ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിന് കൂടുതൽ സ്വീകാര്യതയും പിന്തുണയും തേടി ലോകത്തിന്റെ ഹൈടെക് കേന്ദ്രമായ സിലിക്കൺ വാലി സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവഹർലാൽ നെഹ്‌റുവിന് ശേഷം കാലിഫോർണിയ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന പ്രത്യേകത മോദിയുടെ യാത്രയ്ക്കുണ്ടെങ്കിലും വലിയൊരു വിവാദത്തിന്റെ നടുവിലേക്കാണ് അദ്ദേഹം ചെന്നെത്തുന്നത്. സെപ്റ്റംബർ 27-നാണ് മോദി സിലിക്കൺ വാലിയിലെത്തുക.

മോദിയുടെ വരവിനെച്ചൊല്ലി രണ്ടു തട്ടിൽ നിൽക്കുകയാണ് സിലിക്കൺ വാലിയിലെ ടെക്കി സമൂഹം. മോദിയെ നിരുപാധികം സ്വീകരിക്കുന്നതിലെ ധാർമികത ചോദ്യം ചെയ്ത് ഒരുവിഭാഗം നിൽക്കുമ്പോൾ, മോദിക്ക് വൻവരവേൽപ്പ് നൽകാനൊരുങ്ങുകയാണ് മറുവിഭാഗം. ലോകത്ത് മറ്റെവിടെപ്പോയാലും തിളങ്ങാറുള്ള മോദിയെ സിലിക്കൺ വാലിയിൽ അതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് അവിടുത്തെ ലെഫ്റ്റിസ്റ്റുകൾ. മോദിയെ സ്വീകരിക്കുന്നതിലെ അധാർമികത ഉയർത്തിക്കാട്ടി അവർ ഇതിനകം വലിയൊരു നിവേദനവും സമർപ്പിച്ചുകഴിഞ്ഞു.

ആപ്പിൾ, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികളുടെ സിഇഒമാർക്കുൾപ്പടെ നൽകിയ നിവേദനത്തിൽ, മോദിയെ സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ വർഗിയ വൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സർക്കാരിന്റെ തലവനാണ് മോദിയെന്നും അത്തരമൊരാൾക്ക് സ്വീകരണം നൽകുന്നത് ഉചിതമല്ലെന്നുമാണ് ഇവരുടെ പരീതിയിൽപ്പറയുന്നത്.

ഇന്ത്യൻ വംശജരായ ടെക്കികളാണ് ഈ പരാതിയിൽ ഒപ്പുവച്ചവരിലേറെയും. വെൻഡി ഡോനിഗറിനെയും ഷെൽഡൺ പോളോക്കിനെയും പോലുള്ളവരുടെയും ഒട്ടേറെ അമേരിക്കൻ ചിന്തകരുടെയും പിന്തുണയും ഇവർക്കുണ്ട്. ഈ പരാതി വന്നതോടെയാണ് ദേശീയ വാദികളായ ഇന്ത്യൻ ടെക്കികളും വലതുപക്ഷക്കാരായ മറ്റുള്ളവരും മോദിക്കുവേണ്ടി പക്ഷം ചേർന്നത്.

ഡിജിറ്റൽ ഇന്ത്യ പദ്ധതി സുതാര്യമായ ഭരണം ഉറപ്പുനൽകുന്നില്ലെന്നും ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾക്ക് യാതൊരു സുരക്ഷയും ഉറപ്പുതരുന്നില്ലെന്നും പരാതിയിൽപ്പറയുന്നു. അത്തരമരു പദ്ധതിയുമായി സഹകരിക്കുന്നത് സിലിക്കൺ വാലിയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാകുമെന്നും ഇവർ വാദിക്കുന്നു. എന്നാൽ, യു.പി.എ മന്ത്രിസഭയിലെ ഐ.ടി മന്ത്രിയായിരുന്ന കബിൽ സിബലാണ് ഡിജിറ്റൽ ഇന്ത്യയെന്ന ആശയം ആദ്യമായി കൊണ്ടുവന്നതെന്നും മോദിയെ എതിർക്കുന്നവർ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വലതുപക്ഷ ടെക്കികൾ വാദിക്കുന്നു.

സിലിക്കൺ വാലിയുടെ വളർച്ചയ്ക്ക് കനത്ത സംഭാവനകൾ നൽകിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. ആ നിലയ്ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് സിലിക്കൺ വാലി സന്ദർശിക്കാനും പിന്തുണ അഭ്യർത്ഥിക്കാനും അവകാശവുമുണ്ട്. എന്നാൽ, മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിൽ 2005 മുതൽ 2014 വരെ അമേരിക്ക വിസ നിഷേധിച്ചയാളാണ് നരേന്ദ്ര മോദിയെന്ന് ഓർക്കണമെന്നും പരാതിയിൽപ്പറയുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഇപ്പോഴും കോടതികളിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും അത് സൂചിപ്പിക്കുന്നു.