- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഠം പ്രവർത്തിക്കുന്നത് ചാരിറ്റബിൾ ട്രസ്റ്റ് ആയതിനാൽ എത്ര വേണമെങ്കിലും ഭൂമി കൈവശം വെയ്ക്കാം; തഹസിൽദാർ നൽകിയ നോട്ടീസിന് മറുപടി നൽകിയെന്ന് എന്ന് വിശദീകരിച്ച് അമൃതാനന്ദമയി മഠം അധികൃതർ; ഒരിഞ്ച് ഭൂമി പോലും അനധികൃതമായി മഠം കൈവശം വെച്ചിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും അനധികൃത നിർമ്മാണ കാര്യത്തിൽ മൗനം
തിരുവനന്തപുരം: അനധികൃത ഭൂമി കൈവശം വെച്ച സംഭവത്തിൽ താലൂക്ക് ഓഫീസിൽ നിന്നും നോട്ടീസ് നൽകിയ വിവരം വിശദീകരണവുമായി രംഗത്തു വന്ന മാതാ അമൃതാനന്ദമയീ മഠം രംഗത്ത്. അനധികൃതമായുള്ള ഭൂമി വാങ്ങിക്കൂട്ടലും നിയമ ലംഘനങ്ങളും ചൂണ്ടിക്കാട്ടി തഹസീൽദാർ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ മറുനാടൻ വാർത്ത നൽകിയിരുന്നു. ഈ വാർത്തയ്ക്ക് വിശദീകരണവുമായാണ് മഠം അധികൃതർ രംഗത്തുവന്നത്. കഴിഞ്ഞ ദിവസമാണ് അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടലും നിർമ്മാണപ്രവർത്തനങ്ങളിലെ നിയമലംഘനവും ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി തഹസിൽദാർ മാതാ അമൃതാനന്ദമയീ മഠം അധികൃതർക്ക് നോട്ടീസ് നൽകിയത്.
നോട്ടീസിന് പൂർണ അവഗണന നൽകിയ മഠം അധികൃതർ പക്ഷെ വാർത്തയ്ക്ക് വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. അമൃതാനന്ദമയി ആശ്രമം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 204 ഏക്കർ ഭൂമിയുടെ കാര്യത്തിലാണ് തഹസിൽദാർ നോട്ടീസ് നൽകിയത്. ഈ ഭൂമി ലാൻഡ് ബോർഡിൽ നിക്ഷിപ്തമാക്കണമെന്നും കാണിച്ചാണ് നോട്ടീസ് നൽകിത്. അനധികൃത ഭൂമി അമൃതാനന്ദമയീ മഠം കൈവശം വയ്ക്കുന്നുവെന്ന വാർത്ത ദുരുദ്ദേശ്യപരമാണെന്നാണ് അമൃതാ ചാനലിൽ വന്നിരുന്നു മഠം വക്താവ് മാതൃദാസ് ചൈതന്യയാണ് വിശദീകരണം നൽകിയത്. ഒരിഞ്ച് ഭൂമിേ പാലും അനധികൃതമായി മഠം കൈവശം വെച്ചിട്ടില്ല എന്നാണ് മഠം പറയുന്നത്.
1963 ലെ കേരളാ ലാൻഡ് റിഫോംസ് ആക്ട് പ്രകാരം റിലീജിയസ്, ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയുടെ ഉടമസ്ഥതയിലുള്ള ഭൂമികൾ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ നിയമത്തിന്റെ സെക്ഷൻ 81 (3) പ്രകാരം മഠം ഭൂമിയുടെ രേഖകൾ സർക്കാരിലേക്ക് ഫയൽ ചെയ്തിട്ടുണ്ട്. താലൂക്ക് ഓഫീസിന്റെ നോട്ടിസിനുള്ള മറുപടി മഠം 26-12-2018 നു നൽകിയിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്കിലെ മഠത്തിന്റെ കയ്യിലുള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്. അതിനു തന്നെ സ്ഥലം തികയാത്ത സ്ഥലമാണ് ഉള്ളത്- മഠത്തിന്റെ ഫിനാൻസ് വിഭാഗം മേധാവി മാതൃദാസ് ചൈതന്യയാണ് വിശദീകരണം നൽകിയത്.
മഠം അനധികൃത ഭൂമി കൈവശം വയ്ക്കുന്നതായുള്ള മറുനാടൻ വാർത്ത വിവാദമായപ്പോൾ മാത്രമായാണ് ഇപ്പോൾ പ്രതികരണവുമായി മഠം രംഗത്തു വന്നത്. ഉള്ള ഭൂമി തന്നെ തികയുന്നില്ല എന്നു മാതൃദാസ് ചൈതന്യ പറയുമ്പോൾ തന്നെ കൂടുതൽ ഭൂമി കയ്യേറാനും വാങ്ങിക്കൂട്ടാനുമുള്ള നീക്കങ്ങൾ വ്യക്തമാണ്. തഹസിൽദാർ നൽകിയ നോട്ടീസിന് വളരെ നിസാര രീതിയിലാണ് മാതൃദാസ് മറുപടി പറയുന്നത്. സംഭവത്തിൽ ഭൂമിയുടെ വിഷയത്തിൽമ മഠത്തെ റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ കയ്യയച്ച് സഹായിക്കുകയാണെന്നാണ് ആക്ഷേപം. ഈ ആത്മവിശ്വാസം മാതൃദാസിന്റെ വാക്കുകളിലും പ്രകടനമായിരുന്നു.
