ബാഴ്‌സലോണ: അടിച്ചമർത്താൻ സർവസന്നാഹങ്ങളൊരുക്കിയിട്ടും സ്‌പെയിനിലെ കാറ്റലോണിയ വാസികൾ സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനയിൽ സജീവമായി പങ്കെടുത്തു. 53 ലക്ഷം പേർക്കാണ് ഹിതപരിശോധനയിൽ പങ്കെടുക്കാൻ അവകാശമുണണ്ടായിരുന്നത്. ഇതിൽ 22 ലക്ഷം പേർ വോട്ട് ചെയ്തുവെന്നും അതിൽ 90 ശതമാനവും സ്വാതന്ത്ര്യത്തിനൊപ്പമാണെന്നും കാറ്റലോണിയ അധികൃതർ അവകാശപ്പെടുമ്പോൾ, സർക്കാർ അനധികൃതമെന്ന് പ്രഖ്യാപിച്ച വോട്ടെടുപ്പ് നടന്നുവെന്നുപോലും പറയാൻ സ്പാനിഷ് പ്രധാനമന്ത്രി തയ്യാറായില്ല. മിക്കവാറും പോളിങ് ബൂത്തുകൾക്കുമുന്നിൽ പൊലീസും സുരക്ഷാസേനയും ജനങ്ങളുമായി ഏറ്റുമുട്ടി. ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം സ്‌പെയിനിൽനിന്ന് മോചനം ആവശ്യപ്പെട്ട് നടത്തിയ ഹിതപരിശോധനയിൽ 90 ശതമാനം കാറ്റലോണിയ നിവാസികളും അനുകൂലമായി വോട്ട് ചെയ്‌തെന്ന് കാറ്റലോണിയുടെ പ്രാദേശിക സർക്കാർ അറിയിച്ചിട്ടുണ്ട്്. സ്വതന്ത്ര രാജ്യമാകാനുള്ള അവകാശം കാറ്റലോണിയ നേടിയെന്ന് കറ്റാലൻ പ്രസിഡന്റ് കാൾസ് പ്യൂയിഗ്‌ഡെമണ്ട് വോട്ടെടുപ്പിനു ശേഷം പ്രതികരിച്ചു. വോട്ടെടുപ്പിനിടെ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാൻ യൂറോപ്യൻ യൂണിയനോട് ഇടപെടാൻ ആവശ്യപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു. 2.26 കോടിയാളുകളാണ് വോട്ടെടുപ്പിൽ പങ്കെടുത്തതെന്നും ഇതിൽ 90 ശതമാനം ആളുകളും സ്‌പെയനിൽനിന്ന് മോചനം ആവശ്യപ്പെട്ട് വോട്ട് ചെയ്തതായി കറ്റാലൻ സർക്കാർ വക്താവ് ജോർഡി ടുറുൽ തിങ്കളാഴ്ച രാവിലെ അറിയിച്ചു. എട്ട് ശതമാനം ആളുകൾ പ്രതികൂലമായി വോട്ട് ചെയ്തു. 15000 വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌പെയിനിലെ പരമോന്നത കോടതിയുടെ വിധി ലംഘിച്ചു പുതിയ രാജ്യം വേണമെന്ന ആവശ്യവുമായി ബലമായി ഹിതപരിശോധന നടത്താൻ തയ്യാറാവുകയായിരുന്നു കാറ്റലോണിയക്കാർ. സൈന്യം ഇവരെ തടഞ്ഞതോടെ സംഘർഷത്തിൽ ആയിരത്തിലേറ പേർക്കു പരുക്കേറ്റു. സ്‌പെയിനിൽനിന്നും വേർപെട്ട് കാറ്റലോണിയക്കാർ പുതിയ രാജ്യമാകാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള ഹിതപരിശോധന സ്പാനിഷ് ഭരണഘടനാ കോടതി വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ച് ഇന്നലെ ആയിരക്കണക്കിന് കാറ്റലോണിയക്കാർ ഹിതപരിശോധനയ്ക്കായി അവർതന്നെ ഒരുക്കിയ പോളിങ് ബൂത്തുകളിലേക്ക് എത്തുകയായിരുന്നു.

ബലമായി ഹിതപരിശോധന നടത്താനുള്ള ശ്രമം തുടർന്നുണ്ടായ സംഘർഷവും ഈ വിഷയത്തെ അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റി. സ്‌പെയിന്റെ രാഷ്ട്രീയ അസ്ഥിത്വത്തെയും യൂറോപ്പിലെ ക്രമസമാധാന നിലയെയും സാരമായി ബാധിക്കുന്ന പ്രശ്‌നമായി ഇതു വളരുമെന്ന വിലയിരുത്തലാണ് ഉള്ളത്. ബ്രെക്‌സിറ്റിന്റെ പേരിൽ നട്ടംതിരിയുന്ന യൂറോപ്പിന് മറ്റൊരു പ്രഹരംകൂടിയാകും ഈ വിഘടനവാദം. മെഡിറ്ററേനിയൻ തുറമുഖനഗരമായ ബാർസിലോന തലസ്ഥാനമായി പുതിയ രാജ്യം അനുവദിക്കണമെന്നാണ് കാറ്റലോണിയക്കാരുടെ ആവശ്യം. പ്രാദേശിക ഭരണ നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഈ വിഘടനവാദം ചൂടുപിടിക്കുന്നത്.

