങ്കപ്പെടേണ്ടതില്ല. വെറും 128,74,50,000 രൂപ പോക്കറ്റിലുണ്ടെങ്കിൽ പോയി വരാവുന്നതേയുള്ളൂ. അതായത് തുച്ഛമായ 20 മില്യൺ ഡോളർ. (കുറച്ചു പഴയ ഏകദേശ കണക്കാണെന്നു കൂടി ഓർമ്മിപ്പിക്കുന്നു.)
സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്ക് നല്ലൊരു വാഹനം വേണ്ടേ?
ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനുഷ്യനെ ആദ്യമായി ഭ്രമണപഥത്തിൽ എത്തിച്ച വോസ്റ്റോക് (1961), മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച 'അപ്പോളോ' (1969) തുടങ്ങിയ പഴയ കാല സ്‌പേസ് ക്യാപ്‌സൂളുകളും 'ഡിസ്‌കവറി' 'എൻഡവർ' തുടങ്ങിയ സ്‌പേസ് ഷട്ടിലുകളും ഉൾപ്പെടുന്ന ബഹിരാകാശ വാഹനങ്ങളുടെ വലിയൊരു ശ്രേണി തന്നെ കാണാവുന്നതാണ്. ഈ ശ്രേണിയിൽ ഒരു ന്യൂ ജെൻ താരവും കൂടി ഉണ്ട്. സ്‌പേസ് പ്ലെയിൻ. മുൻപ് കണ്ടു പരിചയിച്ചിട്ടുള്ള എയർക്രാഫ്റ്റിന്റെയും ബഹിരാകാശത്ത് പറക്കുവാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന സ്‌പേസ് ഷട്ടിലിന്റെയും സങ്കരയിനം ആണ് സ്‌പേസ് പ്ലെയിൻ. പരമ്പരാഗത റോക്കറ്റുകളുടെ സഹായം തനിക്കാവശ്യമില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഭൂമിയിൽ നിന്നും സ്വയം പറന്നുയർന്ന് ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരികെ ഭൂമിയിലേക്ക് പറന്നിറങ്ങാൻ കഴിവുള്ളവനാണ് സ്‌പേസ് പ്ലെയിൻ. ഭ്രമണപഥത്തിൽ ബഹിരാകാശ വാഹനങ്ങൾ ഭൂമിയുടെ ഗുരുത്വാകർഷണ ബലവും വാഹനം ഭൂമിയെ വലം വെയ്ക്കുന്ന വേഗതയും പ്രയോജനപ്പെടുത്തി ഒരു കൃത്രിമ ഉപഗ്രഹം എന്ന കണക്കെ ഒഴുകി നീങ്ങുന്നു. ഒടുവിൽ ഉദ്യമം പൂർത്തിയാക്കി ഭൂമിയിലേക്ക് മടക്കയാത്ര. നിലവിലുള്ള ബഹിരാകാശ യാത്രകളിൽ സെക്കന്റിൽ കുറഞ്ഞത് 11.2 കിലോമീറ്റർ വരെ വേഗത ആർജ്ജിക്കുന്ന ഒരു റോക്കറ്റിനാണ് സുരക്ഷിതമായി വാഹനത്തെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ചുമതല. വേഗതയുടെ കാര്യത്തിൽ നമ്മുടെ ഭൂമിയും ഒട്ടും പിന്നിലല്ല. സെക്കൻഡിൽ 30 കിലോമീറ്റർ വേഗതയിലാണ് ഭൂമി സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുന്നത്.