ഒരു ചാരിറ്റബിൾ ട്രസ്സിന്, വിദ്യാഭ്യാസ സ്ഥാപനത്തിനു എത്രമാത്രം ഭൂമി കൈവശം വയ്ക്കാമോ എന്ന കാര്യവും മഠത്തിന്റെ കൈവശം എത്രമാത്രം ഭൂമി ഈ രീതിയിൽ ഉണ്ട് എന്ന കാര്യവും വെളിപ്പെടുത്തലിൽ നൽകുന്നില്ല. പക്ഷെ മഠം എന്ന് പറഞ്ഞാൽ നിയമലംഘനങ്ങളുടെ ആകെത്തുകയാണ് എന്ന ആരോപണം വന്നാൽ മഠത്തിനു ഈ കാര്യത്തിൽ എത്രമാത്രം പ്രതികരിക്കാൻ കഴിയും. ഒട്ടുവളരെ നിയമലംഘനങ്ങൾ ആശ്രമത്തിന്നെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അനധികൃത നിർമ്മാണം, ദുരൂഹ മരണങ്ങൾ, ഭൂമി വാങ്ങികൂട്ടൽ തുടങ്ങഇയ ആരോപണങ്ങൾ ഉയർന്നിരുന്നു. പക്ഷേ, രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരും സഹായിക്കുന്നതിനാൽ നിയമലംഘനങ്ങളിൽ മഠം ഒരിക്കലും പിടിക്കപ്പെടുന്നില്ല. പക്ഷെ കരുനാഗപ്പള്ളി തഹസിൽദാർ മഠത്തിന്റെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അതെല്ലാം മറികടക്കാനാണ് മഠം ഇപ്പോൾ ശ്രമിക്കുന്നത്. മഠത്തിന്റെ ആസ്ഥാനമായ വള്ളിക്കാവിലെ നിർമ്മാാണ പ്രവർത്തനങ്ങൾ പോലും നിയമവിരുദ്ധമായാണ്. എന്നിട്ടും ഇതുവരെ നടപടി വന്നിട്ടില്ല. അനധികൃതമായി ഭൂമി കൈവശം വെക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള നോട്ടീസിന്മേൽ താലൂക്ക് ലാൻഡ് ബോർഡിൽ ഹാജരാകണം എന്നാണ് മഠം അധികൃതരോട് നിർദേശിച്ചിരുന്നത്. എന്നാൽ ഇതിന് തയ്യാറാകാത്ത അധികൃതർ ഉന്നത ബന്ധം ഉപയോഗിച്ച് എല്ലാം കോംപ്രമൈസ് ആക്കാനാണ് നീക്കം നടത്തുന്നത്.
ലാൻഡ് ബോർഡിൽ നിക്ഷിപ്തമാകുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകുമെന്നാണ് ഇടതു സർക്കാറിന്റെ നയം. എന്നാൽ, ഇതേ സർക്കാർ മഠത്തിനു കുട പിടിക്കുന്നു ആലപ്പാട്ട് വില്ലേജിൽ മാത്രം രണ്ടായിരത്തോളം ഭൂരഹിതർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ കാര്യത്തിൽ സർക്കാർ ജനങ്ങൾക്ക് ഒപ്പമില്ല. മഠത്തിനു ഒപ്പമാണ്. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും അമൃതാനന്ദമയി മഠത്തിന്റെ ഒത്താശയോടെ വ്യാപകമായ തണ്ണീർതട നികത്തൽ നടക്കുന്നുണ്ട്. ഇതേക്കുറിച്ച് പരാതി ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മറ്റും കൈകാര്യം ചെയ്യുന്നതാണ് മഠത്തിന്റെ പതിവെന്നാണ് ആക്ഷേപം. ഏക്കറുകണക്കിന് വയലുകൾ നികത്തി നിരവധി കെട്ടിടങ്ങളാണ് അമൃത എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്മെന്റ് തന്നെ നിർമ്മിച്ചിരിക്കുന്നത്. 2009-ൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്മെന്റ് പഞ്ചായത്തിലേക്ക് അടക്കുന്നില്ല എന്ന് കാട്ടി ക്ലാപ്പനയിലെ ഡിവൈഎഫ്ഐ നേതാവ് വിജേഷ് വിജിലൻസിൽ പരാതി നൽകിയിരുന്നു.
അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കോടതി നികുതി ഈടാക്കുവാൻ ഉത്തരവ് നൽകി. എന്നാൽ 2015ൽ ക്ലാപ്പന പഞ്ചായത്ത് അധികൃതർ നികുതിയിൽ ഇളവ് നൽകി ഇതിനെതിരെയും വിജിലൻസ് അന്വേഷണം നടന്നു വരികയാണ്. കൊല്ലം ക്ലാപ്പന പഞ്ചായത്തിൽ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററൽ കെട്ടിടങ്ങൾ, അഞ്ചു വർക്ക്ഷോപ്പ് കെട്ടിടങ്ങൾ, തൊഴിലാളികൾക്ക് താമസിക്കാൻ നിപതി കെട്ടിടങ്ങൾ,എട്ട് ഗോഡൗണുകൾ,നാല് ഗേൾസ് ഹോസ്ററലുകൾ ,ഒരു സബ്സ്റ്റേഷൻ,രണ്ടു മെസ്സ്,രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടി ബി ഐ(ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചതായി വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയിൽ പ്രവർത്തിക്കുന്ന മഠം സ്ഥാപനങ്ങൾ നിലം നികത്തിയ ഭൂമിയിലാണ്.
മറുനാടന് മലയാളി ബ്യൂറോ