- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എത്രതവണ വിദേശയാത്ര നടത്തി? വ്യത്യസ്ത കണക്കുകളുമായി വിവരാവകാശ രേഖ; ആകെ 11 യാത്രകളെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുമ്പോൾ 21 തവണ ദുബായിൽ സന്ദർശനം നടത്തിയെന്ന് ഇന്ത്യൻ കോൺസുലേറ്റ്; എല്ലാ യാത്രകളും സ്വകാര്യ സന്ദർശനങ്ങൾ
കൊച്ചി: ഡോളർ കടത്തിൽ ആരോപണ വിധേയനായ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ രക്ഷിക്കാൻ അദ്ദേഹത്തിന്റെ ഓഫീസ് കള്ളം പറഞ്ഞോ? സ്പീക്കറുടെ വിദേശയാത്രകളെ കുറിച്ച് പരിശോധിക്കുമ്പോൾ ഇതിൽ വ്യത്യസ്ത കണക്കു ലഭിച്ചതാണ് വിവാദങ്ങൾക്കും സംശയങ്ങൾക്കും ഇട നൽകുന്നത്. പി. ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകൾ സംബന്ധിച്ചു വ്യത്യസ്ത കണക്കുകളുമായി സ്പീക്കറുടെ ഓഫിസും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും രംഗത്തെത്തി.
കൊച്ചി സ്വദേശി ധനരാജ് സുഭാഷിനു ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇക്കാര്യമുള്ളത്. സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവരാവകാശം നൽകിയപ്പോൾ അദ്ദേഹം ആകെ 11 യാത്രകളാണ് നടത്തിയത് എന്നാണ് ലഭ്യമായ വിവരം. അതേസമയം, പി.ശ്രീരാമകൃഷ്ണൻ 21 തവണ ദുബായിൽ സന്ദർശനം നടത്തിയതായും ഇതെല്ലാം സ്വകാര്യ സന്ദർശനങ്ങളാണെന്നും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നൽകിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കണക്കുകളിലെ ഈ വൈരുദ്ധ്യം വ്യക്തമായതോടെ ആരാണ് കള്ളം പറയുന്നത് എന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ 9 തവണ സ്പീക്കർ വിദേശയാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. ഔദ്യോഗിക ആവശ്യത്തിന് ഏഴ് തവണയും വ്യക്തിപരമായ ആവശ്യത്തിന് രണ്ട് തവണയും ആണ് സ്പീക്കർ വിദേശത്തേക്ക് പോയത്. 5,10859 രൂപ വിദേശയാത്രക്കായി ചെലവഴിച്ചിട്ടുണ്ടെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമായിരുന്നു.
അതേസമയം ഡോളർ കടത്തുമായി ആരോപണം ഉയർന്ന ഘട്ടത്തിൽ സ്വപ്നയുമൊത്ത് വിദേശയാത്ര നടത്തിയെന്നും വിദേശത്തു വെച്ച് കണ്ടെന്നുമുള്ള ആരോപണം ശ്രീരാമകൃഷ്ണനെതിരെ ഉയരുകയുണ്ടായി. എന്നാൽ, ഈ ആരോപണം സ്പീക്കർ തന്നെ നിഷേധിക്കുകയാണ് ഉണ്ടായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഭരണഘടനാ സ്ഥാപനത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. തന്റെ വിദേശയാത്രകൾ നിയമപരമായ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു എന്നും സ്പീക്കർ വ്യക്തമാക്കുയത്.
ചട്ടപ്രകാരമായ വിദേശയാത്രകൾ മാത്രമാണ് നടത്തിയത്. സ്വർണക്കടത്ത് പ്രതികൾക്ക് ഒരുമിച്ച് വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു വെച്ച് പ്രതികളെ കാണുന്ന സന്ദർഭം ഉണ്ടായിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി. സ്വർണക്കടത്തിൽ സ്പീക്കറെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്നും അദ്ദേഹം നിഷേധക്കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.
വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പലതവണ പോയിട്ടുണ്ട്. അതിൽ ഒന്നും ഒളിച്ചുവെക്കേണ്ട സംഗതികളില്ല. എന്നാൽ വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. തെറ്റായ വാർത്ത എവിടെ നിന്നോ പുറത്തുവരുന്നു. പിന്നീട് എല്ലാവരും അത് ഏറ്റുപിടിക്കുന്ന സ്ഥിതിയാണ് കാണുന്നത്. ഔദ്യോഗിക യാത്രകളെല്ലാം നിയമപരമായ മുഴുവൻ നടപടിക്രമങ്ങളും സ്വീകരിച്ചുകൊണ്ടുതന്നെയാണ് നടത്തിയിട്ടുള്ളതെന്നുമായിരുന്നു സ്പീക്കറുടെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