- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്താൻ ഗവർണർ അനുമതി നൽകിയേക്കും; അനുകൂല നിലപാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആരിഫ് മുഹമ്മദ് ഖാനെ നേരിലെത്തി കണ്ടതിന് പിന്നാലെ; പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ വിശദീകരണം തേടിയ ഗവർണർ സമ്മേളനത്തിന് അനുമതി നൽകാമെന്ന് ഉറപ്പു നൽകിയതായി സൂചന
തിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ വേണ്ടി ഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നതിന് അനുമതി നേടി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാസമ്മേളനത്തിന് അനുമതി നൽകാമെന്ന് ഗവർണർ ഉറപ്പുനൽകിയതായാണ് പുറത്തുവരുന്ന വാർത്തകൾ. അതേസമയം പ്രമേയത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്. ഉള്ളടക്കത്തെ കുറിച്ച് അറിഞ്ഞ ശേഷം സമ്മേളനം വിളിക്കാമെന്നാണ് ഗവർണർ നിലപാട് അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. ഇതിന് ഗവർണറെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് സ്പീക്കർ ഗവർണറെ കാണുന്നതിനായി എത്തിയത്. ഇതിനിടയിൽ ഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നത് സംബന്ധിച്ചും ചർച്ചയുണ്ടായി.
ഗവർണർ സ്പീക്കറെ തന്റെ അതൃപ്തി അറിയിച്ചു. ആദ്യം സർക്കാർ അനുമതി ചോദിച്ചപ്പോൾ പ്രത്യേക സമ്മേളനം എന്ത് അടിയന്തര സാഹചര്യത്തിലാണെന്ന് വ്യക്തമാക്കിയില്ല. അതാണ് ആശയക്കുഴപ്പമുണ്ടായതെന്നും സാഹചര്യം ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഗവർണർ പറഞ്ഞു. അതുകൊണ്ടാണ് വിശദീകരണം ചോദിച്ചത്. എന്നാൽ സർക്കാർ നൽകിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല.
കഴിഞ്ഞദിവസം മന്ത്രിമാരും ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ഗവർണറെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ സ്പീക്കർ കൂടി ഇക്കാര്യങ്ങൾ സൂചിപ്പിച്ചതോടെ സമ്മേളനത്തിന് അനുമതി നൽകാമെന്ന ഉറപ്പ് ഗവർണർ നല്കിയതായാണ് സൂചന.
ഗവർണർ രണ്ടുകാര്യങ്ങളിലാണ് സർക്കാരിന്റെ വിശദീകരണം തേടിയിട്ടുള്ളത്. ഏത് സാഹചര്യത്തിലാണ് സമ്മേളനം ചേരുന്നതെന്ന് രേഖാമൂലം അറിയിക്കണമെന്നും പ്രമേയമുണ്ടെങ്കിൽ അതിന്റെ ഉള്ളടക്കം അറിയിക്കണമെന്നുമായിരുന്നു ആവശ്യം. രണ്ടു കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി.
നിയമസഭ ചേരേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതിനുള്ള നടപടി സർക്കാർ തുടരുകയാണ്. സഭ ചേരേണ്ട സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറോട് വിശദീകരിച്ചിട്ടുണ്ട്. ഡിസംബർ 23ന് കർഷകർ സമരം ചെയ്യുന്ന കൃഷി ബില്ലുകളെ കുറിച്ച് ചർച്ച ചെയ്യാൻ ഒരു മണിക്കൂർ സമയമാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിനായി സർക്കാർ ഗവർണറോട് സർക്കാർ ചോദിച്ചത്. എന്നാൽ ഇതിൽ അടിയന്തിര സാഹചര്യമെന്താണെന്ന് ചോദിച്ച് ഗവർണർ ഫയൽ മടക്കിയതോടെ പ്രതിസന്ധി ഉണ്ടാകുകയായിരുന്നു.