- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാ തർക്കം പരിഹരിക്കാൻ മുൻകൈയെടുത്ത് സർക്കാർ; തർക്കം പരിഹരിക്കാൻ ഉപസമിതിയും; മന്ത്രിമാരുടെ അഞ്ചംഗ സമിതിയിൽ ഇപി ജയരാജൻ കൺവീനർ; മധ്യസ്ഥ ചർച്ചകൾ ഏറെ പ്രതീക്ഷ പകരുന്നത് എന്ന് പ്രതികരിച്ച് സഭാ നേതൃത്വങ്ങൾ; വിശ്വാസികൾ ആഗ്രഹിക്കുന്നതും പ്രശ്നങ്ങളില്ലാതാകാൻ; മധ്യസ്ഥ ചർച്ചകൾ ജനുവരി ആദ്യവാരം തന്നെ
തിരുവനന്തുപരം: ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് കൺവീനർ. ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ശബരിമലയിലെ യുവതീപ്രവേശന വിഷത്തിലെ സർക്കാർ നിലപാടുകളുടെ പശ്ചാത്തലത്തിൽ പള്ളിത്തർക്കത്തിൽ സർക്കാർ വിവിധ കോണുകളലിൽ നിന്ന് വിമർശനം ഏറ്റുവാങ്ങിയിരുന്നു. പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പിന്നാലെ പിറവം, കോതമംഗലം എന്നിവിടങ്ങളിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുടലെടുത്തിരുന്നു.
പൊലീസ് സംരക്ഷണത്തിൽ കോതമേഗലത്ത് പള്ളിയിൽ ആരാധനയ്ക്ക് എത്തിയ ഓർത്തഡോക്സ് സഭാ റമ്പാനെ യാക്കോബായ വിശ്വാസികൾ തടഞ്ഞിരുന്നു. മടങ്ങിപ്പോകാൻ തയ്യാറാകാതിരുന്ന തോമസ് പോൾ റമ്പാനെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഒരു കാരണവശാലും ഓർത്തഡോക്സുകാരെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു യാക്കോബായ വിശ്വാസികൾ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന റമ്പാൻ തുടർന്നും പള്ളിയിൽ പ്രവേശിക്കാൻ നീക്കം നടത്തും എന്നറിയിച്ചിരുന്നു.
എന്നാൽ പൊലീസിന്റെ പ്രത്യേക ആവശ്യപ്രകാരം ആ നീക്കം തൽക്കാലം ഉപേക്ഷിച്ചു. ഓർത്തഡോക്സ്യാക്കോബായ സഭാതർക്കം പരിഹരിക്കാൻ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ മുൻകൈയെടുത്തുകൊച്ചിയിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വസതിയിലാണ് സഭാപ്രതിനിധികൾ പങ്കെടുത്ത ചർച്ച നടന്നത്. ആർഡിഓ ജില്ലാ കളക്ടർ ഡിവൈഎസ്പി എന്നിവരെ പങ്കെടുപ്പിച്ച് സഭാ നേതാക്കളുമായി ചർച്ചനടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
കേസുകൾക്കും വ്യവഹാരങ്ങൾക്കും ഉപരിയായി സമാധാന ചർച്ചകളിലൂടെ തന്നെ സഭാ തർക്കത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ഇരുസഭകളിലെയും ജനങ്ങൾ ആഗ്രഹിക്കുന്നത് ഇതിന് അനുസരിച്ച തീരുമാനം കൈക്കൊള്ളുക എന്ന നിലയിലേക്ക് ഇരു സഭകളേയും അനുനയിപ്പിച്ച് എത്തിക്കുക എന്നതും ആവശ്യമാണ്.
ഡിസംബർ 29ന് കൊച്ചിയിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള ചർച്ച നടന്നിരുന്നു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ തേതൃത്വത്തിലാണ് ചർച്ച നടന്നത്. അതേസമയം, ജനുവരി ആദ്യവാരം സമാധാന ചർച്ചകൾ വീണ്ടും നടക്കുമെന്നാണ് സഭാ വൃത്തങ്ങൾ നൽകുന്ന വിവരം.
ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ വസതിയിൽ നടന്ന ചർച്ചയിൽ ഓർത്തഡോക്സ് വിഭാഗത്തെ പ്രതിനിധീകരിച്ച് കണ്ടനാട് ഈസ്റ്റ് മെത്രാപ്പൊലീത്ത തോമസ് മാർ അത്തനാസിയോസും യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് കൊച്ചി മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും, മീഡിയാ സെൽ കൺവീനർ കുര്യാക്കോസ് മാർ തെയോഫിലോസും വൈദിക ട്രസ്റ്റി ഫാ. സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പയും, സഭാ ട്രസ്റ്റി പീറ്റർ കെ ഏലിയാസും അൽമായ ട്രസ്റ്റി ഷാജി ചുണ്ടയിലുമാണ് പങ്കെടുത്തത്. ചർച്ച സൗഹൃദപരമായിരുന്നു. യാക്കോബായ സഭ എപ്പോഴും സമാധാന ചർച്ചകൾക്കുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണെന്നുമാണ് യാക്കോബായ വിഭാഗം പ്രതികരിച്ചത്.
''സഭാ തർക്കം പരിഹരിക്കാനുള്ള മധ്യസ്ഥ ചർച്ചകൾ ഏറെ പ്രതീക്ഷ പകരുന്നതാണ്'' എന്ന് യാക്കോബായ സഭാ വൈദിക ട്രസ്റ്റി ഫാ.സ്ലീബാ പോൾ വട്ടവേലിൽ പറയുന്നു. ''അനുരഞ്ജന ചർച്ചകളിലൂടെ മാത്രമേ യാക്കോബായ- ഓർത്തഡോക്സ് തർക്കം പരിഹരിക്കാനാവുകയുള്ളു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സമാധാന ചർച്ചയ്ക്ക് ഏറെ പ്രധാന്യമുണ്ട്'' എന്ന് യാക്കോബായ സഭ മുൻ മുഖ്യവക്താവ് ഫാ.വർഗീസ് കല്ലാപ്പാറ പ്രതികരിച്ചു.
ഏതാനും വർഷം മുമ്പ് പാർത്രിയാർക്കീസ് ബാവ നേരിട്ട് ചർച്ചയ്ക്കെത്തിയെങ്കിലും ഓർത്തഡോക്സ് വിഭാഗം വിട്ടുനിന്നതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. ''കേസുകൾക്കും വ്യവഹാരങ്ങൾക്കും ഉപരിയായി സമാധാന ചർച്ചകളിലൂടെ തന്നെ സഭാ തർക്കത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ഇരുസഭകളിലെയും ജനങ്ങൾ ആഗ്രഹിക്കുന്നത്'', ഫാ. കല്ലാപ്പറ പറയുന്നു.അതേസമയം സഭാ തർക്കം പരിഹരിക്കാൻ ഔദ്യോഗികമായി ഓർത്തഡോക്സ് സഭ ചർച്ചകൾക്കു തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത ജസ്റ്റിസ് കെജി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതു വസ്തുതയാണെന്നുമാണ് ഓർത്തഡോക്സ് സഭ പിആർഒ ഫാ.ജോൺസ് എബ്രഹാം കോനാട്ട് നൽകുന്ന വിശദീകരണം.
യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കവുമായി ബന്ധപ്പെട്ട് അടുത്തിടെ കോതമംഗലത്തും പിറവത്തുമുണ്ടായ സംഭവങ്ങൾ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കട്ടച്ചിറ പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ദിവസങ്ങൾ നീണ്ടതും ഒടുവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു സംസ്കാരം നടത്തിയതും വിവാദവിഷയമായി. സഭാ തർക്കം മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇപ്പോഴത്തെ സമാധാന ചർച്ചകളുടെ തുടക്കമെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണെന്ന് സഭാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