- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്ന് സന്നിധാനത്ത് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരായ കോടതി അലക്ഷ്യ ഹർജ്ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി; ഹർജിക്കാരുടെ ആവശ്യം തള്ളി; ഭരണഘടനാ ബഞ്ച് ഇടയ്ക്കിടെ ചേരാനാകില്ലെന്നും കോടതി; കൂടിയാലോചനകൾ നടത്താതെ നട അടച്ചതിൽ ദേവസ്വം ബോർഡ് തന്ത്രിയിൽ നിന്നും വിശദീകരണം തേടും
ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഭരണഘടനാ ബഞ്ച് ഇടയ്ക്കിടെ ചേരാനാകില്ലെന്ന് പറഞ്ഞ കോടതി ഹർജിക്കാരുടെ ആവശ്യം തള്ളി. അഭിഭാഷകരായ ഗീനാ കുമാരി, എവി വർഷ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവർമ രാജ എന്നിവർക്കെതിരേ എ.വി. വർഷയും ബിജെപി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ബിജെപി. നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരേ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസിനെ ചൂണ്ടിക്കാണിക്കുമെന്നും അവർ പറഞ്ഞിരുന്നത് ഇതാണ് നിരാകരിക്കപ്പെട്ടത്.
വിധിക്കെതിരായ പരാമർശങ്ങൾ ക്രിയാത്മകവിമർശനമാണെന്നു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജിക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രീംകോടതി രജിസ്ട്രിയിൽ നേരിട്ട് ഹർജികൾ ഫയൽ ചെയ്യുകയായിരുന്നു. അതിനിടെയാണ്, പുതിയ സാഹചര്യങ്ങൾകൂടി ചൂണ്ടിക്കാട്ടി ഹർജി ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നത്. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ 22-ന് തുറന്ന കോടതിയിൽ കേൾക്കാനിരിക്കുന്നതിനാൽ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതും മാറ്റുകയായിരുന്നു.
അതേസമയം ശബരിമലയിൽ സ്ത്രീകൾ പ്രവശിച്ചതിനെ തുടർന്ന് നടയടച്ച വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് വിശദീകരണം തേടും. ബോർഡിനോട് കൂടിയാലോചനകൾ നടക്കാതെ നടയടച്ചത് ഗുരുതര പിഴവാണെന്ന് വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട്.
സുപ്രീം കോടതി വിധിക്കെതിരായ സമീപനമാണ് തന്ത്രി സ്വീകരിച്ചത് എന്നും ബോർഡ് ആരോപിക്കുന്നു. വിശദീകരണം നൽകാൻ തന്ത്രിക്ക് നിശ്ചിത സമയം നൽകും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ യോഗം ചേർന്ന് ശക്തമായ നടപടി കൈക്കൊള്ളാനാണ് ബോർഡ് തീരുമാനം. ഇത് എന്ത് നടപടിയായിരിക്കും എന്ന കാര്യം വ്യക്തമല്ല. ദേവസ്വം മാന്വലിൽ ഇക്കാര്യം കൃത്യമായി പറയുന്നില്ല.
എന്നാൽ ശുദ്ധിക്രിയ അടക്കമുള്ള പരിഹാര ക്രിയകൾ ചെയ്യാൻ തന്ത്രിക്ക് അവകാശമുണ്ടെന്ന് തന്നെയാണ് ബോർഡ് നിലപാട്. ബോർഡിനോട് ചോദിക്കാതെ നടയടച്ചു എന്ന വിഷയത്തിൽ മാത്രമാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുവതീ പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് താൻ നടയടക്കാൻ പോവുകയാണ് എന്ന വിവരം പത്മകുമാറിനോട് തന്ത്രി പറഞ്ഞിരുന്നു. എന്നാൽ മറ്റ് ബോർഡ് അംഗങ്ങളോട് ഇക്കാര്യം സംസാരിച്ച ശേഷം തീരുമാനിക്കാം എന്നായിരുന്നു പത്മകുമാറിന്റെ നിലപാട്.