- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരിയിൽ അപേക്ഷ ക്ഷണിച്ച് മേയിൽ സ്ഥലംമാറ്റം നൽകും; പത്ത് വർഷത്തിൽ കൂടുതൽ ഒരു ജില്ലയിൽ ഇരുത്തില്ല; വിരമിക്കാൻ അഞ്ച് വർഷം ബാക്കിയായാൽ സ്വന്തം ജില്ലയിൽ; വിധവകൾക്കും വികലാംഗർക്കും രോഗികൾക്കും മുൻഗണന: അഴിമതി വിരുദ്ധത പ്രഖ്യാപനത്തിൽ മാത്രമല്ലെന്ന് തെളിയിച്ച് ജി സുധാകരൻ; കോടികൾ കൈമാറിയിരുന്ന പൊതുമരാമത്തിലെ സ്ഥലം മാറ്റം സുതാര്യമാക്കാൻ നടപടി പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരം: ജി സുധാകരനെ പൊതുമരാമത്ത് വകുപ്പ് ഏൽപ്പിക്കുമ്പോൾ എല്ലാവർക്കും ഉണ്ടായ പ്രതീക്ഷ കോടികളുടെ അഴിമതി നടക്കുന്ന വകുപ്പിൽ ചില കാര്യങ്ങളെങ്കിലും ശരിയാകും എന്ന് തന്നെയായിരുന്നു. ആ പ്രതീക്ഷകളെ ശരിവെക്കുന്ന വിധത്തിലുള്ള പ്രഖ്യാപനനങ്ങളും അദ്ദേഹത്തിൽ നിന്നുമുണ്ടായി. ടെണ്ടർ നടപടികൾ സുതാര്യമാക്കാൻ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഹരിപ്പാട് മെഡിക്കൽ കോളേജ് കൺസൽട്ടൻസിയുടെ പേരിൽ നടത്തിയ അഴിമതികളെക്കുറിച്ചും ശക്തമായ നടപടിയെടുത്തും. വിജിലൻസ് അന്വേഷണമാണ് ഇതിന്റെ പേരിൽ നടക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥ തലത്തിലാണ് ഏറ്റവും അധികം അഴിമതി നടക്കുന്നതെന്ന് വ്യക്തമായതോടെ അദ്ദേഹം അതിനെതിരെ നടപടി സ്വീകരിക്കാൻ വേണ്ടി നടപടി തുടങ്ങി. ഒരിടത്തു തന്നെ കുറ്റിയടിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കീഴിൽ മാഫിയ പോലെ തന്നെയാണ് അഴിമതിക്കാർ പ്രവർത്തിക്കുന്നതെന്ന് വ്യക്തമായതോടെ ഈ സംവിധാനം പൊളിക്കാനാണ് സുധാകരന്റെ തീരുമാനം. ഒരേ ജില്ലയിൽ 10 വർഷത്തിൽ കൂടുതൽ ജോലി ചെയ്യുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സംസ്ഥ
തിരുവനന്തപുരം: ജി സുധാകരനെ പൊതുമരാമത്ത് വകുപ്പ് ഏൽപ്പിക്കുമ്പോൾ എല്ലാവർക്കും ഉണ്ടായ പ്രതീക്ഷ കോടികളുടെ അഴിമതി നടക്കുന്ന വകുപ്പിൽ ചില കാര്യങ്ങളെങ്കിലും ശരിയാകും എന്ന് തന്നെയായിരുന്നു. ആ പ്രതീക്ഷകളെ ശരിവെക്കുന്ന വിധത്തിലുള്ള പ്രഖ്യാപനനങ്ങളും അദ്ദേഹത്തിൽ നിന്നുമുണ്ടായി. ടെണ്ടർ നടപടികൾ സുതാര്യമാക്കാൻ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഹരിപ്പാട് മെഡിക്കൽ കോളേജ് കൺസൽട്ടൻസിയുടെ പേരിൽ നടത്തിയ അഴിമതികളെക്കുറിച്ചും ശക്തമായ നടപടിയെടുത്തും. വിജിലൻസ് അന്വേഷണമാണ് ഇതിന്റെ പേരിൽ നടക്കുന്നത്.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥ തലത്തിലാണ് ഏറ്റവും അധികം അഴിമതി നടക്കുന്നതെന്ന് വ്യക്തമായതോടെ അദ്ദേഹം അതിനെതിരെ നടപടി സ്വീകരിക്കാൻ വേണ്ടി നടപടി തുടങ്ങി. ഒരിടത്തു തന്നെ കുറ്റിയടിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കീഴിൽ മാഫിയ പോലെ തന്നെയാണ് അഴിമതിക്കാർ പ്രവർത്തിക്കുന്നതെന്ന് വ്യക്തമായതോടെ ഈ സംവിധാനം പൊളിക്കാനാണ് സുധാകരന്റെ തീരുമാനം.
