തിരുവനന്തപുരം: വണ്ടി ഓടിക്കുമ്പോൾ ഉറക്കമെത്തിയാൽ പിന്നെ ഡ്രൈവിങ് വേണ്ട. ഉറക്കത്തെ തോൽപ്പിച്ച് യാത്ര തുടരുന്നത് ചെന്നെത്തുന്നത് മിക്കപ്പോഴും അപകടങ്ങളിലാണ്. അതുകൊണ്ട് തന്നെ ഈ കരുതലിൽ നമുക്ക് വാഹനമോട്ടിക്കാം. വാഹനം ഓടിക്കുന്നവർ ഉറങ്ങിപോകുന്നതു മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ ദേശീയപാതകളിൽ തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ. ഈ മാസം തന്നെ വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം പത്തിലധികമാണ്. തിരുവനന്തപുരം കുളത്തൂർ സ്വദേശി വിജിയും ഭർത്താവ് സമീർ കുമാറും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് വിജി ഒടുവിലെത്തെ സംഭവം.

തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. വിജി സംഭവസ്ഥലത്ത് തന്നെ വച്ച് മരിച്ചു. കാസർഗോഡ് കേന്ദ്രസർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇരുവരും. ബുധനാഴ്ച രാത്രിയിൽ കാസർഗോഡേക്ക് തിരിച്ച ഇവരുടെ കാർ അപകടത്തിൽ പെട്ടതിന്റെ കാരണം വാഹനം ഓടിച്ചിരുന്ന ഭർത്താവ് സമീർ കുമാർ ഉറങ്ങി പോയതാണ്. കാര്യവട്ടം കാമ്പസിലെ സെമിനാർ ഹാളിൽ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും മുന്നിൽ അനുഭവങ്ങൾ പങ്കുവച്ച് ഭർത്താമൊത്തുള്ള മടക്കയാത്രയിലാണ് വിജി സമീറിനെ വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയായത്. നാലു വയസുള്ള ആഭയും ഒരു വയസുള്ള അഭിനവിനെയും തനിച്ചാക്കി വിജി യാത്ര പറഞ്ഞപ്പോൾ പൊലിഞ്ഞത്, ഒരു കൊച്ചു കുടുംബത്തിന്റെ സ്‌ന്തോഷവും സ്വപ്‌നങ്ങളുമാണ്.

കാര്യവട്ടം ഗവ. കോളേജിലെ ആദ്യ ബാച്ചിലെ ആദ്യ റാങ്കുകാരിയായ വിജിയുടെ (33) അകാലത്തിലുള്ള വിടവാങ്ങലിന്റെ ആഘാതത്തിലാണ് കാമ്പസിലെ ഗവേഷണ വിദ്യാർത്ഥികളും അദ്ധ്യാപകരും. പ്രിയ കൂട്ടുകാരെ, നിങ്ങൾ സ്വപ്‌ന ലോകത്തെ രാജാക്കന്മാരും രാജകുമാരികളുമാകണം. ചിറകുവച്ച് പറക്കാൻ ശ്രമിക്കണം, എങ്കിലേ ഉന്നതങ്ങളിലെത്താൻ കഴിയൂ. ഉന്നത ബിരുദവും ഡോക്ടറേറ്റും എടുത്താൽ തീരുന്നതല്ല ജീവിതലക്ഷ്യങ്ങൾ, അവ സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന അവബോധം ഓരോ കാൽവയ്പിലും പ്രകടമാകണംകാര്യവട്ടം കാമ്പസിലെ സെമിനാർ ഹാളിൽ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും മുന്നിൽ അനുഭവങ്ങൾ പങ്കുവച്ച ശേഷമായിരുന്നു മരണത്തിലേക്കുള്ള വിജിയുടെ യാത്ര. ഭർത്താവ് ഷമീർകുമാറിനും സാരമായി പരിക്കേറ്റു.

പഠനത്തിൽ മിടുക്കിയായിരുന്ന ഓരോ ക്ലാസും റാങ്കോടെയാണ് പാസായത്. കേരള യൂണിവേഴ്‌സിറ്റിയിൽ ബി.എസ്‌സിക്കും എം.എസ്‌സിക്കും റാങ്കോടെ പാസായി. എം.ഫിൽ കഴിഞ്ഞ് കാര്യവട്ടത്തെ ബയോകെമിസ്ട്രി വിഭാഗത്തിൽ നിന്ന് മികച്ച വിജയത്തോടെ പിഎച്ച്.ഡി കരസ്ഥമാക്കി. പിഎച്ച്.ഡിയിൽ തന്നോടൊപ്പം മത്സരിച്ച് പഠിച്ച തക്കല സ്വദേശിയായ ഷമീറിനെ പിന്നീട് ജീവിത പങ്കാളിയുമാക്കി. പിഎച്ച്.ഡിയിലെ മികച്ച വിജയത്തെ തുടർന്ന് വിജിക്കും ഷമീറിനും അമേരിക്കൻ ഫെലോഷിപ്പും ഇസ്രയേലിലെ പ്രശസ്തമായ വൈസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫെലോഷിപ്പും ലഭിച്ചിരുന്നു. അങ്ങനെ പ്രതീക്ഷകളുടെ ലോകത്ത് സഞ്ചരിച്ച വിജിയാണ് അകാലത്തിൽ വിടപറയുന്നത്.

