ചില തടസ്സങ്ങളെ പെരുപ്പിച്ച് കാട്ടി, മാധ്യമവിലക്കെന്ന വാർത്തകൾ ആസൂത്രിതം; നിയമസഭാ നടപടികളുടെ സംപ്രേഷണം സഭാ ടി വി യിലൂടെ മാത്രം; ദൃശ്യങ്ങൾ ആക്ഷേപഹാസ്യ പരിപാടിക്ക് ഉപയോഗിക്കരുത്; റൂളിംഗുമായി സ്പീക്കർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിലെ മാധ്യമവിലക്കുണ്ടെന്ന വിഷയത്തിൽ റൂളിങുമായി സ്പീക്കർ. ചില തടസ്സങ്ങളെ പെരുപ്പിച്ച് കാട്ടിയെന്നും മാധ്യമവിലക്കെന്ന വാർത്തകൾ ആസൂത്രിതമാണെന്നും സ്പീക്കർ എം.ബി. രാജേഷ് ആവർത്തിച്ചു. അതേസമയം സഭയിലെ ദൃശ്യങ്ങൾ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങൾ ആക്ഷേപ ഹാസ്യ പരിപാടികൾക്കോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും സ്പീക്കർ റൂളിങ്ങിലൂടെ വ്യക്തമാക്കി.
2002-ലെ മാർഗനിർദ്ദേശം അനുസരിച്ചാണ് ഇതെന്നും സ്പീക്കർ വ്യക്തമാക്കി. നിയമസഭ മന്ദിരത്തിന്റെ മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളിൽ ക്യാമറ അനുവദിക്കില്ല. ക്യാമറ കൂടാതെ പാസുള്ള മാധ്യമപ്രവർത്തകർക്ക് സഭയിൽ എവിടെയും പോകാൻ വിലക്കില്ല. ചില തടസങ്ങളെ പെരുപ്പിച്ച് കാണിച്ചാണ് മാധ്യമവിലക്കെന്ന രീതിയിൽ വാർത്ത നൽകിയത്.
സഭാ ടി.വി.യിൽ പക്ഷം നോക്കിയല്ല ദൃശ്യം കാണിക്കുന്നത്. സഭാ നടപടികളാണ് സംപ്രേഷണം ചെയ്യുന്നത്. സഭയിലെ ദൃശ്യങ്ങൾ മുഖ്യധാര മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. അതിനാൽ ഇനി സഭാ ടി.വി. വഴി മാത്രം സഭാ നടപടികൾ സംപ്രേഷണം ചെയ്യുകയുള്ളൂ. സഭയിലെ ദൃശ്യങ്ങൾ ആക്ഷേപ ഹാസ്യ പരിപാടികളിൽ ഉൾപ്പെടെ ഉപയോഗിക്കാൻ പാടില്ല.
ചില അംഗങ്ങൾ സഭയിലെ ദൃശ്യം മൊബൈലിൽ പകർത്തി മാധ്യമങ്ങൾക്ക് നൽകി. ഇവർക്കെതിരേ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ കത്ത് നൽകിയിരുന്നു. മീഡിയ റൂമിൽനിന്ന് ചില മാധ്യമപ്രവർത്തകരും മൊബൈലിൽ ദൃശ്യം പകർത്തിയിട്ടുണ്ട്. ഇത് അതീവഗൗരവതരമാണ്.
സഭാ ഹാളിലെ ദൃശ്യം പകർത്തി ദൃശ്യമാധ്യമങ്ങൾക്ക് നൽകുന്നത് സഭയോടുള്ള അവഹേളനമാണ്. മാധ്യമപ്രവർത്തകർ ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടത് അപലപനീയം. ഇത് ആവർത്തിച്ചാൽ ഭാവിയിൽ അവകാശലംഘനത്തിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും സ്പീക്കർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