കാറ്റലൻ ജനതയുടെ സ്വാതന്ത്ര്യമോഹത്തിനുനേർക്ക് സ്പാനിഷ് സർക്കാർ നടത്തിയ അടിച്ചമർത്തൽ നടപടിയെ മിക്ക ലോകനേതാക്കളും അധിക്ഷേപിച്ചു. പോളിങ് ബൂത്തുകളിലേക്ക് ഇരച്ചുകയറിയ പൊലീസും പട്ടാളവും ജനങ്ങളെ ബലപ്രയോഗത്തിലൂടെ മാറ്റി ബാലറ്റ് പെട്ടികൾ തട്ടിയെടുക്കുകയായിരുന്നുവെന്ന് കാറ്റലൻ അധികൃതർ പറഞ്ഞു. കാറ്റലൻ പ്രസിഡന്റ് കാർലോസ് പ്യൂഡ്‌മോണ്ട് വോട്ടുചെയ്ത ഗെറോണയിലെ സരിയ ഡേ ടേർ ഗ്രാമത്തിലെ പോളിങ് ബൂത്തിൽ സൈന്യം പോളിങ് ബൂത്ത് തകർക്കുന്ന ദൃശ്യം ഇതിനകം പുറത്തുവന്നു.

സ്പാനിഷ് സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾ വിലപ്പോയില്ലെന്ന് പ്യൂഡ്‌മോണ്ട് പിന്നീട് പറഞ്ഞു. സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനയിൽ കാറ്റലോണിയ വിജയിച്ചുവെന്നും ഏതാനും ദിവസത്തിനകം ഹിതപരിശോധനാഫലം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കാറ്റലോണിയയുടെ തലസ്ഥാനമായ ബാഴ്‌സലോണയിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ റബ്ബൾ ബുള്ളറ്റുകൾ ഉപയോഗിച്ചു.

സ്‌പെയിനിൽ നടന്ന അടിച്ചമർത്തൽ നടപടികളെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൺ വിമർശിച്ചു. കാറ്റലൻ ഹിതപരിശോധനയോട് യോജിപ്പില്ലെങ്കിലും ജനങ്ങൾക്കുനേരെയുണ്ടായ ബലപ്രയോഗത്തെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസ് നടപടിയെ അപലപിക്കണമെന്നും പ്രധാനമന്ത്രി തെരേസ മെയ്‌ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണെമന്നും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാൻ തെരേസ തയ്യാറാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കാറ്റലോണിയയിലെ പൊലീസ് നടപടിയെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും ഇറ്റലിയിലെ ബൊളോണയിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായി നടത്തിയ പ്രഭാഷണത്തിൽ യൂറോപ്യൻ യൂണിയന്റെ പ്രസക്തിയെക്കുറിച്ചും യോജിച്ച് നിൽക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇത്തരം തദ്ദേശീയമായ വാദങ്ങളെ മാറ്റിനിർത്തി യോജിച്ചുപോകാൻ തയ്യാറാകണമെന്നും യൂറോപ്യൻ യൂണിയനിലെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക വാദങ്ങൾ യൂറോപ്യൻ യൂണിയന്റെ ആശയങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെൽജിയം പ്രധാനമന്ത്രി ചാൾസ് മിഷേലും ആക്രമണത്തെ അപലപിച്ചു. ആക്രമണവും സംഘർഷവും ഒന്നിനും പരിഹാരമല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നെങ്കിലും, ഹിതപരിശോധനയെയോ കാറ്റലൻ ദേശീയ വാദത്തെയോ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സ്പാനിഷ് പ്രധാനമന്ത്രി മരിയോ രജോയ്. കാറ്റലോണിയയിലെ സംഘർഷം നിയന്ത്രിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും പൊലീസിന് സാധിച്ചുവെന്നും ഹിതപരിശോധന നടത്താൻ അനുവദിച്ചിട്ടില്ലെന്നും അദദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സ്‌പെയിനിലെ ഭരണഘടനാ കോടതി ഹിതപരിശോധന നിരോധിച്ചിരുന്നു. സർക്കാരും അത് നിയമവിരുദ്ധമാമെന്ന് പ്രഖ്യാപി്ച്ചു.