ദേശീയ പാതയിൽ സംഭവിക്കുന്ന വാഹനാപകടങ്ങളിൽ ഭൂരിഭാഗവും ഡ്രൈവർമാർ ഉറങ്ങി പോകുന്നത് മൂലമാണ്. ഭൂരിഭാഗം വാഹനാപകടങ്ങളും സംഭവിക്കുന്നത് പുലർച്ചെ ആണെന്നുള്ളതുമാണ് മറ്റൊരു സംഗതി. ചൊവ്വാഴ്ച കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന ദീപ ശശിധരൻ ആണ് മരിച്ചത്. പുലർച്ച അഞ്ചു മണിയോടെ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മിനി ലോറി വന്ന് ഇടിക്കുകയായിരുന്നു മിനിലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം. കാറിൽ സഞ്ചരിച്ചിരിച്ചിരുന്ന മറ്റു യാത്രക്കാർക്ക് ഗുരുതര പരിക്കുകളുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം കർണാകയിലെ വിരാജ് പേട്ടയിലും ചിക്മംഗലൂരിലും പുലർച്ചെയുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ 5 മലയാളികളാണ് മരിച്ചത്.

അശ്രദ്ധയും അമിതവേഗതയും വാഹനം ഓടിക്കുന്ന വ്യക്തി ഉറങ്ങി പോകുന്നതുമാണ് ദേശീയ പാതകളിൽ നടക്കുന്ന അപകടങ്ങളുടെ പ്രധാനകാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ദേശീയ പാതകളിൽ നടക്കുന്ന അപകടങ്ങളിൽ വാഹനങ്ങൾ പൂർണമായും തകരുകയും യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതും യാത്രക്കാരെ രക്ഷിക്കുന്നതിന് പലപ്പോഴും വിലങ്ങു തടിയാകാറുണ്ടെന്ന് ഹൈവേ പൊലിസ് പെട്രോളിങ് എസ്.ഐ.മനോഹരൻ പറയുന്നു. അപകടങ്ങൾ കൂടുതലും നടക്കുന്ന വിജനപ്രദേശങ്ങളിൽ ആയതിനാൽ രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സയും പലപ്പോഴും വൈകാറുണ്ട്. രാത്രി യാത്രകളിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും അപകടങ്ങൾ വർധിക്കാനിടയാകുന്നു.

ഫെബ്രുവരി 18ന് തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചിരുന്നു. മലപ്പുറത്ത് നിന്നും വിനോദയാത്രയ്ക്ക് പോയ 12 അംഗസംഘം സഞ്ചരിച്ചിരുന്ന വാൻ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സംഘത്തിലെ മൂന്നു പേർ തൽക്ഷണം മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന വലിയാട് സ്വദേശി നജീബ് 2 ദിവസം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ വച്ച് മരിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 31ന് കൊല്ലം ജില്ലയിലെ ചാത്തന്നൂരിനടുത്ത് ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ ആറ് വിദ്യാർത്ഥികൾ മരിച്ചിരുന്നു.

പുതുവർഷം ആഘോഷിക്കാനായി കൂട്ടുകാർ നിക്‌സൺ എബി മാത്യുവിന്റെ മാരുതി ആൾട്ടോ കാറിൽ വർക്കല ബീച്ചിൽ പോയിരുന്നു. പുതുവർഷ ആഘോഷം കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽപെട്ട കാറിൽ നിന്ന് ഇവരെ പുറത്തെടുക്കുമ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. ഈ അപകടവും പുലർച്ചെയാണ് നടന്നത്. ഈ ദുരന്തത്തിന്റെ ആഘാതത്തിൽ കോളേജും ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും സഹോദരങ്ങളും ഇതുവരെയും മോചിതരായിട്ടില്ല.

' മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക, ദീർഘദൂരയാത്ര ചെയ്യുമ്പോൾ ഡ്രൈവിങ് അറിയാവുന്ന ഒന്നിലധികം കൂട്ടാൻ ശ്രമിക്കുക അതിനു സാധിച്ചില്ലെങ്കിൽ യാത്രയ്ക്ക് ഇടവേളകൾ നൽകി വിശ്രമിച്ച് യാത്ര തുടരുക, റോഡിൽ വാഹനങ്ങൾ ഇല്ലെങ്കിലും അമിതവേഗത ഒഴിവാക്കുക, യാത്ര ചെയ്യുമ്പോൾ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കുക. ഇത്തരം നിർദേശങ്ങൾ പാലിച്ചാൽ സ്വന്തം ജീവനും ഒപ്പമുള്ളവരുടെ ജീവനും രക്ഷിക്കാം. പക്ഷെ എല്ലാവർക്കും ഇക്കാര്യങ്ങൾ അറിയാമെങ്കിലും ബോധപൂർവം മറക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും' ഐ.ജി.മനോജ് എബ്രഹാം പറയുന്നു.

റോഡിലെ മീഡിയനുകളും സൈൻബോർഡുകളിലും നിയമങ്ങൾ എഴുതിവച്ചിരിക്കുന്നത് നിങ്ങളെ ഓർമപ്പെടുത്താനാണ് ജീവിതത്തിന്റെയും വിലയും നിങ്ങളെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെയും. ഒരൽപം വേഗത കുറച്ചിരുന്നെങ്കിൽ, മദ്യപിച്ചില്ലായിരുന്നെങ്കിൽ, ഉറങ്ങിയില്ലായിരുന്നെങ്കിൽ........എന്ന് പിന്നീട് ചിന്തിക്കുമ്പോൾ നഷ്ടബോധം ഉണ്ടാകാതിരിക്കാൻ ശ്രദ്ധയോടെ വാഹനം ഓടിക്കുക.