കോട്ടയം: നവോത്ഥാനത്തിന് കേരളമാകെ മതിൽ കെട്ടിയതും ഈ പാവങ്ങളുടെ കണ്ണീരൊപ്പുന്നില്ല. സാമൂഹിക നീതിക്ക് വേണ്ടി മതിലിൽ അണിനിരന്ന സാമൂഹിക പ്രവർത്തകരും ഇവരുടെ കണ്ണീരൊപ്പുന്നില്ല. അങ്ങനെ പത്താമുട്ടത്തെ ദുരിതം അറുതിയില്ലാതെ തുടരുകയാണ്. ഡിവൈഎഫ്‌ഐ ആക്രമണമുണ്ടായ പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ സംഘർഷാവസ്ഥ ഇപ്പോഴുമുണ്ട്. ഇന്നലെ വൈകിട്ടു കോടതി വിലക്കു മറികടന്നു പ്രധാന പ്രതി പള്ളി മുറ്റത്തെത്തി. 3 മാസത്തേക്കു പനച്ചിക്കാട് പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ മറികടന്നാണു പള്ളിക്കു മുന്നിൽ എത്തിയത്. അങ്ങനെ നവോത്ഥാനകാലത്ത് കോടതി വിധിയേയും മറികടന്ന് അക്രമികൾ വാഴുകയാണ് പത്താമുട്ടത്ത്. പൊലീസിനും ഈ പ്രശ്‌നത്തിന് പരിഹാരമില്ല.

ഡിസംബർ 23ന് രാത്രി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കാരൾ സംഘത്തെയാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചത്. പള്ളിക്കു നേരെയും ആക്രമണമുണ്ടായി. സിപിഎമ്മും ഡിവൈഎഫ്‌ഐയും ഏർപ്പെടുത്തിയ ഊരുവിലക്കു പ്രദേശത്തു തുടരുകയാണ്. ആക്രമിക്കപ്പെട്ടവരിൽ 6 കുടുംബത്തിൽപ്പെട്ട 25 പേർ ഇപ്പോഴും പള്ളിയിലുണ്ട്. ഇവരെ കാണാൻ ഇന്നലെയെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസ് നേതാക്കന്മാരെയും ഒരു വിഭാഗം തടയാൻ ശ്രമിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെ ആക്രമിക്കുകയും പള്ളി അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 7 ഡിവൈഎഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അവർക്ക് അടുത്ത ദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. നിസ്സാര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തതിനാലാണ് ജാമ്യം ലഭിച്ചത്ു. കേസിൽ 5 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല.

ശുചിമുറി പോലുമില്ലാത്ത പള്ളിക്കുള്ളിൽ നിസ്സഹായരായി 12 പെൺകുട്ടികൾ കഴിയുമ്പോൾ നീതി ഉറപ്പാക്കാൻ പൊലീസിനും കഴിയുന്നില്ല. മുൻകതകു പോലുമില്ലാത്ത, നിർമ്മാണം നടക്കുന്ന പള്ളിക്കുള്ളിൽ 12 പെൺകുട്ടികൾ ദുരിത ജീവിതമാണ് കഴിയുന്നത്. പാത്താമുട്ടത്ത് ആക്രമണത്തിനിരയായി പള്ളിയിൽ കഴിയുന്ന 6 കുടുംബങ്ങളിൽപെട്ടവരാണ് കൈക്കുഞ്ഞുങ്ങൾ മുതൽ ഡിഗ്രി വിദ്യാർത്ഥികൾ വരെയുള്ള ഈ കുട്ടികൾ. ആക്രമണം നടന്ന പള്ളിക്കുള്ളിൽ ഒരു സുരക്ഷയുമില്ലാതെ ഭീതിയിൽ കഴിയുകയാണ് ഇവർ. ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ അടിസ്ഥാന ആവശ്യങ്ങൾക്കു പോലും പുറത്തിറങ്ങാനാവുന്നില്ല. പള്ളിയിൽ ശുചിമുറികളില്ല. പ്രാഥമികാവശ്യങ്ങൾക്കായി അടുത്ത വീടുകളിലേക്കു പോകാൻ പോലും ഭയമാണ്. ഏത് സമയവും അക്രമം നടക്കാവുന്ന അവസ്ഥ.

