തിരുവനന്തപുരം: അട്ടപ്പാടിക്കായി സ്പെഷ്യൽ ഇന്റർവെൻഷൻ പ്ലാൻ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദീർഘകാലാടിസ്ഥാനത്തിൽ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകൾ, കുട്ടികൾ, കൗരപ്രായക്കാർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കും.

പ്രാദേശികമായി അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, ആശാപ്രവർത്തകർ, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ എന്നിവരെ ഉൾക്കൊള്ളിച്ച് 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് 'പെൻട്രിക കൂട്ട' എന്ന കൂട്ടായ്മ ഉണ്ടാക്കും. ഉത്തരവാദിത്ത സാമൂഹിക ഇടപെടലിന് ഈ കൂട്ടായ്മ സഹായിക്കും. അവരുടെ ഭാഷയിൽ ബോധവത്ക്കരണം ശക്തമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അട്ടപ്പാടിയിൽ 426 ഗർഭിണികളാണുള്ളത്. അതിൽ 218 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരിൽ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുമുണ്ട്. രക്തസമ്മർദം, അനീമിയ, തൂക്കക്കുറവ്, സിക്കിൾസൻ അനീമിയ തുടങ്ങിയ പല രോഗങ്ങളുള്ളവരുമുണ്ട്. ഇവർക്ക് വ്യക്തിപരമായി ആരോഗ്യ പരിചരണം ഉറപ്പാക്കും. മൂന്ന് മാസം കഴിയുമ്പോൾ ഇതേ രീതിയിൽ വീണ്ടും പുതിയ ഹൈ റിസ്‌ക് വിഭാഗത്തെ കണ്ടെത്തുന്നതാണ്.

മന്ത്രി അഗളി, കോട്ടത്തറ ആശുപത്രികൾ, ഊരുകൾ എന്നിവ സന്ദർശിക്കുകയും ഫീൽഡുതല പ്രവർത്തനങ്ങൾ വിലയിരുത്തുകയും കൂടുതൽ സമയം അവിടെ ചെലവഴിക്കുകയും ചെയ്തു.

ബോഡിചാള ഊരിലെ പാട്ടിയമ്മ, മൂപ്പൻ മുതൽ പഴയ തലമുറയിലേയും പുതു തലമുറയിലെയും ആളുകളുമായും ആദിവാസി സമൂഹത്തിലെ വിവിധ ആളുകളുമായും മന്ത്രി ആശയ വിനിമയം നടത്തി.