സംഘർഷത്തിൽ 888 പേർക്ക് പരിക്കേറ്റതായും ഇവരിൽ 11 പൊലീസുകാരുമുണ്ടെന്നും സ്പാനിഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് കാറ്റലോണിയൻ ടീമായ ബാഴ്‌സലോണയുടെ ഇന്നലത്തെ സ്പാനിഷ് ലീഗ് മത്സരത്തിന് കാണികളെ അനുവദിച്ചിരുന്നില്ല. ലയണൽ മെസ്സിയെപ്പോലുള്ള പ്രശസ്തർ അണിനിരന്ന മത്സരം ഒഴിഞ്ഞ ഗാലറികൾക്ക് നടുവിലാണ് നടന്നത്. ബാഴ്‌സലോണയുടെ തട്ടകമായ നൗക്കാമ്പിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണ 3-0ന് വിജയിച്ചു.

സ്പെയിനിൽ നിന്നും വേർപെട്ട് പ്രത്യേക രാജ്യമാകാനുള്ള കാറ്റലോണിയയുടെ ഹിതപരിശോധനക്കിടെ സംഘർഷത്തിൽ 337 പേർക്ക് പരിക്കേറ്റിരുന്നു. വോട്ടെടുപ്പ് സ്പാനിഷ് സുരക്ഷാ സേന തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രതിഷേധവുമായെത്തിയവർക്ക് നേരെ റബ്ബർ ബുള്ളറ്റുകളും ബാറ്റണുകളും ഉപയോഗിച്ചു. 11 പൊലീസുകാർക്കും പരിക്കുണ്ട്. ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്പെയിനിലെ ഭരണകൂട കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടു പിടിച്ച് വോട്ടെടുപ്പിൽ നിന്ന് പിന്മാറണമെന്ന് സർക്കാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പോളിങ് സ്റ്റേഷനുകൾ പിടിച്ചടക്കാൻ പൊലീസിനെ നിയോഗിച്ചു. ഇതിനെ നേരിടാൻ കറ്റാലൻ ജനത നേരത്തേ പോളിങ് സ്റ്റേഷനുകൾ പലതും കയ്യടക്കി താമസം തുടങ്ങിയിരുന്നു.

വോട്ടെടുപ്പ് തടഞ്ഞ സർക്കാർ നടപടി നീതീകരിക്കാനാവാത്തതാണെന്ന് കറ്റാലൻ നേതാക്കൾ അഭിപ്രായപ്പെട്ടു. സർക്കാർ തടഞ്ഞെങ്കിലും മൂന്നിൽ രണ്ട് വോട്ടിങ് കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് നടത്താനായെന്നും നേതാക്കൾ അവകാശപ്പെട്ടു. സ്‌പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് ഫ്രാൻസിനോട് ചേർന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സപാനിഷ് സമ്പദ്ഘടനയുടെ നെടുംതൂണാണ്. സ്പാനിഷ് സർക്കാരും കാറ്റലോണിയ സർക്കാരും തമ്മിലുള്ള രാഷ്ട്രീയസംഘർഷത്തിനിടെയാണ് ഹിതപരിശോധനാ ഫലം വന്നത്. നിലവിൽ സ്വയംഭരണാവകാശമുള്ള കറ്റാലൻ മേഖല പൂർണമായും ഒരു സ്വതന്ത്രരാജ്യമാകണമെന്ന കറ്റാലൻ പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം ഹിതപരിശോധനയിലേക്ക് നയിക്കുകയായിരുന്നു.

ആകെ 2315 പോളിങ് കേന്ദ്രങ്ങളാണ് കാറ്റലോണിയയിലുള്ളത്. പോളിങ് കേന്ദ്രങ്ങളായ 1300 സ്‌കൂളുകൾ പൊലീസ് പൂട്ടിയതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. പ്രവിശ്യയിലെ വാർത്താപ്രക്ഷേപണകേന്ദ്രവും പൊലീസ് നിയന്ത്രണത്തിലാക്കി. തിരഞ്ഞെടുപ്പിനെക്കുറിച്ച് വിവരം നൽകുന്ന മൊബൈൽ ആപ്ലിക്കേഷനും വെബ്‌സൈറ്റും പ്രവർത്തനം അവസാനിപ്പിച്ചു. 80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്‌പെയിനിലെ 16 ശതമാനം ജനങ്ങൾ താമസിക്കുന്നത്. സ്‌പെയിന്റെ കയറ്റുമതിയിൽ 26 ശതമാനവും കാറ്റലോണിയയിൽ നിന്നാണ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 19 ശതമാനവും ഇവിടെയാണ്. സ്‌പെയിനിലെത്തുന്ന വിദേശനിക്ഷേപത്തിൽ 21 ശതമാനത്തോളവും കാറ്റലോണിയയെയാണ് ലക്ഷ്യമിടുന്നത്.