വസ്ത്രങ്ങളെടുക്കാനായി തനിച്ച് വീട്ടിലേക്കു പോകുന്നതിനിടെ അക്രമികളുടെ സംഘം തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യമിയ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യമിയ പള്ളിക്കത്തോട് കിറ്റ്‌സ് എൻജിനീയറിങ് കോളജിൽ ബിടെക് വിദ്യാർത്ഥിയാണ്. സ്‌കൂൾ തുറന്ന് ദിവസങ്ങളായിട്ടും വിദ്യാർത്ഥികൾക്കൊന്നും സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. ഭീതിയുള്ളതിനാൽ മക്കളെ സ്‌കൂളുകളിലേക്കു വിടാൻ മാതാപിതാക്കളും ഒരുക്കമല്ല. അങ്ങനെ തീർത്തും ഒറ്റപ്പെടൽ. ക്രിസ്മസ് കാരളുമായി പോകുമ്പോൾ ഡിവൈഎഫ്ഐ സംഘത്തിന്റെ ആക്രമണത്തിന് ഇരകളായ ആറു കുടുംബങ്ങളിലെ 25 പേരാണ് കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ അഭയം തേടിയത്. സിപിഎം പിന്തുണയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രഖ്യാപിച്ച ഊരുവിലക്കിലാണ് ഈ കുടുംബങ്ങൾ.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാരൾ സംഘത്തിനു നേരെ 23ന് രാത്രിയാണ് ആക്രമണമുണ്ടായത്. കാരൾ സംഘം രക്ഷപ്പെടാനായി കയറിയ പള്ളിക്കു നേരെയും ആക്രമണമുണ്ടായി. 7 യുവാക്കൾ അറസ്റ്റിലായെങ്കിലും എല്ലാവരും ജാമ്യം കിട്ടി പുറത്തിറങ്ങി. ഇതോടെ ഭീഷണി കൂടിയെന്ന് പള്ളിയിൽ താമസിക്കുന്നവർ പറയുന്നു. പള്ളിയുടെ പുറത്തിറങ്ങിയാൽ റോഡിൽ വച്ചു ഭീഷണിപ്പെടുത്തുന്നു. പള്ളിയിലേക്കു വരുന്ന ഓരോ വാഹനങ്ങളും നിരീക്ഷിക്കുന്നുണ്ട്. പരുക്കേറ്റവരെ പള്ളിയിൽ സന്ദർശിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വരെ സിപിഎം പ്രവർത്തകർ തടഞ്ഞു നിർത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും തടഞ്ഞു. പള്ളിയിൽ കഴിയുന്നവരുടെ സുരക്ഷയ്ക്കായി രണ്ടു പൊലീസുകാർ കാവലുണ്ട്.

ഒറ്റപ്പെട്ട കുന്നിനു മുകളിലാണ് പള്ളി. ഇവിടേക്ക് ഒറ്റയടിപ്പാത മാത്രമേയുള്ളൂ. അതടച്ചാൽ പിന്നെ പള്ളിയിൽ കഴിയുന്നവർക്ക് പുറത്തിറങ്ങാനും വഴിയില്ല. പള്ളിയിൽ അഭയം തേടിയിരിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അവർക്ക് വീടുകളിലേക്ക് മടങ്ങാൻ സാഹചര്യം ഒരുക്കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷൻ കേരളത്തിലെ ചീഫ് സെക്രട്ടറിക്കും ഡി ജി പിക്കും കോട്ടയം ജില്ലാ കലക്ടർക്കും എസ് പിക്കും നിർദ്ദേശം നൽകിയെങ്കിലും അതും ഫലം കണ്ടില്ല.

പാത്താമുട്ടം പള്ളിയിൽ നടന്നത് അധികാരത്തിന്റെ ധാർഷ്ട്യമെന്ന് ഇരയാക്കപ്പെട്ടവരെ സന്ദർശിച്ച കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജനുവരി നാലിന് എസ്‌പി ഓഫീസിലേക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.