തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം ആരോപണങ്ങൾ കടുപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഒന്നരവർഷത്തെ വിദേശയാത്രകളുടെ വിശദാംശങ്ങൾ പുറത്ത്. 2019 ജനുവരി മുതൽ 2020 ജൂൺ വരെ സ്പീക്കർ നടത്തിയതു 9 വിദേശയാത്രകൾ എന്ന് വിവരാവകാശ രേഖ. തിരുവനന്തപുരം അമരവിള സ്വദേശി അഡ്വ.സി.ആർ.പ്രാണകുമാർ നൽകിയ അപേക്ഷയിലാണ് മറുപടി.

2019 ഫെബ്രുവരിയിൽ ലോകകേരള സഭയുടെ ഗൾഫ് കേരള റീജിയൺ മീറ്റിങ്ങിലും, കമോൺ കേരള ഗൾഫ് മാധ്യമം സെമിനാറിലും ലോക കേരളസഭ റിവ്യൂ മീറ്റിങ്ങിലും യുഎഇയിൽ പങ്കെടുത്തിട്ടുണ്ട്. 2019 ഏപ്രിലിൽ ജിദ്ദ നവോദയയുടെയും, റിയാദ് പൊന്നാനി പ്രവാസി കൂട്ടായ്മയുടെയും പരിപാടികളിൽ പങ്കെടുത്തു. 2019 മെയിൽ കുവൈറ്റ് കലയുടെ പ്രയാണം പരിപാടിയിൽ പങ്കെടുത്തു. 2019 സെപ്റ്റംബറിൽ ബെഹറിനിൽ, കേരളീയ സമാജത്തിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് ദുബായ് വഴി ഉഗാണ്ടയിൽ എത്തി സിപിഎ സ്പീക്കർമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു.

2019 ഒക്ടോബറിൽ ലോകകേരളസഭയുടെ ആഭിമുഖ്യത്തിൽ നീം ( NRK's emerging enterpreneurs meet) പങ്കെടുത്തു. 2019 ഡിസംബറിൽ ദോഹയിലെ പേൾ സ്‌കൂൾ ഉദ്ഘാടന പരിപാടി. 2020 ജനുവരിയിൽ ട്രാക്കസിന്റെ ദുബായ് മെഗാ ഈവന്റ് സീസൺ-2 വിൽ പങ്കെടുത്തു.

എല്ലാ ഔദ്യോഗിക മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് യാത്ര എന്നും നിയമസഭ സെക്രട്ടേറിയറ്റ് അറിയിച്ചു. ഇതിൽ സിപിഎ സ്പീകകേഴ്‌സ് കോൺഫറൻസ്, ലോകകേരളസഭയുടെ ഗൾഫ് റീജിയൺ മീറ്റിങ്, നീം
( NRK's emerging enterpreneurs meeting) യാത്രകൾക്ക് ടിഎ-ഡിഎ ഇനത്തിൽ 51,0859 രൂപ ക്ലെയിം ചെയ്തു. കുടുംബപരമായ ആവശ്യത്തിന് രണ്ടുവട്ടം യുഎഇ സന്ദർശിച്ചിട്ടുണ്ടെന്നും വിവരാവകാശരേഖയിൽ പറയുന്നു.

വിദേശ യാത്രകളെ സംബന്ധിച്ച ചോദ്യത്തിന്, തന്റെ ഗ്രാമത്തിലുള്ളവർ കൂടുതലും വിദേശത്താണെന്നും അവരുടെ ക്ഷണം അനുസരിച്ച് കെഎംസിസി അടക്കമുള്ള സംഘടനകളുടെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. താൻ ഒഴികെയുള്ള കുടുംബം അവിടെയാണ്. എംബസിയെ അറിയിച്ചാണ് വിദേശത്തു പോയിട്ടുള്ളത്. തന്റെ സങ്കൽപത്തിൽപോലും ഇല്ലാത്ത കാര്യമാണ് ആരോപണങ്ങളായി വരുന്നതെന്നും സ്പീക്കർ പറഞ്ഞു.സ്പീക്കറും മന്ത്രിമാരും നടത്തിയ വിദേശയാത്രകൾ കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്.

സ്വപ്നയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. അതൊരു വീഴ്ചയാണെന്ന് സമ്മതിക്കാം. സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും അവർ സഹായമൊന്നും ചോദിച്ചിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി. തന്റെ വിദേശയാത്രയിൽ ഒരിക്കൽ പോലും സ്വപ്ന ഒപ്പമുണ്ടായിരുന്നില്ല. വിദേശത്ത് വച്ച് അവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരേ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ നിർഭാഗ്യകരമാണ്. ഊഹാപോഹങ്ങൾ വച്ച് ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. വിമർശനത്തിന് വിധേയനാകാത്ത വിശുദ്ധ പശുവല്ല സ്പീക്കർ.

ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. സംസ്ഥാന നിയമസഭയുടെ പ്രവർത്തനത്തിന് ദേശീയ തലത്തിൽ തന്നെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഒളിവും മറവും വച്ച് ഒരു പദ്ധതിയും ചെയ്തിട്ടില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.