കോട്ടയം: കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളെ ഏൽപ്പിക്കുമെന്നും ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പാമ്പാടിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാജ്നാഥ് സിങ്.

ആചാരങ്ങൾ നിലനിർത്താൻ നടപടി സ്വീകരിക്കും. ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയക്കാരിൽ നിന്ന് മാറ്റി വിശ്വാസികളെ ഏൽപ്പിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും കേരളത്തിൽ വികസനം സാധ്യമാകുന്നില്ല. യുവാക്കൾ തൊഴിലില്ലാതെ അലയുന്ന അവസ്ഥയാണ്. ബിജെപി അധികാരത്തിലെത്തിയാൽ ഇതിനെല്ലാം സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലിപ്പോൾ യുഡിഎഫിനും എൽഡിഎഫിനും ബദലായി ബിജെപി വളർന്നുകൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ റോഡ് ഷോ അടക്കം പ്രചാരണ പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ ചർച്ചയായി ശബരിമല മാറുകയാണ്. പ്രചാരണ തുടക്കത്തിൽ ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തോടെയാണ് ശബരിമല ചർച്ചയായി ഉയർന്ന് വന്നതെങ്കിലും വിശ്വാസ സംരക്ഷണവും സുപ്രീംകോടതി വിധിക്ക് ശേഷമുണ്ടായ സർക്കാർ ഇടപെടലും തുടങ്ങി അധികാരത്തിലെത്തിയാൽ ശബരിമലക്ക് വേണ്ടി പ്രത്യേക നിയമ നിർമ്മാണം എന്ന ബിജെപി പ്രഖ്യാപനം വരെ എത്തി നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കളത്തിലെ ശബരിമല വിവാദം. ആക്രമണമെന്ന നിലയിലും പ്രതിരോധമെന്ന നിലയിലും മുന്നണി വ്യത്യാസം ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെ പ്രധാന ചർച്ചാ വിഷയവുമാണ് ഇപ്പോൾ ശബരിമല. യുഡിഎഫും എൻഡിഎയും ഇടത് മുന്നണിക്കെതിരെ ശബരിമല ആയുധമാക്കുമ്പോൾ, ഇടത് മുന്നണിയിൽ തോറ്റാലും ജയിച്ചാലും കടകംപള്ളി സുരേന്ദ്രന് ഇനി കാര്യങ്ങൾ കഠിനമാകും.

ശബരിമലയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിൽ നടപടി ഉണ്ടാകുമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന സൂചന. വിശദീകരണം തേടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാാന കമ്മറ്റിയും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം കോടതിക്ക് മുന്നിലാണ്. കോടതി തീരുമാനം വരുമ്പോൾ പാർട്ടി നിലപാട് വ്യക്തമാക്കാമെന്നും സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം തിരുത്തുമോ എന്നത് പ്രസക്തമല്ല. കഴിഞ്ഞത് കഴിഞ്ഞു... ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധി വന്നാൽ വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കടകംപള്ളി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും താൻ ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.

ഖേദപ്രകടനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി എംഎം മണിയും രംഗത്തെത്തി. കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമാണെന്നും ഖേദം പ്രകടിപ്പിക്കാൻ പാർട്ടി ആരെയും ചുമതതലപ്പെടുത്തിയിട്ടില്ലെന്നും എംഎം മണി തുറന്നടിച്ചു. ശബരിമലയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

'അയാൾ (കടകംപള്ളി സുരേന്ദ്രൻ) വെറുതെ വിഡ്ഢിത്തം പറയുന്നതാണ്. ഒരു കാര്യവുമില്ല. അത് പറയേണ്ട കാര്യം അയാൾക്ക് എന്താണുള്ളത്? എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് അതിനോടൊന്നും യോജിപ്പുമില്ല. കേസ് വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. അത് അന്ന് പറ്റിയ വിഡ്ഢിത്തമാണെന്ന് പറയാൻ അയാൾക്ക് എന്താണ് അധികാരം? ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുള്ളി കയറി ഏറ്റതാണ്. അതിനൊന്നും പാർട്ടിക്ക് ഉത്തരരവാദിത്തമുണ്ടെന്ന് ഞാൻ കരുതുന്നില്ല', എംഎം മണി പറഞ്ഞു.

ഖേദം പ്രകടിപ്പിക്കാൻ അയാളെയാരും ചുമതലപ്പെടുത്തിയിട്ടില്ലല്ലോ. എത് പിന്നെ എന്നാ ചെയ്യാനാ നമുക്ക്. നമുക്കങ്ങ് വിടാം. കടകംപള്ളി തെരഞ്ഞെടുപ്പായതുകൊണ്ടൊന്നും പറഞ്ഞതല്ല. ബുദ്ധിമോശംകൊണ്ട് പറഞ്ഞതാണെന്നും എംഎം മണി പരിഹസിച്ചു.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവ വികാസങ്ങളിലായരുന്നു കടകംപള്ളിയുടെ ഖേദ പ്രകടനം. സ്ത്രീപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്നായിരുന്നു തുറന്നുപറച്ചിൽ. വിശാലബെഞ്ചിന്റെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഐഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു കടകംപള്ളിയുടെ പ്രസ്താവന. ഇത്് തെരഞ്ഞെടുപ്പിനോടടുക്കുന്ന ഘട്ടത്തിൽ പാർട്ടിയെ പലയിടത്തും പ്രതിരോധത്തിലാക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം, ശബരിമലയല്ല എൽഡിഎഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാ വിഷയമെന്ന് കടകംപള്ളി പറയുന്നു. 110 സീറ്റുകളിൽ വിജയം നേടി ഇടതുമുന്നണിക്ക് തുടർ ഭരണം ലഭിക്കുമെന്ന് കടകംപള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.