നിങ്ങളുടെ സ്വപ്നയാത്ര യാഥാർത്യമാക്കാൻ ഈ രംഗത്തെ അതികായരായ (ആയിക്കൊണ്ടിരിക്കുന്ന) 'വിർജിൻ ഗാലക്ടിക് ' കമ്പനിയുടെ ആതിഥേയത്വത്തിൽ റോക്കറ്റ് എൻജിൻ ഘടിപ്പിച്ചിട്ടുള്ള സ്‌പേസ്ഷിപ്പ് 2 (SS2) എന്ന സ്‌പേസ് പ്ലെയിനും 'സ്‌പേസ് അഡ്വെഞ്ചേഴ്‌സ്' കമ്പനിയുടെ ആതിഥേയത്വത്തിൽ സോയൂസ് TMA - M എന്ന സ്‌പേസ് ക്രാഫ്റ്റിനെ തോളിലേറ്റി സോയൂസ് FG റോക്കറ്റും രണ്ടും കൽപ്പിച്ച് തയ്യാറായി നിൽക്കുന്നുണ്ട്. അപ്പോൾ വാഹനം ഏതു വേണമെന്നും തീരുമാനിച്ചോളൂ. ഇനി നേരിട്ട് യാത്രയിലേക്ക്. തെരഞ്ഞെടുത്തിരിക്കുന്ന വാഹനം സ്‌പേസ്ഷിപ്പ് 2 ആണെങ്കിൽ ന്യൂ മെക്‌സികോയിലുള്ള ലോകത്തിലെ ആദ്യ കൊമേർഷ്യൽ സ്‌പേസ്‌പോർട്ട് ആയ 'സ്‌പേസ്‌പോർട്ട് അമേരിക്ക' യിൽ നിന്നാണ് യാത്ര തിരിക്കുന്നത്.നിങ്ങളെ ബഹിരാകാശ യാത്രയ്ക്ക് സജ്ജരാക്കുന്നതിനുള്ള പരിശീലനവും ഇവിടെ നിന്നു തന്നെ.
ബഹിരാകാശം ആയതിനാൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഇടം ആണെന്നു കരുതരുത്. Outer Space Treaty (1967) ഉൾപ്പെടെ പ്രത്യേക നിയമ വ്യവസ്ഥകൾ ബാധകമായിരിക്കുന്ന ഒരിടത്തേക്കാണ് യാത്ര എന്ന് പ്രത്യേകം ഓർമ്മ വേണം. അപ്പോൾ ആദ്യമായി ബഹിരാകാശം സന്ദർശിച്ച ആദരണീയനായ ശ്രീ യൂറി ഗഗാറിൻ അവർകളെ മനസ്സിൽ ധ്യാനിച്ച് ദക്ഷിണയും വെച്ച് പറക്കാൻ തയാറായിക്കോളൂ. യാത്രയുടെ ആദ്യ - അവസാന ഘട്ടങ്ങളിൽ ഭൂഗുരുത്വാകർഷണബലം ബഹിരാകാശ സഞ്ചാരിയുടെ ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ പ്രധാനപ്പെട്ടതാണ്.
ഒരു വ്യക്തിയിന്മേൽ ഭൂമി ചെലുത്തുന്ന ആകർഷണബലം; അതായത് അയാളുടെ യഥാർത്ഥ ഭാരം 1G എന്ന് അനുമാനിക്കാം. യാത്രയുടെ ആദ്യഘട്ടത്തിൽ റോക്കറ്റ് കുതിച്ച് പൊങ്ങി വേഗത ആർജ്ജിക്കുന്നതിനോടൊപ്പം 1G എന്നത് 2 G, 3 G.. എന്നിങ്ങനെ വ്യതിയാനപ്പെടാം. ശരീരത്തെ വാഹനത്തിന്റെ സീറ്റിലേക്ക് ശക്തമായി അമർത്തുന്ന രീതിയിൽ അതിയായ ഭാരം അനുഭവപ്പെടുന്ന ഈ അവസ്ഥ ബഹിരാകാശ സഞ്ചാരികൾ, യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാർ എന്നിങ്ങനെയുള്ളവരുടെ ശരീരത്തിൽ താൽക്കാലികമായ കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. തീവ്രമായ ഗുരുത്വാകർഷണബലത്തിൽ രക്തം; ശരീരത്തിന്റെ താഴെ ഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും വേണ്ടത്ര അളവിൽ തലച്ചോറിലേക്ക് എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കാഴ്ചക്കുറവ്, ബോധക്ഷയം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാം. ബഹിരാകാശ യാത്രകളിൽ ധരിക്കുന്ന ആധുനിക G - സ്യൂട്ടുകൾ (Anti G - Suit) ഒരു പരിധി വരെ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ ശേഷിയുള്ളവയാണ്.
