- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രസ അദ്ധ്യാപകരുടെ വേതനം: മറുപടി ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിങ്; വകുപ്പുതല അന്വേഷണം നടത്തും; ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടൽ ഉണ്ടായെന്നും സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടിക്ക് മുമ്പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിങ്. മദ്രസ അദ്ധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ ഉത്തരം നൽകുന്നതിന് മുമ്പുതന്നെ ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി എംഎൽഎയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.
ചോദ്യോത്തര വേളയിൽ മന്ത്രി നൽകേണ്ട ഉത്തരം ചോർന്നുവെന്ന് ആരോപിച്ചായിരുന്നു നോട്ടീസ്. ഇതിലാണ് സ്പീക്കർ സർക്കാരിന് റൂളിങ് നൽകിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടൽ ഉണ്ടായെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.
വകുപ്പുതലത്തിൽ നിന്ന് മന്ത്രിക്ക് എഴുതി നൽകേണ്ട വിവരണമാണ് ചോർന്നത്. ഇത് നിയമസഭാ അംഗങ്ങളുടെ അവകാശ ലംഘനല്ലെങ്കിലും ചട്ടവിരുദ്ധമായ നടപടിയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതമായ വീഴ്ചയാണ് ഉണ്ടായത്. കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി എടുക്കണമെന്നും സ്പീക്കർ റൂളിങ് നൽകി.
കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിൽ പരമാർശമുള്ള ചോദ്യം അനുവദിച്ചതിലും സ്പീക്കർ റൂളിങ് നൽകിയിരുന്നു. സംഭവത്തിൽ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് മനഃപൂർവമല്ലാത്ത വീഴ്ചയുണ്ടായെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന പരാമർശമുള്ള ചോദ്യം അനുവദിച്ചതിനെതിരെയായിരുന്നു സ്പീക്കറുടെ റൂളിങ്. ഈ ചോദ്യത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് റൂളിങ് നൽകിയത്.
ചോദ്യം അനുവദിച്ചതിൽ മനഃപൂർവ്വമല്ലാത്ത വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ ഇത്തരം വീഴ്ച ഉണ്ടാക്കാതെ നിയമസഭാ സെക്രട്ടേറിയറ്റ് നോക്കണമെന്നും റൂളിങ്ങിൽ പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ കുറഞ്ഞ ഉദ്യോഗസ്ഥരെ വച്ചാണ് നിയമസഭ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നത്. ചോദ്യത്തിന്റെ ഉള്ളടക്കം ചട്ടങ്ങൾക്ക് വിരുദ്ധമാകാതെ അംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്പീക്കർ ഓർമിപ്പിച്ചു.
ദുരന്തങ്ങൾ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച അതിജീവന നടപടികളെ പ്രതിപക്ഷ കക്ഷികൾ തടസപ്പെടുത്തിയെന്ന രീതിയിലുള്ള ചോദ്യമാണ് തർക്കത്തിനിടയാക്കിയത്. മൂന്നാമതായി ചേർത്ത ചോദ്യത്തിലെ അനൗചിത്യം ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് ക്രമപ്രശ്നത്തിലൂടെ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം സഭയിൽ തുടർന്നു.
എന്നാൽ, ആദ്യ ചോദ്യങ്ങൾക്ക് ശേഷം മൂന്നാമത് ചോദ്യത്തിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എണീറ്റു. പിന്നീട് സ്പീക്കർ റൂളിങ് ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