തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി സ്പീക്കർ രംഗത്ത്. സ്വർണക്കടത്ത് കേസിലെ വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് സ്പീക്കറുടെ ഓഫീസ് വാത്താക്കുറിപ്പിൽ അറിയിച്ചു. വിദേശയാത്രകൾ നടപടിക്രമം പാലിച്ചെന്നും വിശദീകരണം. വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്പീക്കറുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിശദാംശങ്ങൾ വേണമെന്നുണ്ടെങ്കിൽ അത് ഓഫീസിൽ ലഭ്യമാണ്. യാത്രകൾ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുണ്ടെന്നും സ്പീക്കർ അറിയിച്ചു. സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായി ഒരു ഘട്ടത്തിലും വിദേശത്ത് യാത്ര ചെയ്തിട്ടില്ല. അവിടെ വെച്ച് കണ്ടുമുട്ടേണ്ട സാഹചര്യം പോലും ഉണ്ടായിട്ടില്ലെന്നും സ്പീക്കർ വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.

സ്പീക്കറുടെ വിശദീകരണം പൂർണരൂപം

തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് അറിയിക്കുന്നു.

കഴിഞ്ഞ അഞ്ചുമാസമായിട്ട് വിവിധ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ പ്രത്യേക സന്ദർഭത്തിലാണ് ഇങ്ങനെ ഒരു വ്യാഖ്യാനം ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് വസ്തുതകളുമായി യാതൊരുബന്ധവുമില്ല എന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. വാർത്തകളിൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾ പോലെയുള്ള കാര്യങ്ങൾ ശരിയല്ല. നേരത്തെതന്നെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചതാണ്. വിദേശത്തുള്ള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാൻ നിർബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. മാത്രമല്ല, സഹോദരങ്ങൾ വിദേശത്തായതിനാൽ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു.

വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്പീക്കറുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ വേണമെന്നുണ്ടെങ്കിൽ അത് ഓഫീസിൽ ലഭ്യമാണ്. യാത്രകൾ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുമുണ്ട്.

സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കൽപ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീർത്തും തെറ്റാണ്. തെറ്റായ ഒരു വാർത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ല.

ഔദ്യോഗിക സ്വഭാവമുള്ള യാത്രകൾക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങൾ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സർക്കാരിൽനിന്ന് ഉപയോഗിച്ചിട്ടുള്ളൂ. വിദേശത്തുള്ള വിവിധ സംഘടനകളും സാംസ്‌കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികൾക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര. ഇക്കാര്യത്തിലും അവ്യക്തതയില്ല.

വസ്തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്പീക്കറുടെ ഓഫീസ്,

കേരള നിയമസഭ.