സമുദ്രനിരപ്പിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിൽ ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കാർമൻ രേഖ (Kaman Line) കടക്കുന്നതു മുതൽ ബഹിരാകാശം (Outer Space) ആരംഭിക്കുകയായി. ബഹിരാകാശത്തെ ഭാരമില്ലായ്മ (Microgravity) ആണ് പൊരുത്തപ്പെടേണ്ടതായിട്ടുള്ളതും രസകരവുമായ ഏറ്റവും പ്രധാന വസ്തുത. ഭ്രമണപഥത്തിൽ എത്തിയ ശേഷം വാഹനത്തിന്റെ ചെറിയ ജനാലയിലുടെയുള്ള കാഴ്ചകൾ അതിമനോഹരമാണ്. പ്രത്യേകിച്ചും നീല നിറത്തിൽ കാണപ്പെടുന്ന നമ്മുടെ ജന്മഗേഹം. അതൊരു കാഴ്ച തന്നെയാണ്. അന്തരീക്ഷം ഇല്ലാത്തതിനാൽ നക്ഷത്രങ്ങൾ കൂടുതൽ വ്യക്തതയോടും തിളക്കത്തോടും കൂടി കാണാം. ആകെയുള്ള 384000 കിലോമീറ്ററിൽ 250 കിലോമീറ്റർ മാത്രം കുറവ് വന്നിട്ടുള്ളതിനാൽ ചന്ദ്രൻ കാഴ്ചയ്ക്ക് വലിയ വ്യത്യാസം ഇല്ലാതെ തന്നെ കാണപ്പെടും.
ഭ്രമണപഥത്തിൽ എത്തിയ ശേഷമുള്ള ആദ്യ മൈക്രോ ഗ്രാവിറ്റി അനുഭവവും രസകരമായിരിക്കും. വേണമെങ്കിൽ ഒഴുകി നടക്കുന്ന ഒരു സെൽഫി എടുക്കാം. എടുക്കുന്ന ഫോട്ടോകളും വീഡിയോകളും വാഹനത്തിന്റെ സെൻട്രൽ മെമ്മറിയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. ബഹിരാകാശത്ത് എത്തിയ സ്ഥിതിക്ക് ഇനി ഒന്നു പുകച്ചാൽ കൊള്ളാം എന്നു തോന്നുന്നുണ്ടോ? നടക്കില്ല. കാരണം പുകവലി ഇവിടെ നിഷിദ്ധമാണ്. ക്യാബിനുള്ളിലെ വായു റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതാകയാൽ പുകയിലയുടെ തരികളുടെയോ പുകയുടെയോ സാന്നിധ്യം റീസൈക്ലിങ് സംവിധാനത്തിലെ തകരാറുകൾക്ക് കാരണമായേക്കാം.
അടുത്തതായി വാഹനത്തെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന സങ്കീർണ്ണമായ ചടങ്ങായ ഡോക്കിങ്. വാഹനം എവിടെയെങ്കിലും ഉറപ്പിച്ചു നിർത്തണമല്ലോ. ശേഷം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശനം. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലിപ്പം വരുന്ന മനുഷ്യ നിർമ്മിതിയാണ് ISS. വിവിധ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നതിനായി കൃത്യമായ കാലയളവിലേക്ക് എത്തിയിരിക്കുന്നവരാണ് ഇവിടത്തെ അന്തേവാസികൾ. ഇവരോടൊപ്പമാണ് ഇനിയുള്ള ദിവസങ്ങൾ. അവരുമായി സംവദിക്കാം. നിലയത്തിലെ വിവിധ മോഡ്യൂളുകളിൽ ഒഴുകി നടക്കാം.
വിശപ്പിന്റെ വിളി വരുന്നു എങ്കിൽ ആഹാരവും തയ്യാർ. ഇവിടെ ആഹാരം പായ്ക്കറ്റുകളിൽ ആയിരിക്കും ലഭിക്കുന്നത്. ട്യൂബിൽ നിന്നും പേസ്റ്റ് ഞെക്കിയെടുക്കുന്ന ലാഘവത്തോടെ ആഹാരം കഴിക്കാം. ജലാംശം നീക്കം ചെയ്തതും പിന്നീട് വാട്ടർ ഗണ്ണിന്റെ സഹായത്താൽ ചൂട് വെള്ളമോ തണുത്ത വെള്ളമോ കുത്തിവെച്ച ശേഷം കഴിക്കാവുന്നതുമായ ആഹാരം ആണ് അഭികാമ്യം. സൂപ്പ്, ഫ്രൂട്ട് സാലഡ്, ലെമണേഡ്, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഇങ്ങനെ വിവിധ തരത്തിൽ വിവിധ മെനു പ്രകാരം ആഹാരം ലഭ്യമാണ്. ഏതു രീതിയിൽ ലഭിക്കുന്നു എന്നതാണ് വിഷയം.