ഒരേ ജില്ലയിൽ 10 വർഷത്തിൽ കൂടുതൽ ജോലി ചെയ്യുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് എവിടേക്കും മാറ്റാനുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്. ഇത്തരത്തിൽ സ്ഥലം മാറ്റത്തിനു മാനദണ്ഡം നിശ്ചയിച്ചു സർക്കാർ ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പിൽ സ്ഥലം മാറ്റത്തിലാണു വൻ അഴിമതിയെന്നു മുൻ സർക്കാരുകളുടെ കാലത്ത് ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പൊതുമാനദണ്ഡം കൊണ്ടുവന്ന് അഴിമതിയും കൈക്കൂലിയും തടയാൻ മന്ത്രി മുൻകൈയെടുത്തത്. സ്ഥലംമാറ്റത്തിന്റെ പേരിൽ ആർക്കും കൈക്കൂലി നൽകരുതെന്നു മന്ത്രിയായി ചുമതലയേറ്റ ശേഷം ജി. സുധാകരൻ അറിയിക്കുകയും മുന്നറിയിപ്പു നൽകുകയും ചെയ്തു. തുടർന്നാണു മാനദണ്ഡം നിശ്ചയിക്കാൻ തീരുമാനമെടുത്തത്.
സ്ഥലം മാറ്റങ്ങൾക്ക് കൃത്യമായ ചില മാനദണ്ഡങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. സ്ഥലംമാറ്റം ആവശ്യമുള്ളവർ ജനുവരിയിൽ അപേക്ഷ നല്കണം. ഇങ്ങനെ ജനുവരിയിൽ അപേക്ഷ നൽകുന്നവർക്ക് മെയ് മാസത്തിന് മുമ്പ് സ്ഥലം മാറ്റം ലഭ്യമാക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇങ്ങനെയാകുമ്പോൾ ഇതിന്റെ പേരിൽ കൈക്കൂലി വാങ്ങുന്ന നടപടിക്ക് അന്ത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വർഷവും ജനുവരിയിൽ പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. ഈ അപേക്ഷ ഓഫിസ് തലവന്മാരുടെ ശുപാർശയോടെ ഉചിത മാർഗത്തിലായിരിക്കണം സമർപ്പിക്കേണ്ടത്. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കില്ല. ഇതോടെ രാഷ്ട്രീയ ശുപാർശകൾക്കും മറ്റ് സമ്മർദ്ദങ്ങൾക്കും അറുതി വരുമെന്ന കാര്യവും ഉറപ്പാണ്.
ഒരു സ്ഥലത്തോ ഒരു സ്ഥലത്തു തന്നെ ഒരേ സീറ്റിലോ ഉദ്യോഗസ്ഥൻ മൂന്നു വർഷം പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്കോ മറ്റു സീറ്റിലേക്കോ മാറ്റി നിയമിക്കണം. ഇതിന് ബാങ്കിങ് മേഖലയെ മാതൃകയാക്കാനാണ് നിർദ്ദേശം. ബാങ്കിങ് മേഖലയിൽ ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം കൂടുമ്പോൾ സ്ഥലം മാറ്റം ഉണ്ടാകാറുണ്ട്. അതുപോലെയാക്കിയാൽ അഴിമതി തടയാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഒരു ജില്ലയിൽ ഏഴു വർഷം പൂർത്തിയാക്കിയവരെ ആ സർക്കിളിനുള്ളിലെ വിവിധ ജില്ലകളിലേക്കു മാറ്റണം. ഒരു സ്ഥലത്തോ ഒരു ജില്ലയിലോ ഏഴു മുതൽ 10 വർഷം വരെയുള്ളവരെ തൊട്ടടുത്ത സർക്കിളിലേക്കു മാറ്റണമെന്നുമാണ് നിർദ്ദേശം.
10 വർഷത്തിൽ കൂടുതൽ ഒരു ജില്ലയിൽ ഇരിക്കുന്നവരെ സംസ്ഥാനത്തിന്റെ ഏതൊരു ജില്ലയിലേക്കും മാറ്റാമെന്നാണ് വ്യവസസ്ഥ. അതായത് തിരുവനന്തപുരത്ത് പത്ത് വർഷം പൂർത്തിയാക്കിയ പൊതുമരാമത്ത് ഉദ്യോഗസ്ഥനെ കാസർകോഡ് ജില്ലയിൽ വേണമെങ്കിലും നിയമിക്കാം എന്ന്. എതിർപ്പുകൾ ഉണ്ടായാൽ പോലും ഈ തീരുമാനം പുനപരിശോധിക്കാൻ മൂന്നര വർഷം കഴിയണം എന്നുമാണ് മറ്റൊരു മാനദണ്ഡം.
