- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹനീഷയുടെ കസ്റ്റഡി മരണത്തിൽ അന്വേഷണം എങ്ങുമെത്തുന്നില്ല; ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ അന്ന് രാത്രി നടന്നത് എന്ത്? ഒരു വർഷമായിട്ടും എല്ലാം രഹസ്യമാക്കി വച്ച് ക്രൈംബ്രാഞ്ച്
എടപ്പാൾ: പൊലീസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ എടപ്പാൾ മാണൂർ സ്വദേശിനി ഹനീഷയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും നീങ്ങുന്നില്ല. ഹനീഷ മരണപ്പെട്ട് ഒരുവർഷം ആയിട്ടും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ഇനിയും പൂർത്തിയാക്കി പുറത്തേക്കു വന്നില്ല. ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ആഭ്യന്
എടപ്പാൾ: പൊലീസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ എടപ്പാൾ മാണൂർ സ്വദേശിനി ഹനീഷയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും നീങ്ങുന്നില്ല. ഹനീഷ മരണപ്പെട്ട് ഒരുവർഷം ആയിട്ടും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ഇനിയും പൂർത്തിയാക്കി പുറത്തേക്കു വന്നില്ല.
ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ആഭ്യന്തരവകുപ്പ് ഇടപെട്ട് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഹനീഷ പൊലീസ് സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ നേരത്തെ പൊലീസ് നടത്തിയ അന്വേഷണക്കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച ഡിവൈ.എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പൊളിച്ചെഴുതിയിരുന്നു. ഇത് പൊലീസിന്റെ പങ്കും ദുരൂഹതയും വർദ്ധിപ്പിക്കുന്നതാണ്. എന്നാൽ സമരങ്ങളും ജനകീയ പ്രക്ഷോഭങ്ങളും കെട്ടടങ്ങിയതോടെ ക്രൈംബ്രാഞ്ച് റിപ്പോർട്ടും വെളിച്ചം കാണാതെ പോകുകയായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആഭ്യന്തര മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. ആദ്യ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ തന്നെ ഹനീഷയുടെ ദേഹത്ത് മുറിവുകളുള്ളതായി പറയുന്നുണ്ട്.
എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാപൊലീസ് ബാത്ത്‌റൂമിൽ പോയസമയം യുവതി ഷാൾ ഉപയോഗിച്ച് ഫാനിൽ കുരുക്കി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇത് പൊലീസ് കെട്ടിച്ചമച്ചതാണെന്നും വനിതാപൊലീസ് ഉറങ്ങുന്നതിനിടയിലായിരുന്നു മരണമെന്നുമാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ നേരത്തെയുള്ള കണ്ടെത്തൽ. യുവതിയുടെ മരണത്തിൽ പൊലീസ് പങ്കുണ്ടെന്നും കൃത്രിമ തെളിവുകൾ പൊലീസ് മെനഞ്ഞുണ്ടാക്കിയതാണെന്നും മുമ്പേ ആക്ഷേപമുയർന്നിരുന്നു. യുവതിയുടെ ശരീരത്തിൽ ആറു മുറിപ്പാടുകൾ ഉള്ളതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരം.
യുവതിയുടെ ശരീരത്തിലെ രണ്ടു മുറിവുകൾ പുതിയതും മറ്റുള്ളവ പഴയതുമാണെന്നാണ് റിപ്പോർട്ട്. ചുണ്ടിനു താഴെയും കഴുത്തിലുമുള്ള മുറിപ്പാടുകൾ യുവതിയുടെ മരണത്തിന് ഏതാനും മണിക്കൂർ മുൻപുണ്ടായതാണ്. മറ്റു മുറിവുകൾ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പുള്ളതാകാമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഹനീഷയെ കസ്റ്റഡിയിലെടുക്കുമ്പോൾ അത്തരത്തിലുള്ള മുറിവുകളുണ്ടായിരുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാവ് സുബൈദ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
ഇതേതുടർന്ന് യുവതി മരിച്ച പൊലീസ് സ്റ്റേഷനിലെ മുറിയിൽ അന്വേഷണ സംഘം പോസ്റ്റുമോട്ടം ചെയ്ത ഡോക്ടർമാരുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തുകയുണ്ടായി. എന്നാൽ യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്താരികാവയവങ്ങളുടെ പരിശോധനാഫലവും ഇതുവരെയും ഹനീഷയുടെ കുടുംബത്തിന് ലഭ്യമായിട്ടില്ല.