വർഷങ്ങൾക്ക് മുൻപ് ആദ്യമായി ബഹിരാകാശത്ത് 'പിസ്സ ഡെലിവറി' നടത്തി ചരിത്രം സൃഷ്ടിച്ച ഒരു ടീം ഉണ്ട്. മറ്റാരുമല്ല; സാക്ഷാൽ പിസ്സ ഹട്ട്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബഹിരാകാശത്ത് 'ഇന്ത്യനോ' 'യൂറോപ്യനോ' ഇല്ല.പകരം വാക്വം ടോയ്‌ലെറ്റാണ് ഉപയോഗത്തിലുള്ളത്. ഇത് പരിചയിക്കുന്നതിനുള്ള അവസരം പരിശീലനകാലത്ത് നല്ലതുപോലെ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ പിന്നീട് എട്ടിന്റെ പണി കിട്ടുമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
ഇനി ഇതൊന്നും തീരെ അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നാണെങ്കിൽ; പണ്ട് ടോയ്‌ലറ്റ് സൗകര്യം ഇല്ലാതിരുന്ന സ്‌പേസ് ക്യാപ്‌സൂളുകളിൽ ഡയപ്പർ ഉപയോഗിക്കേണ്ടി വരുകയും അതിനും മുൻപ് കാര്യങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ ശേഖരിക്കേണ്ടിവരികയും ചെയ്ത ഗഗനചാരികളുടെ ഗതികേട് ഒന്നു സങ്കൽപ്പിച്ചു നോക്കിയാൽ മതി.
മൈക്രോ ഗ്രാവിറ്റിയെപ്പറ്റി മുൻപ് സൂചിപ്പിച്ചുവല്ലോ. നിത്യവും ഷേവ് ചെയ്യുന്ന ആളാണോ നിങ്ങൾ? ബഹിരാകാശ നിലയത്തിനുള്ളിൽ വെച്ച് ഷേവ് ചെയ്യുകയും താടി വെട്ടി ഒതുക്കുകയും ചെയ്തു എന്നു കരുതുക. സംഭവിക്കാൻ പോകുന്നത് എന്താണ്? ക്ഷൗരം ചെയ്യപ്പെട്ട രോമങ്ങൾ നിലത്തേക്ക് വീഴാതെ മൈക്രോഗ്രാവിറ്റിയിൽ ഒഴുകി നടന്ന് ഏതെങ്കിലും കൺട്രോൾ യൂണിറ്റിനുള്ളിൽ കടക്കുന്നു.. ഇലക്ട്രോണിക് തകരാർ വരുത്തിവെയ്ക്കുകയും ചെയ്യുന്നു. അതിനാൽ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന വാക്വം റേസറുകൾ ആണ് ഇവിടെ ഉപയോഗിക്കേണ്ടത്.
ഉച്ചമയക്കം നിർബന്ധമാണെങ്കിൽ ഒന്നു മയങ്ങാം. പ്രത്യേക സ്ലീപ്പിങ് ബാഗിനകത്തേക്ക് സ്വയം നുഴഞ്ഞു കയറി സ്ട്രാപ്പുകൾ കൊണ്ട് ബന്ധിച്ചിട്ടാണ് ഉറക്കം. ഭൂമിയിൽ നിന്നും വ്യത്യസ്ഥമായി ഇവിടെ ഓരോ 92 മിനുട്ടിലും 16 സൂര്യോദയങ്ങളും 16 സൂര്യാസ്തമനങ്ങളും കാണാനുള്ള അപൂർവ്വ ഭാഗ്യവും ലഭിക്കുന്നതാണ്. 24 മണിക്കൂർ അടിസ്ഥാനപ്പെടുത്തി സെറ്റ് ചെയ്യപ്പെട്ടിട്ടുള്ള നിങ്ങളുടെ ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് ഇക്കാര്യവുമായി അത്ര പെട്ടന്ന് പൊരുത്തപ്പെട്ടെന്നു വരില്ല.