ഗുരുതര ആരോപണ വിധേയരെ, ആരോപണം ശരിയാണെന്നു കണ്ടാൽ ഉത്തരവാദിത്തം കുറഞ്ഞ പോസ്റ്റിലേക്കു മാനദണ്ഡത്തിനു വിധേയമായി മാറ്റും. അഴിമതി ആരോപണം വിധേയരായവരോ അഴിമതി തെളിഞ്ഞവരെയും തരംതാഴ്‌ത്തുന്നതോടെ ഉദ്യോഗസ്ഥർ കൂടുതൽ വിജിലന്റാകുമെന്ന കാര്യം ഉറപ്പാണ്. വിരമിക്കാൻ അഞ്ചു വർഷം മാത്രം ബാക്കിയുള്ളവർക്കു സ്വന്തം ജില്ലയിലേക്കോ തൊട്ടടുത്ത ജില്ലയിലേക്കോ മാറ്റം നൽകും.ഒരു വിഭാഗത്തിൽ (വിങ്) മൂന്നു വർഷം ഇരിക്കുന്നവർക്കു വിഭാഗം മാറ്റി നൽകുമെന്നുമാണ് മറ്റ് നിർദേശങ്ങൾ.
സ്ഥലം മാറ്റത്തിൽ ചില വിഭാഗങ്ങൾക്ക് പ്രത്യേകം മുൻഗണന നൽകുന്നുണ്ട്. വിധവകൾക്ക് അവർ ആവശ്യപ്പെടുന്ന സ്ഥലത്തേക്കു സ്ഥലംമാറ്റം നൽകും. ഇവരെ കൂടാതെ വികലാംഗർ, തുടർച്ചയായി ഡോക്ടറുടെ ചികിൽസയിലിരിക്കുന്നവർ, കുടുംബത്തിൽ സാന്നിധ്യം ആവശ്യമുള്ളവർ എന്നിവർക്കും പരിഗണന ലഭിക്കും. ഇത്തരക്കാരെ സൗകര്യപ്രദമായ സ്ഥലത്തേക്കാണ് മാറ്റാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, വിഭാഗം മാറ്റുന്ന മാനദണ്ഡത്തിൽ വ്യത്യാസമില്ല.
വകുപ്പിലെ കാര്യക്ഷമതയെ മാനദണ്ഡമാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കാര്യക്ഷമത, നല്ല പെരുമാറ്റം, സാങ്കേതിക മികവ്, ജോലിയിലെ കൃത്യത എന്നിവയ്ക്ക് പ്രത്യേകം മുൻഗണനയുണ്ടാകും. സമർത്ഥരായ ഉദ്യോസ്ഥർക്ക് മികച്ച പോയിന്റ് നിശ്ചയിച്ചു നൽകാനാണ് തീരുമാനം. ഇതനുസരിച്ചുള്ള വെയ്‌റ്റേജ് അവർക്ക് ലഭിക്കും. സ്ഥലം മാറ്റത്തിനുള്ള അപേക്ഷകൾ പരിശോധിച്ചു കരട് ഉത്തരവു പ്രസിദ്ധീകരിക്കും. കരട് സംബന്ധിച്ചു പരാതിയുണ്ടെങ്കിൽ അതു പരിശോധിച്ച ശേഷമായിരിക്കും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. ഡിസൈൻ വിഭാഗത്തിൽ നിയമിച്ചവർക്ക് അവരുടെ താൽപര്യം, ജോലിയിലെ കാര്യക്ഷമത, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയ്ക്കു മുൻതൂക്കം നൽകിയായിരിക്കും സ്ഥലംമാറ്റം.
എന്തായാലും പൊതുമരാമത്ത് വകുപ്പിലെ സ്ഥലം മാറ്റത്തിന് ഏർപ്പെടുത്തിയ മാനദണ്ഡലങ്ങൾ ഒരു വിഭാഗം എതിർക്കാൻ ഇടയുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന്റെ പേരിൽ കൈക്കൂലി വാങ്ങുന്ന മന്ത്രിമാർ പോലും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ സ്ഥിതിക്ക് അറുതി വരുത്താൻ തന്നെയാണ് ജി സുധാകരന്റെ നീക്കം. ഈ നീക്കം പൊതുജനങ്ങളുടെ കൈയടി നേടുമെന്ന കാര്യം ഉറപ്പാണ്. അതേസമയം ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും ഇടയിൽ ഇത്തിൽകണ്ണിയായി പ്രവർത്തിക്കുന്ന പല ഖദർധാരികൾക്കും കനത്ത തിരിച്ചടിയാണ് ഈ തീരുമാനം.