ഹനീഷയെ കസ്റ്റഡിയിലെടുത്ത ശേഷം പുലർച്ചയോടെ തൊട്ടടുത്ത കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്.ഐ മനോഹരൻ ചങ്ങരംകുളം സ്റ്റേഷനിലെത്തി ഹനീഷയെ ചോദ്യം ചെയ്തിരുന്നു. ഈ സംഭവം പുറത്തായതോടെയായിരുന്നു സംഭവത്തിലെ ദുരൂഹത മറനീക്കി പുറത്തുവന്നത്. ഇതോടെ ജനകീയ പ്രക്ഷോഭം ശക്തമാകുകയും ചെയ്തതോടെ സ്റ്റേഷൻ ചാർജുണ്ടായിരുന്ന പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് അന്വേഷണവിധേയമായി കുറ്റിപ്പുറം എസ്.ഐക്കെതിരെയും നടപടിയെടുത്തിരുന്നു.
അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത ദിവസം രാത്രി ഹനീഷയുടെ ഫോണിലേക്ക് വന്നതും പോയതുമായ കോളുകളെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിരുന്നു. രാത്രിയിൽ മാതാവിനെ വിളിച്ച പെൺകുട്ടി, തന്നെ ഇവിടെനിന്നും കൊണ്ടുപോകണമെന്ന് പറഞ്ഞതായി മാതാവ് അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ഇതുകൂടാതെ ഹനീഷ മറ്റാരെയെങ്കിലും വിളിച്ച് പൊലീസിന്റെ പീഡനം സംബന്ധിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു.
എന്നാൽ കുറ്റാരോപിതരായവർ പൊലീസ് ഉദ്യോഗസ്ഥർ ആയതിനാൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നതാണ് കേസ് നിശ്ചലമായതെന്ന ആരോപണമുയർന്നിട്ടുണ്ട്. കേരളത്തിലെ സ്ത്രീ സൗഹൃദ പൊലീസ് സ്റ്റേഷനുകളിലൊന്നായ ചങ്ങരംകുളത്ത് ഇത്തരത്തിൽ ദാരുണസംഭവം അരങ്ങേറിയത് ആഭ്യന്തര വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഇതുവരെ വെളിച്ചം കാണാത്തത് സംഭവത്തിലെ ദുരൂഹത കൂടുതൽ വർധിപ്പിക്കുകയാണ്.
ഹനീഷക്ക് തൂങ്ങി മരിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഉയരം കുറവായിരുന്ന മകൾക്ക് ഇത്രയും ഉയരത്തിൽ കെട്ടിത്തൂങ്ങാൻ പറ്റില്ലെന്നും ഹനീഷയുടെ മാതാവ് സുബൈദ മറുനാടൻ മലയാളിയോട് മുമ്പ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ മരണത്തെ തുടർന്ന് സസ്‌പെൻഷനിലായ പൊലീസുകാരെയും യുവതി മോഷ്ടിച്ചെന്നു പറയുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചു നൽകിയ, സഹപാഠിയും കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറുമായ വിപിനെയും ചോദ്യം ചെയ്യുകയും യുവതിയുടെ മാതാവിൽ നിന്നും സഹോദരനിൽ നിന്നും നാട്ടുകാരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 24 നായിരുന്നു മോഷണക്കുറ്റം ആരോപിച്ച് ചങ്ങരം കുളം പൊലീസ് മാണൂർ ചേകന്നൂർ റോഡിലെ കോട്ടുക്കാട്ടിൽ ഹനീഷ(23)യെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പുലർച്ചയോടെ യുവതിയെ സ്റ്റേഷനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.