Sub Orbital Space Flight package തെരഞ്ഞെടുത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..
പ്രിയപ്പെട്ടവളുടെ കൈ പിടിച്ച് 100 കി.മീറ്റർ ഉയരത്തിൽ ഭൂമിയുടെ വശ്യ മനോഹര സൗന്ദര്യം ആസ്വദിച്ചു പ്രണയപരവശരായി നിൽക്കുന്ന വേളയിൽ നക്ഷത്രക്കുഞ്ഞുങ്ങളെ സാക്ഷി നിർത്തി നിങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന സ്വപ്നങ്ങൾ കൂടി പങ്കുവച്ചാൽ കൊള്ളാമെന്നു തോന്നുന്നുണ്ടോ? കുഴപ്പമൊന്നുമില്ല; പക്ഷെ നല്ലതുപോലെ ബുദ്ധിമുട്ടും. മുഖ്യ പ്രശ്‌നം ഭാരമില്ലായ്മ തന്നെ. വികാര തരളിത നിമിഷങ്ങളിൽ ഹൃദയം നല്ലതുപോലെ അധ്വാനിച്ച് രക്തം പമ്പ് ചെയ്യുന്നതാണ് രീതി. എന്നാൽ മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ ഈ പതിവ് തെറ്റുന്നതിനാൽ പെട്ടന്ന് ക്ഷീണം തോന്നാം.പുറമെ മനസ്സ് ആഗ്രഹിക്കുന്ന രീതിയിൽ കൈകാലുകളുടെ ചലനവും സാദ്ധ്യമാകണമെന്നില്ല. വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ചില പൊസിഷനുകൾ സർക്കസ്സുകാർക്ക് മാത്രം പരീക്ഷിക്കാൻ കഴിയുന്നതാണെന്നിരിക്കെ; ഒറ്റക്കാലിൽ നിന്നു കൊണ്ടും തലകുത്തി നിന്നുകൊണ്ടും ഉള്ള ഇത്തരം രീതികൾ പരീക്ഷിക്കാൻ ബഹിരാകാശം അത്യുത്തമം. എന്നു കരുതി കാമശാസ്ത്രത്തിന് ഒരു അനുബന്ധം രചിച്ചു കളയാം എന്ന അതിമോഹം വേണ്ട. കേവലം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് നിലവിൽ ഈ പാക്കേജിൽ ചെലവഴിക്കാൻ കിട്ടുന്നത്. ലോകത്തിലെ ആദ്യ ബഹിരാകാശ ടൂറിസ്റ്റായ ഡെന്നിസ് റ്റിറ്റോ പോലും യാത്രാവേളയിൽ തന്റെ ഗേൾഫ്രണ്ടിനെ ഒപ്പം കൂട്ടിയില്ല എന്ന നഗ്‌ന സത്യം കൂടി ഈ വേളയിൽ ഓർമ്മിപ്പിച്ചു കൊള്ളട്ടെ.
ഗോസ്റ്റ് റൈഡേഴ്‌സ്.. നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന ബഹിരാകാശ നടത്തത്തിന്റെ അപകട സാദ്ധ്യതകൾ കണക്കിലെടുക്കുമ്പോൾ പിന്മാറാൻ തോന്നുന്നു എങ്കിൽ സ്‌പേസ് ഡൈവിങ് ഒന്നു പരീക്ഷിക്കാം. ഒരു ഹീലിയം ബലൂണിൽ 30 കിലോമീറ്റർ ഉയരത്തിലെത്തി നേരെ താഴേക്ക് ചാടാം. മണിക്കൂറിൽ കുറഞ്ഞത് 1000 km വേഗതയിൽ താഴേക്ക് കുതിക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ മാത്രം. ഭൂമിയിലേക്കുള്ള മടക്കയാത്രാ വേളയിൽ വാഹനം ഭൗമ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന റീ എൻട്രി ഘട്ടത്തിൽ തീവ്രമായ ഘർഷണം നിമിത്തം വാഹനത്തിന്റെ മൂക്ക് ഭാഗത്തെയും ചിറകിന്റ അരികുകളുടെയും താപനില 1650° C വരെ ഉയരാം. അപകടകരമായ ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലാണ് ബഹിരാകാശ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2003- ൽ കൽപ്പന ചൗള ഉൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ കൊളംബിയ സ്‌പേസ് ഷട്ടിൽ ദുരന്തം റീ എൻട്രി ഘട്ടത്തിലായിരുന്നു.വിക്ഷേപണ സമയത്ത് പേടകത്തിന്റെ താപ പ്രതിരോധ സംവിധാനത്തിൽ വന്ന ചെറിയൊരു തകരാറാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചതെന്ന് പിന്നീട് കണ്ടെത്തി. മുൻപ് 1986-ൽ വിക്ഷേപണ ഘട്ടത്തിന്റെ 73 ആം സെക്കൻഡിൽ ചലഞ്ചർ സ്‌പേസ് ഷട്ടിൽ പൊട്ടിത്തെറിച്ച് മുഴുവൻ യാത്രികരും കൊല്ലപ്പെട്ടിരുന്നു.
നിലവിൽ 'സന്ദർശനം' എന്നതിനപ്പുറം 'ആക്ടിവിറ്റി' തലങ്ങളിലേക്ക് സ്‌പേസ് ടൂറിസത്തിന്റെ സാദ്ധ്യതകൾ ആരായുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. കാര്യങ്ങൾ തടസ്സമില്ലാതെ നടന്നാൽ ആദ്യ സ്‌പേസ് ഹോട്ടൽ 2020 ൽ യഥാർത്യമായേക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന മോഡ്യൂളിന്റെ നിർമ്മാണം നടന്നു വരികയാണ്. ഇതിനോടനുബന്ധിച്ച് സ്‌പേസ് എക്‌സ്, ബോയിങ് കമ്പനികളുടെ നേതൃത്വത്തിൽ 'സ്‌പേസ് ടാക്‌സി 'കളും പരിഗണനയിലാണ്. മൈക്രോ ഗ്രാവിറ്റി സ്‌പോർട്ട്‌സ് സോണുകളും ഭാവിയിൽ രൂപപ്പെടാം. നിലവിൽ തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്‌പേസ് വീൽ ഹോട്ടലുകളും ഭാവിയിൽ യാഥാർത്യമായേക്കാം. നിശ്ചിത RPM അടിസ്ഥാനപ്പെടുത്തി കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ഭൂമിയുടേതിന് സമാനമായ ഗുരുത്വാകർഷണബലം (1G) കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഭീമാകാരമായ ചക്ര രൂപത്തിലുള്ള നിർമ്മിതിയാണ് സ്‌പേസ് വീൽ. കൗതുകകരമായ മറ്റൊരു കാര്യം സ്‌പേസ് എക്‌സ് കമ്പനിയുടെ നേതൃത്വത്തിൽ രണ്ട് വ്യക്തികൾ ചാന്ദ്ര യാത്രയ്ക്ക് തയ്യാറെടുക്കുന്നു എന്നതാണ്. 2018 അവസാനത്തോടെ സാദ്ധ്യമാകും എന്നു പ്രതീക്ഷിക്കുന്ന യാത്ര ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ റോക്കറ്റ് എന്ന് അവകാശവാദമുള്ള 'ഫാൽക്കൺ ഹെവി'യുടെയും 'ഡ്രാഗൺ' പേടകത്തിന്റെയും സഹായത്താൽ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നും ആരംഭിക്കുമെന്നും അറിയുന്നു. 2022- ഓടു കൂടി ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ. ചൊവ്വാ ഗ്രഹ കോളനികൾ കൂടി യാഥാർത്യമായാൽ ഗ്രഹാന്തര ടൂറിസം മേഖലയിലേക്കുള്ള മനുഷ്യന്റെ മറ്റൊരു ചുവടുവെയ്‌പ്പിന് തുടക്കം കുറിക്കപ്പെടുന്നതായിരിക്കും. അപ്പോൾ തയ്യാറായിക്കോളൂ.. ആകാശം കീഴടക്കാൻ..
(അഡ്വ. സുനിൽ സുരേഷ് തിരുവനന്തപുരം കേരള ലോ അക്കാഡമി ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആണ്.)